‘തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്’; സോഷ്യൽ ആദായക്കച്ചവടം: ട്രോൾ

സമൂഹമാധ്യമങ്ങളിലും മലയാളത്തിലെ ചെറുതും വലുതുമായ ഓൺലൈൻ ന്യൂസ് പേജുകളുടെ കമന്റ് ബോക്സുകളിലും അടുത്തിടെയായി ‘വമ്പിച്ച ആദായവിൽപ്പനക്കാരുടെ’ പ്രളയമാണ്. ഇതിനൊപ്പം ഉണ്ടംപ്പൊരി ഉണ്ടാക്കുന്ന വിധം പഠിപ്പിക്കുന്ന പാചക വിദഗ്ധരെയും കാണാം. അടുത്തിടെയായി പ്രധാന കച്ചവടം ഡിനോസർ കുഞ്ഞുങ്ങളും ഡ്രാഗൺ കുഞ്ഞുങ്ങളുമാണ്. തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞുങ്ങളെ വിൽക്കാനുണ്ടെന്ന വാചകത്തിന് താഴെ ഫോൺ നമ്പർ സഹിതം പങ്കുവച്ചാണ് കച്ചവടം പൊളിപൊളിക്കുന്നത്. രാഷ്ട്രീയ സംഭവങ്ങൾ അടക്കം പലതിനോടുമുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളായാണ് ഇത്തരം രസകരമായ ആശയങ്ങൾ. ഇത്തരം  കമന്റ് വായിച്ച് ചിരിക്കാൻ എത്തുന്നവരും ഇക്കൂട്ടത്തിലേറയാണ്.

ആരാണ് ഡ്രാഗണ്‍ കുഞ്ഞുങ്ങൾ?

സിനിമകളിലൂടെയും ഗെയിം ഓഫ് ത്രോണ്‍സ് വെബ് സീരീസിലൂടെയും ഡ്രാഗണുകൾ പരിചിതമാണ്. പ്രോത്യസെന്നും ഓംസ് എന്നും അറിയപ്പെടുന്ന ഒരുതരം ജലജീവികളെ വിളിക്കുന്ന പേരാണ് യഥാര്‍ത്ഥത്തില്‍ ബേബി ഡ്രാഗണ്‍ എന്നത്. പിങ്ക് നിറവും നീണ്ട ശരീരവും നാല് കാലുകളുമുള്ള ഇവയ്ക്ക് കാഴ്ചശക്തിയില്ല. തെക്കന്‍ യൂറോപ്പിലെ കാഴ്സ്റ്റ് മേഖലയിലെ ജലത്തിനടിയിലാണ് ഓംസ് ജീവിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് 14 സെന്റി മീറ്റര്‍ നീളമുണ്ടാവും. 30 സെ.മീ ആണ് പൂര്‍ണ വളര്‍ച്ചയെത്തിയ ജീവിയുടെ നീളം. ഭക്ഷണമില്ലാതെ എട്ട് വര്‍ഷം വരെ ജീവിക്കുന്ന ഇവയുടെ ജീവിത ദൈര്‍ഘ്യം നൂറുവര്‍ഷമാണ്.

ചില വിൽപ്പനക്കാരെ പരിചയപ്പെടാം

∙ മിന്നാ മിന്നി കുഞ്ഞുങ്ങൾ ഉടനെ വിൽപ്പനയ്ക്ക് എത്തുന്നു.കറന്റ് ബില്ല് കുറക്കാൻ കഴിയും വിവിധതരം വാട്ട്സിൽ ലഭ്യമാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.ചെലത് കത്തും ചെലത് കത്തൂല.

∙ ചെറിയ രീതിയിൽ തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണം ചെറുത് മതി സിഗരറ്റ് കത്തിക്കാൻ വേണ്ടിയാണ്

∙  നാടൻ ദിനോസർ  വിൽപ്പനക്ക്. നല്ല ആരോഗ്യവും ഇണക്കവും ഉള്ള നാടൻ ദിനോസർ കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ വിൽപ്പനക്ക്, പൂപ്പിൽ തടി പിടിക്കാനും പുറത്തു കയറി സഞ്ചരിക്കാനും എല്ലാം ഉപയോഗിക്കാം. ജുറാസിക് പാർക്കിൽ നിന്നും മേടിച്ച ഈ കുഞ്ഞുങ്ങൾക്ക് വെറും 99999 രൂപ മാത്രം.

∙  ന്യൂസ്‌ വായിക്കണം, ഉണ്ടംപൊരി തിന്നണം,പഴം പഴുപ്പിക്കണം, ഒരു ദിനോസാറിനേം വാങ്ങി വീട്ടിൽ പോണം.. 

∙ കഴിഞ്ഞ ആഴ്ച ഈ പേജിൽ വച്ചു വാങ്ങിയ ഡ്രാഗൺ കുഞ്ഞുങ്ങൾ പറക്കുന്നില്ല.... വില്‍ക്കുന്നവര്‍ ശ്രദ്ധിക്കുക 

പല ട്രോൾ പേജുകളിലും ഇത്തരം കമന്റുകൾ ട്രോൾ ആശയങ്ങൾക്ക് വഴിമാറുന്നുണ്ട്.