അന്ന് കുമ്പളങ്ങിയിലെ ഷമ്മി, ഇന്ന് 'റാംപേജി'ൽ കൈവച്ചു; വീണ്ടും വൈറലായി സാജിത്ത്

കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി എന്ന കഥാപാത്രത്തെ അത്ര പെട്ടെന്നു മറക്കാനാകില്ല. ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ പ്രശസ്തി നേടിയ മറ്റൊരു നടനും കൂടിയുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിയും വിഷ്വൽ ഇഫക്സ് എഡിറ്ററും നടനും കൂടിയായ സാജിത്ത് ഖാൻ. സിനിമയിലെ ഷമ്മിയ്ക്കു പകരം ക്രോമ ടെക്നിക്കിലൂടെ സ്വന്തം രൂപം ഒട്ടിച്ചു ചേർത്ത് ഷമ്മിയായി അഭിനയിച്ച രംഗം സോഷ്യൽമീഡിയയിൽ ഹിറ്റായി ഓടിയിരുന്നു.

ജന്മദിനത്തിൽ പുതിയൊരു വിഡിയോയുമായി വന്നിരിക്കയാണ് സാജിത്ത് ഇപ്പോൾ. ബ്രാഡ് പെയ്റ്റണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ റാംപേജ് എന്ന അഡ്വഞ്ചർ ചിത്രത്തിലാണ് സജിത്ത് ഇക്കുറി കൈ കടത്തിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു അമേരിക്കൻ ആർമിയുടെ സ്പെഷ്യൽ ഫോഴ്സസ് ഉദ്യോഗസ്ഥനും പ്രിമറ്റോളജിസ്റ്റുമായ ഡേവിസ് ഒക്കോയേ. ആ കഥാപാത്രത്തെ അവതരിപ്പിച്ച ഡ്വേയ്ൻ ജോൺസണിനു പകരം തന്നെ ചേർത്തിരിക്കുകയാണ് സജിത്ത്.