അതിജീവനസന്തോഷം ആല്‍ബത്തിലാക്കി; താരമായി ജയകൃഷ്ണനും സംഘവും

ദുരിതകാലത്ത് ഒരുപാട് നന്മയുള്ള കാഴചകൾ മുന്നിലെത്താറുണ്ട്. കൊറോണയും ലോക്ഡൗണും ദുരിതങ്ങളുമൊക്കെയായപ്പോഴും നന്മക്കാഴ്ചയ്ക്ക് കുറവൊന്നുമില്ല. ലോകം മുഴുവൻ മഹാമാരിയെ ചെറുക്കാൻ വീടുകളിൽ ഒതുങ്ങിയപ്പോൾ, വീടിനുള്ളിൽ ഒതുങ്ങിക്കൊണ്ട് തന്നെ മറ്റുള്ളവരുടെ മനസ്സിൽ സാന്ത്വനം പകരുകയാണ് ജെ കൃഷ് എന്ന പേരിലറിയപ്പെടുന്ന ജയകൃഷ്ണൻ. 

സീറോ ബജറ്റിൽ ഒരു ആൽബം, അതും ഇന്നത്തെ കാലത്ത് ചിന്തിക്കാൻ പോലും പറ്റില്ല. എന്നാൽ മഹാമാരിക്കിടയിൽ ലോക് ഡൗണിനിടയിൽ വെറും മൂന്ന് പേരുടെ സഹായത്തോടെ ജയകൃഷ്ണൻ ഒരുക്കിയിരിക്കുന്നത് കൊറോണയെ പ്രതിരോധിക്കുന്ന ഹിപ്പ്ഹോപ്പ് റാംപ് സംഗീതമാണ്. വീട്ടിലിരുന്ന് കോവിഡ് പ്രതിരോധത്തിൽ എങ്ങനെ പങ്കാളിയാകാം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ജയകൃഷ്ണൻ കാണിച്ചുതരുന്നത്. ലോക് ഡൗൺ വിരസ്സതയുടെ കണ്ണിപ്പൊട്ടിച്ച് ജയകൃഷ്ണന്‍റെ വരികൾ അങ്ങനെ കേരളം അറിഞ്ഞു.

കേരളത്തിന്‍റെ ചെറുത്തുനിൽപ്പിനെ പ്രകീർത്തിച്ചുക്കൊണ്ട് സംഗീതവിരുന്നാണ് ജയകൃഷ്ണൻ ഒരുക്കിയത്. നിപ്പ, പ്രളയം, ഓഖി തുടങ്ങിയ മഹാമാരികളെ തുരത്തിയത് പോലെ മലയാളികൾ ഒറ്റക്കെട്ടായി കോവിഡിനെയും തുരുത്തും എന്ന പ്രതീക്ഷയാണ് സംഗീത ആൽബത്തിലൂടെ ഇദ്ദേഹം പങ്കുവെക്കുന്നത്. കേരളം ലോകത്തിന് മാതൃകയാണ്. ഇവിടത്തെ ‍സാധാരണക്കാർ മുതൽ മഹാമാരിയെ തുരത്താൻ ഇറങ്ങിത്തിരിച്ച ഡോക്ടർമാർ പൊലീസുകാർ തുടങ്ങി എല്ലാവരും ലോകത്തിന് മാതൃകയാണ്. ഈ മാതൃകയാണ് താൻ പാട്ടിലൂടെ കൊണ്ടുവരാൻ ശ്രമിച്ചതെന്ന് ജയകൃഷ്ണൻ പറയുന്നു. 'മലയാളി മാതൃക' എന്ന് പേരിട്ടിരിക്കുന്ന ആൽബം ഇതിനിടയിൽ നിരവധി പേരാണ് യുട്യൂബിലൂടെ കണ്ടത്.

ലോക് ഡൗണിൽ വീട്ടിലിരുന്നുക്കൊണ്ട് തന്നെയാണ് ജയകൃഷ്ണൻ ആൽബം തയാറാക്കിയത്. സ്വന്തം വീടിന്റെ ടെറസ്സാണ് ഇതിനായി തിരഞ്ഞെടുത്തത്. ഒരു രാത്രിയിലെ രണ്ടോ മൂന്നോ മണിക്കൂറാണ് ജയകൃഷ്ണൻ വരികൾ എഴുതി തീർക്കാൻ എടുത്തത്. പിന്നെ സ്വയം കംപോസ് ചെയ്തു, പാടി. ശബ്ദമിശ്രണം ചെയ്ത ജോനാദൻ ജോസഫ്, വിഡിയോ ചെയ്ത സുമേഷ് ടി സുധാകരൻ, വിഡിയോ എഡിറ്റ് ചെയ്ത ടോണി ജേക്കബ് എന്നിവരാണ് ആൽബത്തിനായി ജയകൃഷ്ണന്‍റെ സഹായികൾ. നടൻ സലീം കുമാറാണ് ആൽബം പുറത്തിറക്കിയത്. 

ആകാശമിഠായി, കാതൽ ഇരുന്തേൻ, ഭയ്യാ ഭയ്യാ തുടങ്ങി ചില സിനികളിൽ റാപ്പ് വരികൾ ഒരുക്കി പാടിയിട്ടുണ്ട് ജയകൃഷ്ണൻ. റാംപ് ഹിപ്പ്ഹോപ്പ് ഗാനങ്ങളിൽ തൻറേതായ ശബ്ദമുദ്ര പതിപ്പിക്കാൻ ശ്രമിക്കുന്ന ഇദ്ദേഹം വരാനിരിക്കുന്ന ആൽബത്തിന്‍റെ പണിപ്പുരകളിലാണ്. മിനി കൂപ്പറിന്‍റെ കേരളത്തിലെ മാർക്കറ്റിങ് മാനേജറാണ് ജയകൃഷ്ണൻ