ഇലകളെ കാന്‍വാസുകളാക്കി തളിപ്പറമ്പ് സ്വദേശി ജിഷ്ണു; ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍

ഇലകളെ കാന്‍വാസുകളാക്കി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ജിഷ്ണു. ഏത് ഇലകളിലും ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ ഈ കലാകാരന്‍ വരയ്ക്കും. ചലച്ചിത്ര താരങ്ങളടക്കമുള്ളവരുടെ ചിത്രങ്ങളും ജിഷ്ണു ഇലകളില്‍ തയ്യാറാക്കിയിട്ടുണ്ട്.

നാലുവര്‍ഷം മുമ്പാണ് ഈ യുവാവ് ഇലകളെ കാന്‍വാസുകളാക്കി തുടങ്ങിയത്. ഇല ചിത്രങ്ങളെക്കുറിച്ചുള്ള ചില ലേഖനങ്ങളായിരുന്നു പ്രചോദനം. ആലില,മഹാഗണി,മന്ദാരം, ആഞ്ഞിലി എന്നിങ്ങനെ വിവിധ ഇലകളിലാണ് ജിഷ്ണുവിന്റെ പരീക്ഷണങ്ങള്‍. ഇലകളില്‍ ചിത്രങ്ങള്‍ ഒരുക്കുക എന്നത് അത്ര എളുപ്പമല്ല. ഏറെ ശ്രദ്ധവേണം. ഉണങ്ങിയ ഇലകള്‍ വെള്ളത്തിലിട്ട് പേപ്പര്‍ കനത്തില്‍ ആക്കിയശേഷം ആദ്യം പേനകൊണ്ട് ചിത്രം വരയ്ക്കും. പിന്നീട് സൂഷ്മതയോടെ മുറിച്ചെടുക്കും. പ്രകാശത്തിനുനേരേ പിടിച്ചാല്‍ ചിത്രങ്ങള്‍ അതിന്റെ തനിമ നഷ്ടപ്പെടാതെ ആസ്വദിക്കാം. 

കൂടുതല്‍ നാള്‍ കേടുകൂടാതിരിക്കുമെന്നതുകൊണ്ടു തന്നെ ആഞ്ഞിലിയിലയില്‍ ചിത്രങ്ങള്‍ ഒരുക്കാനാണ് ജിഷ്ണുവിന് താല്‍പര്യം. ഇലയില്‍ തയ്യാറാക്കുന്ന ചിത്രങ്ങള്‍ ഫ്രെയിം ചെയ്ത് സൂക്ഷിക്കുന്നു. ഫോട്ടോ നല്‍കിയാല്‍ ഏതുമുഖവും ജിഷ്ണു ഇലയില്‍ വരച്ചു നല്‍കും. ഈ കഴിവ് കേട്ടറിഞ്ഞ് ഇല ചിത്രങ്ങള്‍ തയ്യാറാക്കാന്‍ ആവശ്യക്കാര്‍ ഏറെ എത്തുന്നു. വിവാഹമുള്‍പ്പെടെയുള്ള വിവിധ ആഘോഷവേളകളില്‍ സമ്മാനമായി നല്‍കുന്നതിനാണ് ജിഷ്ണുവിന്റെ ചിത്രങ്ങള്‍ തേടിയെത്തുന്നത്.