പാവങ്ങള്‍ക്ക് ഒരേക്കര്‍ നല്‍കി അബ്ദുല്ലയുടെ മധുരമായ ‘കടംവീട്ടല്‍’: മഹാനന്‍മ

പാവങ്ങളോടുള്ള സ്നേഹം അളന്നുനല്‍കാന്‍ പറഞ്ഞാല്‍, അബ്ദുല്ലയ്ക്ക് അത് ഒരേക്കറാണ്. ഒരുസെന്റ് ഭൂമി പോലും സ്വന്തമായി ഇല്ലാതിരുന്നൊരു ഭൂതകാലത്തില്‍നിന്നാണ് അബ്ദുല്ലയുടെ ദാനം. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനിലേക്ക് അബ്ദുല്ല നല്‍കുന്നത് സൗജന്യമായി ഒരേക്കര്‍ സ്ഥലമാണ്\

അരനൂറ്റാണ്ട് മുന്‍പ് കപ്പലണ്ടി കടയില്‍ ജോലിക്കായി എത്തിയതാണ് അബ്ദുല്ല. ചുടുചട്ടിയില്‍ ജീവിതവും വെന്തുവന്നു. അങ്ങിനെയാണ് തമിഴ്നാട് പുളിയന്‍കുടിക്കാരന്‍ കൊല്ലം കടയ്ക്കലുകാരനാകുന്നത്. ഉന്തുവണ്ടി വാങ്ങി സ്വന്തമായി കപ്പലണ്ടി കച്ചവടം നടത്തി. ചക്രം കറങ്ങികറങ്ങി കടയ്ക്കല്‍ ജംക്്ഷനില്‍ സ്റ്റേഷനറിക്കടയായി. ഈ നാട്ടില്‍ വീടുവാങ്ങി സ്ഥിര താമസമാക്കി. കുട്ടികളുടെ വിദ്യാഭ്യാസവും വിവാഹവും ഉള്‍പ്പടെ ഉത്തരവാദിത്തങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി. അബ്ദുള്ളയ്ക്ക് ജീവിതം നല്‍കിയത് ഈ നാടാണ്. തിരിച്ചെന്തെങ്കിലും ചെയ്യണമെന്ന് വലിയ ആഗ്രഹം. അങ്ങിനയാണ് ലക്ഷങ്ങള്‍ മുടക്കി ഒരേക്കര്‍ സ്ഥലം വാങ്ങിയത്.

സ്ഥലത്തിന്റെ രേഖകള്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പഞ്ചായത്തിന് കൈമാറും. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത 125 കുടുംബങ്ങളാണ് കടയ്ക്കല്‍ പഞ്ചായത്തിലുള്ളത്. ഇതില്‍ 87 കുടുംബങ്ങള്‍ക്കായി അബുദുല്ല നല്‍കിയ സ്ഥലത്ത് ഫ്ലാറ്റ് സമുച്ചയം പണിയാനാണ് ഉദ്ദേശിക്കുന്നത്.