ഞാനും ജെറിനും അജ്മാനിൽ തന്നെ; ഒളിവിലല്ല: വെളിപ്പെടുത്തി നടി പ്രസില്ല

ഞാനും ജെറിനും അജ്മാനിൽ തന്നെയുണ്ട്; ഒളിച്ചു കഴിയേണ്ട ആവശ്യമില്ല– മലയാള ടെലിവിഷൻ സീരിയൽ നടിയും യുഎഇയിലെ അജ്മാനിൽ താമസിക്കുന്നയാളുമായ പ്രസില്ല ജെറിൻ എന്ന അശ്വതി. പ്രസില്ലയും ഭർത്താവ് ജെറിനും ഒളിവിൽ കഴിയുകയാണെന്ന് ഇവരുടെ കമ്പനിയിലെ മുൻ ജീവനക്കാരനും അയൽക്കാരനും സുഹൃത്തുമായ രാജേഷ് ബാബു ചില ഒാൺലൈൻ മാധ്യമങ്ങൾ(മനോരമ ഒാൺലൈനല്ല) വഴി പ്രചാരണം നടത്തുന്നതിനെ തുടർന്നായിരുന്നു വിശദീകരണം.

''ഞാനുമായി ബന്ധപ്പെട്ട ഒരു വ്യാജ വാർത്ത ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തീർത്തും അടിസ്ഥാനരഹിതമായ വാർത്തയാണിത്‌. ഞാനും ഭർത്താവും യുഎഇയുടെ നിയമത്തിൽ നിന്നുകൊണ്ട്‌ ബിസിനസ്‌ നടത്തുന്ന ആളുകളാണ്.  എന്നെയും അദ്ദേഹത്തെയും വ്യക്തിപരമായി ആക്ഷേപിക്കുന്നതാണ്  വാർത്ത. ഞാനോ ഭർത്താവോ ഒളിവിൽ പോയിട്ടില്ല. ഇപ്പോഴും യുഎഇ യിൽ അജ്മാനിൽ താമസിക്കുന്നുണ്ട്‌. ആർക്കു വേണമെങ്കിലും എന്നെ എപ്പോൾ വേണമെങ്കിലും കാണാം വിളിക്കാം സംസാരിക്കാം''–പ്രസില്ല പറഞ്ഞു. 

കുങ്കുമപ്പൂവ് എന്ന സീരിയയിൽ അമല എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രശസ്തയായ പ്രസില്ല പിന്നീട് അൽഫോൺസാമ്മയെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ നടിയാണ്. പത്തനം തിട്ട സ്വദേശി ജെറിനെ വിവാഹം കഴിച്ചാണ് യുഎഇയിലെത്തിയത്. കഴിഞ്ഞ 10 വർഷമായി കുടുംബം അജ്മാനിലാണ് താമസം. മൂന്നു വർഷം മുൻപ് പ്രസില്ലയുടെ പേരിൽ ഇവർ അജ്മാൻ കേന്ദ്രീകരിച്ച് കെട്ടിട നിർമാണ കമ്പനി ആരംഭിച്ചു. മൂന്നു മാസം മുൻപ് ജെറിന്റെ ബാല്യകാല സുഹൃത്തും അയൽവാസിയുമായ രാജേഷ് ബാബു സെയിൽസ് മാനേജരായി കമ്പനിയിൽ ചേർന്നു. അടുത്തിടെ തനിക്ക് രണ്ട് മാസമായി ശമ്പളം നൽകിയിട്ടില്ലെന്ന് പറഞ്ഞ് രാജേഷ് ബാബു അജ്മാൻ ലേബർ കോടതിയിൽ പരാതി നൽകുകയായിരുന്നു. ഇതിനു ശേഷമാണ് ഒരു ഒാൺലൈൻ മാധ്യമത്തിൽ പ്രസില്ലയും ജെറിനും യുഎഇയിൽ ഒളിച്ചു താമസിക്കുന്നു എന്ന് പറഞ്ഞു വാർത്ത വന്നത്. 

എന്നാൽ, രണ്ടാഴ്ചയിലേറെ ഒാഫിസിൽ വരാത്തതിനെ തുടർന്ന് രാജേഷിനെ ജോലിയിൽ നിന്നു മാറ്റിയിരുന്നതായും ഇതിന്റെപ്രതികാരമായാണ് ദുഃഷ്പ്രചാരണം നടത്തുന്നതെന്നും പ്രസില്ല മനോരമ ഒാൺലൈനിനോട് പറഞ്ഞു. മാത്രമല്ല, രാജേഷ് ബാബു കമ്പനിക്ക് ചില ബാധ്യതകളും വരുത്തിവച്ചിരുന്നു. സെയിൽസ് മാനേജർ മാത്രമായിരുന്ന അയാൾ കമ്പനിയുടെ പാർട്ണറാണെന്നാണ് പറഞ്ഞു പരത്തുന്നത്. രാജേഷ് ബാബുവിന്റെ പരാതിയിൽ അജ്മാൻ കോടതി ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു എന്ന് പറയുന്നതും പച്ചക്കള്ളമാണ്. യുഎഇ തൊഴിൽ നിയമം അനുസരിച്ച് ലേബർ കോടതിയിൽ പരാതി നൽകിയാൽ അന്വേഷിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നല്ലാതെ ഒളിച്ചുകഴിയേണ്ടത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും പ്രസില്ല പറയുന്നു. താൻ യുഎഇയിൽ എല്ലായിടത്തും സഞ്ചരിക്കുന്നു. ഇടയ്ക്ക് ഒരു ഹ്രസ്വ ചിത്രത്തിലും അഭിനയിച്ചു. ഒളിച്ചു കഴിയുന്നു എന്നത് വലിയ തമാശയാണെന്നും പ്രസില്ല പറഞ്ഞു. വ്യാജ പ്രചാരണത്തിനെതിരെ അജ്മാൻ പൊലീസിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും ഇന്ന് പരാതി നൽകുമെന്നും വ്യക്തമാക്കി.

അതേസമയം, പ്രശ്നവുമായി ബന്ധപ്പെട്ട് രാജേഷ് ബാബുവിന് എന്താണ് പറയാനുള്ളതെന്നറിയാൻ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ഡ് ഒാഫാണ്.