അവളുടെ വിവാഹമാണ് എന്റെ സ്വപ്നം; നിശ്ചയത്തിന് പെങ്ങളെ കയ്യിലേന്തിയെത്തിയ ഹരി; വിഡിയോ

''ദൈവത്തിന് എന്റെ പെങ്ങളൂട്ടിയോട് അസൂയ തോന്നിക്കാണും. അല്ലെങ്കിൽ അവളെ ഇങ്ങനെ ഈ ഭൂമിയിലേക്ക് വിടില്ലല്ലോ''..... പറയുമ്പോൾ ഹരിപ്രസാദിന്റെ കണ്ണുകൾ ഈറനണിയുന്നുണ്ട്. വിധിയെന്നെ ദൈവനിശ്ചയമെന്നോ വിളിച്ചാലും 28 വയസായ സഹോദരി മീനൂട്ടിയെ ഒറ്റക്കാക്കാൻ ഹരി ഒരുക്കമല്ല. 

അരക്കു താഴേക്കു തളർന്ന സഹോദരിയെ സ്വന്തം വിവാഹനിശ്ചയത്തിന് എടുത്തുകൊണ്ടുപോകുന്ന വിഡിയോ സുഹൃത്തുക്കളിലാരോ ആണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ആ സഹോദര സ്നേഹം കണ്ട് വിഡിയോ കണ്ട പലരുടെയും കണ്ണു നിറഞ്ഞിട്ടുണ്ടാകണം. എട്ട് വർഷം മുൻപ് ഇവരുടെ അച്ഛൻ മരിച്ചു. പിന്നീടിങ്ങോട്ട് ഈ പെങ്ങളുടെ അച്ഛനും ചേട്ടനുമെല്ലാം ഹരിപ്രസാദാണ്. 

''എനിക്കു മുമ്പേ അവളുടെ വിവാഹം സ്വപ്നം കണ്ടവനാണ് ഞാൻ. പക്ഷേ ഇന്നും ഒരു കൊച്ചു കുഞ്ഞിനെ പോലെ അത്രമാത്രം വയ്യായ്കയും പേറിയാണ് അവൾ ജീവിക്കുന്നത്. അവളെ സ്നേഹിക്കുന്നതിന് തടസമായി ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് ഒരിക്കലും ഞാൻ കരുതിയതല്ല. ജീവിതം മുഴുവൻ മീനൂട്ടിക്കായി മാറ്റിവച്ചവനാണ് ഞാൻ. പക്ഷേ ഞാൻ മനസിൽ പോലും വിചാരിച്ചിട്ടില്ലാത്ത വിവാഹക്കാര്യം പണ്ടേക്കു പണ്ടേ അവൾ കുറിച്ചിട്ടിരുന്നു. ഞാനൊരു വിവാഹം കഴിക്കണം എന്നത് അവളുടെ സ്വപ്നമാണ്. എന്റെ ഇഷ്ടങ്ങൾക്ക് തടസമാകരുത് എന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ എന്റെ വിവാഹം അവളുടെ സ്വപ്നസാക്ഷാത്കാരമാണ്'', ഹരിപ്രസാജ് വനിത ഓണ്‍ലൈനോട് പറഞ്ഞു. 

''ജന്മനാ എന്റെ കുഞ്ഞിന് അരയ്ക്ക് താഴോട്ട് ജീവനില്ല. അതു കൊണ്ട് മാത്രം തീർന്നില്ല പരീക്ഷണം. അവളുടെ ഹൃദയ വാൽവിന് തകരാറുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. കേൾവി ശക്തിയില്ല, മുതുകിൽ നിന്ന് നീക്കം ചെയ്യാനാകാത്ത മുഴ, ഏതു സമയവും ചക്ര കസേരയിൽ. ഇരുപത്തിയെട്ടു വയസായി എന്റെ കുഞ്ഞിന്. ഇതു വരേയും ഇക്കണ്ട പരീക്ഷണങ്ങളിൽ നിന്ന് ഒരു മോചനം ദൈവം തന്നിട്ടില്ല. പലപ്പോഴും ഞാൻ ചിന്തിക്കും, അവളുടെ പ്രായത്തിലുള്ള പെൺകുട്ടികൾ എല്ലാവിധ അനുഗ്രഹങ്ങളോടെയും ഈ മണ്ണിൽ ജീവിക്കുമ്പോൾ എന്റെ പെങ്ങൾ മാത്രം...'', വാക്കുകൾ പൂർത്തിയാനാകുന്നില്ല ഹരിക്ക്. 

പ്രാഥമിക ആവശ്യങ്ങൾക്കു പോലും മറ്റുള്ളളരുടെ സഹായം തേടേണം മീനുവിന്. പക്ഷേ, നാളിതുവരെയും ഹരിയും അമ്മയും അവളെ ആ ബുദ്ധിമുട്ട് അറിയിച്ചിട്ടേയില്ല. കൊച്ചുകുഞ്ഞിനെ നോക്കുംപേലെയാണ് പരിചരണം. അവൾക്കാഗ്രഹമുള്ളിടത്തേക്കെല്ലാം ‌കൊണ്ടു പോകും. ''അവളെ താങ്ങി ഈ ലോകം ചുറ്റാനുള്ള എനർജി കൂടി ദൈവം എനിക്ക് തന്നിട്ടുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അവളെനിക്കെന്റെ ശരീരഭാഗം പോലെയാണ്. അവയവങ്ങൾ നമുക്കൊരു ഭാരമായി തോന്നാറില്ലല്ലോ, അതു പോലാണ് എനിക്കെന്റെ പെങ്ങളൂട്ടിയും. പിന്നെ ഞാൻ അവളേയും എടുത്തു കൊണ്ടു പോകുമ്പോൾ സഹതാപ കണ്ണെറിയുന്ന ചിലരുണ്ട്. അവരോടൊക്കെ പുച്ഛം മാത്രം. എന്റെ പെങ്ങളെനിക്ക് ഭാരമല്ല. പ്രാണനാണ്''. ഹരി പറയുന്നു.... 

തിരുവനന്തപുരം സ്വദേശിയായ ഹരി ഡ്രൈവറാണ്. അമ്മ അടുത്തുള്ള ക്ഷേത്രത്തിൽ ജോലിക്കു പോകുന്നുണ്ട്. സ്വന്തമായി അടച്ചുറപ്പുള്ളൊരു വീട് ഇവരുടെ സ്വപ്നമാണ്, ഒപ്പം മീനുട്ടീയുടെ ഇഷ്ടങ്ങൾ സാധിക്കുക എന്നതും... 

https://www.vanitha.in