വെള്ള കുതിരപ്പുറത്തേറി അസ്ഥികൾ പൂജിക്കുന്ന മലയിൽ കിം; ആ തീരുമാനം കാത്ത് ലോകം

മഞ്ഞുതിർന്നുവീണു കിടക്കുന്ന പെക്ടു പർവത നിരകളിലൂടെ വെളുത്ത കുതിരപ്പുറത്തേറി സഞ്ചരിക്കുന്ന ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പുറത്തുവിട്ട ഈ തൂവെള്ളച്ചിത്രത്തിനു പിന്നിൽ ‍‍ചെഞ്ചോരയുടെ മണമില്ലേയെന്നാണു രാജ്യാന്തര നിരീക്ഷകർ സംശയിക്കുന്നത്. ചോരചിന്തുന്ന യുദ്ധത്തിലേക്കു മേഖലയെ നയിക്കുന്ന ഒരു തീരുമാനമെടുക്കാനാണു കിമ്മിന്റെ ആ യാത്രയെന്നും അവർ ആശങ്കപ്പെടുന്നു. അതിനൊരു വ്യക്തമായ കാരണവുമുണ്ട്.

കൊറിയൻ സാമ്രാജ്യം സ്ഥാപിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ഡാൻഗുനിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് പെക്ടു മലനിരകളിലാണ്. ഉത്തരകൊറിയൻ ജനത ഏറെ പവിത്രമായി കരുതുന്ന പ്രദേശം. രാജ്യത്തിന്റെ ഭാവി സംബന്ധിച്ച നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനു തൊട്ടുമുൻപാണ് സാധാരണയായി ഉത്തര കൊറിയൻ ഭരണാധികാരികൾ ഇവിടെ സന്ദർശനം നടത്തുക. കൊറിയൻ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള തീരുമാനമാണ് ഈ യാത്രയിലുണ്ടായിരിക്കുന്നതെന്നാണ് കെസിഎൻഎ വ്യക്തമാക്കുന്നത്. ലോകത്തെ അദ്ഭുതപ്പെടുത്തുന്ന ഒരു ‘വലിയ ഓപറേഷൻ’ വീണ്ടും ഉണ്ടാകും. കൊറിയയെ ഒരു പടി മുന്നോട്ടു നയിക്കുന്ന നീക്കമായിരിക്കും അതെന്നും വാർത്താ ഏജൻസി വ്യക്തമാക്കുന്നു.

ഉത്തര–ദക്ഷിണ കൊറിയകളുടെ ഐക്യത്തിനു വേണ്ടി വാദിക്കുന്നവർക്കുള്ള ഏറ്റവും വലിയ പിടിവള്ളിയാണ് ആ കുടീരത്തിലുറങ്ങുന്നത്. ഡാൻഗുൻ രാജാവിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും അസ്ഥിയാണു കുടീരത്തിൽ സൂക്ഷിച്ചിരിക്കുന്നത്. ഉത്തര കൊറിയ അതീവ സുരക്ഷയോടെ, പവിത്രമായി സൂക്ഷിക്കുന്ന മേഖല കൂടിയാണിത്. ഡാൻഗുൻ രാജാവിന്റെ ജന്മദിനമായി ആഘോഷിക്കുന്ന ഒക്ടോബർ മൂന്നിന് ഇരുകൊറിയകളിലെയും സ്കൂളുകൾക്ക് ഉൾപ്പെടെ അവധിയാണ്. ‘സ്വർഗീയ ദിനത്തിന്റെ ആരംഭം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആ ദിവസം ഇരുരാജ്യങ്ങളിലും വിവിധ ആരാധനാലയങ്ങളിലും ഡാൻഗുൻ രാജാവിനു വേണ്ടി പ്രത്യേക പൂജകൾ നടത്തും.