വിവാഹവേദിയിലേക്ക് കൈ പിടിക്കാന്‍ അച്ഛനില്ല; ഒരു മകള്‍ ചെയ്തത്: ആനന്ദക്കണ്ണീര്‍

മരണപ്പെട്ട അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ മകൾ ചെയ്തത് ഏവരുടേയും കണ്ണ് നിറയ്ക്കും. മകളുടെ വിവാഹം കാണാണമെന്ന് അച്ഛൻ മൈക്ക് ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ വിവാഹത്തിന് നാലു മാസം മുൻപ്  കാന്‍സർ മൂലം മൈക്ക് മരിച്ചു.‌

വിവാഹവേദിയിലേക്ക് മകളെ കൂട്ടികൊണ്ടു വരേണ്ടത് അച്ഛനാണ്. അച്ഛന്റെ അസാന്നിധ്യം ഷാർലറ്റിനെ വളരെയധികം വേദനിപ്പിച്ചു. ഇതോടെ അച്ഛന്റെ ചാരം ഉൾപ്പെടുത്തി വെപ്പു നഖം നിർമിക്കാമെന്ന് ബന്ധുവും നെയിൽ ആർടിസ്റ്റുമായ കിർസ്റ്റിയാണ് ഷാർലെറ്റിനോടു പറയുന്നത്.  ഇംഗ്ലണ്ട് സ്വദേശിയായ ഷാർലെറ്റ് വാൾട്ടൺ എന്ന പെൺകുട്ടിയാണ്, വിവാഹദിനത്തിൽ അച്ഛന്റെ സാന്നിധ്യം അനുഭവപ്പെടാന്‍ വെപ്പു നഖത്തിൽ ചാരവും എല്ലുകളും ഉപയോഗിച്ചത്.

ചാരവും ചെറിയ എല്ലുകളും നഖം ഉണ്ടാക്കുമ്പോൾ ഉപയോഗിച്ചു. മുത്തുകളും തിളക്കമുള്ള കല്ലുകളും ഉപയോഗിച്ച് കിർസ്റ്റി നഖം അലങ്കരിച്ചു. അച്ഛൻ വിവാഹത്തിന്  കൈപിടിച്ച് ഒപ്പമുള്ളതു പോലെ തോന്നാൻ ഇതു സഹായിക്കുന്നു എന്നാണ് ഷാർലെറ്റ് മാധ്യമങ്ങളോടു പ്രതികരിച്ചത്. വിവാഹശേഷം നഖം വീട്ടിൽ സൂക്ഷിക്കുമെന്നും അച്ഛന്റെ ആത്മാവ് കൂടെയുണ്ടാകാൻ അത് സഹായിക്കുമെന്നും ഷാർലെറ്റ് പറയുന്നു.