വിവാഹപ്പരസ്യത്തില്‍ തുടങ്ങി; മരിച്ചെന്ന വാര്‍ത്ത തയാറാക്കി; തട്ടിയത് ലക്ഷങ്ങള്‍

പത്രത്തിലെ വിവാഹ പരസ്യം കണ്ട് സഹോദരനു വേണ്ടിയെന്ന പേരിൽ യുവതിയെയും കുടുംബത്തെയും പറ്റിച്ചു ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. ഇടുക്കി അറക്കുളം നാടുകാണി പുളിക്കൽ വീട്ടിൽ താമസിക്കുന്ന ആലപ്പുഴ എടത്വ പച്ച പാറേച്ചിറ സ്വദേശി സുമേഷി(35)നെയാണു കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. കുറത്തികാട് സ്വദേശിനിക്കു വേണ്ടിയുള്ള പരസ്യം കണ്ടാണു തട്ടിപ്പു നടത്തിയത്. തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പണം തട്ടിയതെന്നു പൊലീസ് പറഞ്ഞു. പണം തിരികെ നൽകാതിരിക്കാൻ താനും സഹോദരനും മരിച്ചെന്ന രീതിയിൽ വ്യാജ ചിത്രങ്ങളും വാർത്തയും തയാറാക്കി അയച്ചു. 

പരസ്യത്തിലെ ഫോൺ നമ്പരിൽ വിളിച്ച്, വിദേശത്തുള്ള സഹോദരൻ വിഷ്ണുവിനു വേണ്ടിയാണെന്നു പറഞ്ഞാണു സുമേഷ് വിവാഹാലോചന നടത്തിയത്. തനിക്കു ചെങ്ങന്നൂർ റജിസ്ട്രാർ ഓഫിസിലാണു ജോലിയാണെന്നും സുമേഷ് പറഞ്ഞു. പിന്നീടു നേരിട്ടെത്തി വിവാഹം ഉറപ്പിച്ചു. വിഷ്ണു എന്ന വ്യാജേന യുവതിയുമായി ഫോണിൽ ബന്ധപ്പെട്ട് സന്ദേശങ്ങൾ അയച്ച് അടുപ്പമുണ്ടാക്കി. 

മലേറിയ ബാധിച്ച് വിഷ്ണു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് എന്നു പറഞ്ഞായിരുന്നു പണം തട്ടൽ. വിഷ്ണുവിന്റെ ബാങ്ക് അക്കൗണ്ട് ബ്ലോക്കാണെന്നും അറിയിച്ചു. വിഷ്ണുവിന്റെ അളിയന്റേതെന്നു പറഞ്ഞു നൽകിയ ബാങ്ക് അക്കൗണ്ടിലേക്കു പലപ്പോഴായി 5 ലക്ഷം രൂപ വാങ്ങി. വിഷ്ണുവിനു രോഗം കൂടിയതിനാൽ വെല്ലൂരിൽ കൊണ്ടുപോകാനെന്നു പറഞ്ഞു 2.7 ലക്ഷംകൂടി വാങ്ങി. വെല്ലൂരിൽവച്ചു വിഷ്ണു മരിച്ചു എന്ന സന്ദേശം യുവതിയുടെ വീട്ടുകാരുടെ ഫോണുകളിലേക്ക് അയച്ചു.

വിഷ്ണുവിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുമ്പോൾ അപകടത്തിൽ സുമേഷും മരിച്ചെന്ന് അടുത്ത സന്ദേശം അയച്ചു.  ‘എടത്വയെ കണ്ണീരിലാഴ്ത്തി സഹോദരങ്ങളുടെ അന്ത്യയാത്ര’ എന്ന തലക്കെട്ടോടെയുള്ള വ്യാജ പത്രവാർത്തയും അയച്ചു. പ്രതിയുടെയും ഒരു കൂട്ടുകാരന്റെയും ചിത്രങ്ങൾ ചേർത്താണ് വ്യാജ ചിത്രം സൃഷ്ടിച്ചത്. 

ഇതിനു ശേഷം വിഷ്ണുവിന്റെ സഹോദരിയെന്ന രീതിയിലായി സന്ദേശങ്ങൾ. വിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദി പരാതിക്കാരന്റെ മകളാണെന്നും മറ്റുമായിരുന്നു ഭീഷണി. ‘സ്നേഹത്തിനു മരണം സമ്മാനിച്ച ഡ്രാക്കുള നിങ്ങളുടെ നാട്ടുകാരി’ എന്നെഴുതിയ ലഘുലേഖകൾ യുവതിയുടെ വീട്ടിലും പരിസരത്തും രാത്രിയെത്തി വിതരണം നടത്തി. ഫോണിലേക്ക് അയച്ച ചിത്രങ്ങളുടെ പ്രിന്റ് തപാലിൽ അയച്ചു. ആരെയും അറിയിക്കാതെ പ്രശ്നം അവസാനിപ്പിച്ചില്ലെങ്കിൽ മാധ്യമങ്ങൾ വഴി ഇതിനെല്ലാം പ്രചാരണം നൽകുമെന്നും ഭീഷണിയുണ്ടായി. 

തുടർന്നു പൊലീസിനു ലഭിച്ച പരാതിയിൽ തിരച്ചിൽ തുടങ്ങി. കുറത്തികാട് എസ്ഐ എ.സി. വിപിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഇന്നലെ പ്രതിയെ പിടികൂടി മാവേലിക്കര കോടതിയിൽ ഹാജരാക്കി.