ഓണത്തിന്റെ മുഴുവന്‍ ആവേശവും നിറച്ച് വനിതകള്‍ക്കായി ഓലമെടയല്‍ മല്‍സരം

ഓണത്തിന്റെ മുഴുവന്‍ ആവേശവും നിറച്ച് വനിതകള്‍ക്കായി ഓലമെടയല്‍ മല്‍സരം. കോഴിക്കോട് സൗഹൃദം പറക്കുളം കൂട്ടായ്മയാണ് ആവേശം നിറച്ച മല്‍സരം സംഘടിപ്പിച്ചത്. പുതുതലമുറയ്ക്ക് പലപ്പോഴും അന്യമാകുന്ന കാഴ്ചയാണ് മല്‍സരത്തിലുടനീളം വീണ്ടും പുനരവതരിപ്പിച്ചത്. 

തെങ്ങോല വെറും കാഴ്ചവസ്തുവല്ലാത്ത കാലമുണ്ടായിരുന്നു. ഓരോ വീടിന്റെയും മേല്‍ക്കൂര അലങ്കരിച്ചിരുന്ന പ്രൗഡിയുെട പ്രതീകം. കോണ്‍ക്രീറ്റ് നിര്‍മാണം കൂടിയതോടെ ഗ്രാമീണമേഖലയിലെ ഓലമെടയല്‍ കാഴ്ചയും അപ്രത്യക്ഷമായി. പുതു തലമുറയെ ഇക്കാര്യത്തില്‍ കൂടുതല്‍ പഠിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് മല്‍സരം സംഘടിപ്പിച്ചത്. പത്ത് മിനിറ്റ് നീണ്ട മല്‍സരത്തില്‍ പങ്കെടുത്ത മുഴുവന്‍ വനിതകളും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയില്‍ ഓലമെടഞ്ഞു. 

സൗഹൃദം പറക്കുളം കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പഴമയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ഓണാഘോഷം സംഘടിപ്പിച്ചത്. വിദേശത്ത് നിന്നുള്‍പ്പെടെയെത്തിയവര്‍ മല്‍സരത്തില്‍ ആവേശത്തോടെ പങ്കാളികളായി.