വിലക്കുകൾ അതിജീവിച്ചു; 'വസന്തസേനനും' വിജയരാജമല്ലികയ്ക്കും പ്രണയസാഫല്യം

vijayaraja-malika-marriage
SHARE

കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌വുമൺ കവയത്രി വിജയരാജമല്ലികയ്ക്ക് ഇന്ന് വിവാഹം. തൃശൂർ മണ്ണുത്തി സ്വദേശി ജാഷിമാണ് വിജയരാജ മല്ലികയുടെ വരൻ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഇന്ന് വിവാഹിതരാകുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയതാണ് വിജയരാജ മല്ലിക. മല്ലികയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നിരവധി അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിലെ വധുവായി ജീവിക്കണമെന്നുള്ളത്. വിവാഹിതയാകണമെന്നുള്ള ആഗ്രഹം പലതവണ സമൂഹമാധ്യമത്തിലൂടെ ഇവർ കുറിച്ചിട്ടുമുണ്ട്. ഒടുവിൽ വിജയരാജ മല്ലികയുടെ ആഗ്രഹം പോലെ തന്നെ ഒരു യുവാവ് ജീവിതത്തിലേക്ക് കടന്നുവന്നു. 

ജാഷിമിന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്നും വലിയ എതിർപ്പാണുള്ളത്. ഇതിനെക്കുറിച്ച് ജാഷിമും സമൂഹമാധ്യമത്തിൽ കുറിച്ചിട്ടുണ്ട്. പലരുടെയും ഭീഷണിയും എതിർപ്പുകളും മറികടന്നാണ് ഇവരുടെ വിവാഹം. തൃശൂർ മുതുവറ സ്വദേശിയായ വിജയരാജമല്ലിക പാരാലീഗല്‍ വൊളന്റിയറാണ്. ഫ്രീലാന്‍സ് സോഫ്റ്റ്വേര്‍ എന്‍ജിനീയറാണ് ജാഷിം.

വസന്തസേനൻ എന്നാണ് ജാഷിമിനെ തന്റെ കവിതകളിലൂടെയും എഴുത്തുകളിലൂടെയും വിജയരാജമല്ലിക വിശേഷിപ്പിച്ചിരുന്നത്. വസന്തസേനൻ ആരാണെന്ന് ഒടുവിൽ ഇരുവരും സമൂഹമാധ്യമത്തിലൂടെ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. 

പ്രണയത്തെക്കുറിച്ച് ജാഷിം എഴുതിയ കുറിപ്പ് ഇങ്ങനെ:

പ്രിയപെട്ടവരെ ഞാൻ ജാഷിം. തൃശൂർ സ്വദേശിയാണ്. ഒരു ഫ്രീലാൻസ് സോഫ്റ്റ്‌വെയർ എഞ്ചിനിയർ. ഇങ്ങനെ ഒന്നും പറഞ്ഞാൽ നിങ്ങൾക്ക് മനസിലാകണം എന്നില്ല.നിങ്ങൾ ഒരുപക്ഷെ വിജയരാജമല്ലികയുടെ എഴുതുകളിലൂടെയും പറച്ചിലുകളിലൂടെയും നിറയെ കേട്ടിട്ടുണ്ടാകും. അതെ ഞാൻ തന്നെയാണ് മല്ലികയുടെ വസന്തസേനൻ. ഞങ്ങൾ തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. അവൾ ലിംഗമാറ്റ ശസ്ത്രക്രീയയിലൂടെ സ്ത്രീ ആയവളാണെന്നും പരിചയപെടുമ്പോഴെ എനിക്ക് അറിയാമായിരുന്നു. പക്ഷെ അന്ന് ഒരു കവിയാണെന്നോ, സാമൂഹ്യ രംഗത്ത് സജീവമായി നിൽക്കുന്ന വ്യക്തിയാണ് എന്നോ അറിയില്ലായിരുന്നു. എന്നാൽ പരസ്പരം അടുക്കുംതോറും ഞാൻ അവളെ, അവളുടെ നിഷ്കളങ്കതയെ ഇഷ്ടപെടുകയായിരുന്നു. എന്നാൽ നിങ്ങളുട മുമ്പിൽ നിന്നും അവൾ എന്റെ മുഖം മറച്ചുപിടിക്കുയായിരുന്നു. അതിന് വ്യക്തമായ കാരണവും ഉണ്ടായിരുന്നു എന്നും പറയണം. അവൾ തീ തിന്നുവളർന്നവളാണെന്ന് എനിക്ക് ബോധ്യമായി വന്നിരുന്നു. എല്ലാവരും ഉണ്ടായിട്ടും സമൂഹത്തിന്റെ രൂക്ഷമായ നോട്ടങ്ങൾക്ക്‌ ഇരയായി ജീവിക്കുന്നതിനൊപ്പംതന്നെ പ്രതിസന്ധികളെ ലാഘവത്തോടെ നേരിടുന്നത് കാണുമ്പോൾ സത്യം പറയാമല്ലോ അത്ഭുതം തോന്നിയിട്ടുണ്ട്. എന്തുകിട്ടിയാലും മറ്റുള്ളവർക്ക് അതിന്റ പകുതി കൊടുക്കുന്ന മല്ലിക എന്റെ ഫോട്ടോയൊ മറ്റുവിവരങ്ങളോ ഇതുവരെ സാമൂഹ്യ മാധ്യമങ്ങിൽ ഇടാതിരുനത് എന്റെ വീട്ടുകാർക്കൊ കുടുംബസുഹൃത്തുക്കൾക്കൊ, ബന്ധു മിത്രങ്ങൾക്കൊ ഞാൻ കാരണം ഒരു പ്രയാസം ഉണ്ടാകരുത് എന്ന് മല്ലിക ആത്മാർത്ഥമായി ആഗ്രഹിച്ചത് കൊണ്ട് മാത്രമാണ്. തമ്മിൽ മനസ്സിലാക്കിയും തിരിച്ചറിഞ്ഞും ഒരുമിച് പോയിരുന്ന ഞങ്ങളുടെ ജീവിതത്തിലേക്ക് മല്ലികയുടെ സഹപ്രവർത്തകരിൽ ഒരാൾ മണ്ണ് വാരി എറിയുന്നകാര്യം ഞങ്ങൾ പക്ഷെ രണ്ട് മാസം മുൻപ് മാത്രമാണ് അറിയുന്നത്. 

"ആണും പെണ്ണും കേട്ട ഹിജഡയുമായി നഗരത്തിൽ ചുറ്റിനടക്കുന്നു ", "ഇതൊക്കെ വീട്ടിൽ അറിഞ്ഞിട്ടാണോ "എന്നൊക്കെ ചോദിചെന്റെ വീട്ടിൽ വലിയ ഭൂകമ്പം ഒക്കെ ഉണ്ടാക്കി. അതെ തുടരർന്ന് മല്ലികയുടെ നിർബന്ധപ്രകാരം രണ്ട് മാസം അതികമൊന്നും ഞങ്ങൾ മിണ്ടാതെ തമ്മിൽ കാണാതെ വിയർപ്പ് മുട്ടുകയായിരുന്നു.എന്റെ ഉമ്മയോട് കൃത്യമായി അവൾ അവളുടെ നിലപാട് തുറന്നുപറയുകയും ചെയ്തതാണ്. ആണും പെണ്ണും കെട്ട അവളെ മറക്കാൻ വീട്ടുകാർ പറയുമ്പോൾ ഒക്കെ ഞാൻ ഉള്ളുകൊണ്ട് നീറുമായിരുന്നു. 

ദ ഇന്നലെ 30/8/2019ന് മല്ലികയുടെ "ആൺനദി"യുടെ പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ അവൾക്കൊപ്പം തിരൂർ ചെന്ന എന്നെ എന്റെ വീട്ടുകാരും അയൽവാസിയും ചേർന്ന് ബലമായി എന്റെ തൃശൂറുള്ള വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയുണ്ടായി. ആ സമയം അവരുടെ കൂടെ പോയില്ല എങ്കിൽ പുസ്തകപ്രകാശന ചടങ്ങ് അവർ കുളമാക്കും എന്ന് ഭീഷണിപെടുത്തി. തുടർന്നവർ പ്രശ്നങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ ഞാൻ അവർക്കൊപ്പം വീട്ടിലെക്ക് പോയി. പക്ഷെ വീട്ടിൽ ചെന്ന എന്നെ വീട്ടിൽ പൂട്ടി ഇടാനായിരുന്നു അവരുടെ ഉദ്ദേശമെന്ന് മനസിലായ ഞാൻ വീട്ടിൽ നിന്നും സ്വമേദയ ഇറങ്ങിപൊരുകയായിരുന്നു. എന്നാൽ തിരൂർ വെച്ച് എന്നെ ഭീഷണിപെടുത്തി കടത്തികൊണ്ടുവന്നതിന്റെ പേരിൽ മല്ലിക തിരൂർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്തു. അത് സ്വാഭാവികം. അത്ര മോശമായിപോയി എന്റെ വീട്ടുകാരുടെ ചെയ്തി. മല്ലിക ഏറെ ആഗ്രഹിച്ച ചടങ്ങായിരുന്നു അത്. അവൾ അവളുടെ മനസാൽ എഴുതിയ വരികൾ പ്രകാശനം ചെയുമ്പോൾ ഞാൻ അരികിൽ ഇല്ലാതിരുന്ന വിഷമം എത്രമാത്രം രൂക്ഷമാണെന്ന് നിങ്ങൾക്കും അറിയാമല്ലോ !

ഏതായാലും വീട്ടിൽ നിന്നും ഇറങ്ങിയ എന്നെ തിരൂർ പോലീസ് സ്റ്റേഷനിൽനിന്നും വിളിച്ചു. വീട്ടുകാരുടെ ഭാഗത്ത്‌ ഉപദ്രവമോ പ്രയാസമോ ഉണ്ടായോ എന്ന് തിരക്കുകയും നാളെ അതായത് ഇന്ന് അവിടെ ഹാജരാകാനും നിർദ്ദേശിച്ചു. അതിനിടയിൽ എന്റെ വീട്ടുകാർ എന്നെ കാണാൻ ഇല്ല എന്നും പറഞ്ഞു എന്റെ നാട്ടിലെ പോലീസ് സ്റ്റേഷനെ സമീപിച്ചു. എന്തായി എന്ന് എനിക്ക് അറിയില്ല. പക്ഷെ പ്രായപൂർത്തിയായ ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ ഏതു നിയമം ആണ് പ്രശ്നം ആകുന്നത് എന്ന് എത്ര ആലോചിച്ചു നോക്കിയിട്ടും മനസ്സിലാകുന്നില്ല. മല്ലികയെ നിങ്ങൾക്ക് അറിയാം. എന്നെക്കാൾ നന്നായി. 

വിവാഹം കഴിച്ച് ഒരുപാട് ആളുകളുള്ള വീട്ടിലേക്ക് പോകണം; ആഗ്രഹങ്ങള്‍ തുറന്നുപറഞ്ഞ് വിജയരാജമല്ലിക

അവൾ ഇനിയും എന്നെ എന്റെ കുടുംബത്തോട് ഒപ്പം ചേർത്ത് നിർത്താൻ ആഗ്രഹിക്കുന്നു. പക്ഷെ അവളുടെ ഈ വലിയ മനസ് ഞാൻ ഇന്ന് കാണാതെ പോയാൽ ഈമാനുള്ള മനുഷ്യനാണ് എന്ന് പറയാൻ നാണം തോന്നണ്ടെ. ഞാൻ ഒരു ഇസ്ലാം വിശ്വസിയാണ്. പക്ഷെ സുഹൃത്തുക്കളെ ഞങ്ങൾ മതം മാറാനോ മതത്തെ നിന്ദചെയാനോ ഉദ്ദേശിക്കുന്നില്ല. പരസ്പരം ഇഷ്ടപെട്ടു ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. പല രീതിയിൽ ഞങ്ങൾക്ക് ഭീഷണികൾ വരുന്നുണ്ട്. പക്ഷെ ഈ സമൂഹത്തിൽ പണിഎടുത്തു അധ്വാനിച്ചു ജീവിക്കാൻ ഞങ്ങൾ തീരുമാനിച്ചതിൽ തെറ്റുണ്ടൊ? ഞങ്ങളെ ജീവിക്കാൻ അനുവദിക്കുക. മല്ലിക ഞാൻ ഉള്ള അത്രയും കാലം സുരക്ഷിതയായിരിക്കും.എന്റെ സഹോദരങ്ങൾക്കൊ ബന്ധുക്കൾക്കൊ ഞാനൊ എന്റെ പെണ്ണോ ഒരു ബാധ്യതയാകാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഇന്നും അറിയില്ല, മല്ലിക പറയുന്നു എന്റെ കുഞ്ഞിനെ അവൾക്ക് താലോലിക്കണം എന്ന്.

സമൂഹമെ നിങ്ങൾക്ക് രണ്ട് കാഴ്ച്ചപാടുകൾ ഉണ്ടാകും. പക്ഷെ അവസാന ശ്വാസം വരെയും മല്ലിക എനിക്കൊപ്പം ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് നിയമപ്രകാരം വിവാഹം ചെയ്യണം. നിങ്ങൾകൊപ്പം ഇവിടെ ഈ ഭൂമിയിൽ ജീവിക്കണം. കൂടെ ഉണ്ടാകണം

MORE IN SPOTLIGHT
SHOW MORE
Loading...
Loading...