ട്രോളുകളിൽ സത്യമില്ല; ദുരിതാശ്വാസത്തിന് റാലി നടത്തി; പക്ഷേ; ഫുക്രു പറയുന്നു: വിഡിയോ

ടിക് ടോകിലൂടെ ഏറെ പ്രശസ്തനാണ് ഫുക്രു എന്ന് അറിയപ്പെടുന്ന കൃഷ്ണജീവ്. ഫുക്രു ബൈക് സ്റ്റണ്ടർ എന്ന രീതിയിലും പ്രശസ്തനാണ്. എന്നാലിപ്പോൾ ട്രോളന്മാരുടെ ഇര ആയിരിക്കുകയാണ് ഫുക്രു. ദുരിതാശ്വാസത്തിന് എന്ന പേരില്‍ കൊട്ടാരക്കരയിൽ നിന്ന് മലപ്പുറം വരെ ബൈക്ക് റാലി നടത്തി എന്ന തരത്തിലാണ് ട്രോളുകൾ. 

ബൈക്ക് റാലി ഇടയ്ക്ക് പൊലിസ് തടഞ്ഞു. റാലി തടഞ്ഞ പൊലീസ് ‘വണ്ടികള്‍ക്ക് ഇന്ധനം അടിച്ച പണമുണ്ടായിരുന്നെങ്കില്‍ ദുരിതബാധിതര്‍ക്ക് ഇരട്ടി സാമഗ്രികള്‍ നല്‍കാമായിരുന്നല്ലോ’ എന്ന് പറയുന്ന വിഡിയോയും പുറത്തു വന്നു. 'അങ്ങനെ തരുമായിരുന്നെങ്കില്‍ ഇത്രയും കഷ്ടപ്പാടുണ്ടോയിരുന്നോ' എന്ന് ഫുക്രു മറുപടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്. 

ഒരു നല്ല കാര്യം ചെയ്യാനിറങ്ങി തിരിച്ചതാണെങ്കിലും സംഗതി അബദ്ധമായി എന്ന തരത്തിലാണ് ഇതുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകള്‍. എന്നാൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് ഫക്രു മനോരമ ന്യൂസ് ഡോട് കോമിനോട് പ്രതികരിച്ചു.

ഫുക്രുവിന്‍റെ വാദങ്ങള്‍ ഇങ്ങനെ: 

അതിൽ ഒരു സത്യവുമില്ല. ട്രോളുന്നതിൽ ഒരു ന്യായവുമില്ല. കാരണം കൊട്ടാരക്കര ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും റാലി നടത്തുന്നതാണ്. പൊലീസ് മേൽനോട്ടത്തിലാണ് ഇത് നടത്താറുള്ളത്. സ്വാതന്ത്ര്യദിന റാലിയാണ് നടത്തിയത്. അതിനിടെ ഞങ്ങളുടെ ക്ലബ് കൊണ്ടു വന്ന ആശയമാണ് ഒരു വണ്ടി ഒരു കിറ്റ് എന്നുള്ളത്. പ്രളയത്തിലകപ്പെട്ടവരെ സഹായിക്കാനായിട്ടായിരുന്നു അത്. കൊട്ടാരക്കരയിൽ നിന്ന് അടുത്തുള്ള വെട്ടക്കവല സ്കൂൾ ഗ്രൗണ്ട് വരെയാണ് റാലി നടത്തിയത്. ഏകദേശം 3 കിലോ മീറ്റര്‍ ദൂരം കാണും. അതിനാണ് ഞങ്ങൾ ഇവിടുന്ന് മലപ്പുറം വരെ റാലി നടത്തി എന്ന് പറയുന്നത്. അത്ര ബുദ്ധിയില്ലാത്തവർ ആരെങ്കിലുമുണ്ടോ നമ്മുടെ നാട്ടിൽ.

അമ്പതോളം പുതിയ ഷർട്ടുകളും ഭക്ഷണ സാധനങ്ങളും ഈ റാലി നടത്തിയതിലൂടെ ഞങ്ങൾക്ക് കിട്ടി. അതിന്റെ വിവരങ്ങളെല്ലാം കൊട്ടാരക്കര സിവിൽ സ്റ്റേഷനിലുണ്ട്. കിട്ടിയ സാധനങ്ങളൊക്കെ ഞങ്ങൾ അവിടെയാണ് കൊടുത്തത്. ഇതിനിടയിൽ ഇത്രയും ബൈക്ക് വരുന്നതു കണ്ടാണ് അവിടെയുള്ള പൊലീസുകാരൻ ഞങ്ങളെ തടഞ്ഞത്. എന്താണ് കാര്യമെന്നറിയാനാണ് അദ്ദേഹം വന്നത്. അദ്ദേഹം വേറൊരാളുമായി സംസാരിച്ച് നല്ല ദേഷ്യത്തിൽ നിൽക്കുന്ന സമയത്താണ് ഞങ്ങൾ‌ ചെല്ലുന്നത്. അപ്പോഴാണ് പെട്രോളിന്റെ കാര്യം പറയുന്നത്. ഇതു പറഞ്ഞ് പൊലീസുകാരനും ഞങ്ങളും വേറെ വഴിക്ക് പോയി. 

അത് ആരോ വിഡിയോ എടുത്ത് ഇട്ടു. ഇതിന് പിന്നിൽ‌ ഒരു ട്രോൾ ഗ്രൂപ്പാണ്. പണ്ടുമുതലെ അവർ എന്നെ വളരെ മോശമായി ട്രോളിക്കൊണ്ടിരിക്കുകയാണ്. ഇവർക്കെതിരെ കേസിന് പോകണമെന്ന് വരെ ഞാൻ കരുതിയതാ. പക്ഷേ സുഹൃത്തുക്കൾ അത് തടഞ്ഞു. എന്റെ ഭാഗവും പുറത്തു വരണം. ഫുക്രു  പറയുന്നു.

ഇക്കാര്യം വ്യക്തമാക്കിയുള്ള ഫുക്രുവിന്റെ വിഡിയോ കാണാം: