മക്കളെ നെഞ്ചു ചേർത്ത് ജീവനുമായി മൂന്ന് നാൾ; ഒടുവിൽ രക്ഷപെടുത്തി: നെടുവീർപ്പ്

ഒന്നരവയസ്സുള്ള മകൾ നിമിഷയെ നെഞ്ചോടു ചേർത്തു പിടിച്ചാണ് അശ്വതി എൻഡിആർഎഫിന്റെ രക്ഷാബോട്ടിൽ കയറിയത്.  3 വയസ്സുള്ള മകൾ ശിവാനിയെയും എടുത്ത് ഭർത്താവ് ഷിബുവും ഒപ്പം കയറി. ആർത്തലച്ചൊഴുകുന്ന ചാലിയാറിലെ ചുഴിക്കുത്തിൽപെട്ട് ബോട്ട് വട്ടം ചുറ്റിയപ്പോൾ,  അവർ മക്കളെ ഒന്നുകൂടെ ചേർത്തുപിടിച്ചു. ഒടുവിൽ ഇരുട്ടുകുത്തിയിലെ ഇക്കരയിൽ കാലുകുത്തിയപ്പോൾ പൊട്ടിക്കരഞ്ഞു. കഴിഞ്ഞ 3 ദിവസമായി ഉരുളിറങ്ങിയ വഴികളിലൂടെ മക്കളെയും എടുത്ത് ഓടുകയായിരുന്നു ഇരുവരും.  

പ്ലാന്റേഷൻ കോർപറേഷന്റെ വാണിയംപുഴ തോട്ടത്തിലെ ജീവനക്കാരനാണ്  ഷിബു. മാസമാദ്യം ശമ്പളമായി കിട്ടിയ 9000 രൂപയ്ക്ക് ഒരുമാസത്തേക്കുള്ള വീട്ടുസാധനങ്ങളും  മക്കൾക്ക് കുഞ്ഞുടുപ്പുകളുമായാണ് ചാലിയാർ കടന്ന് മുണ്ടേരി വനത്തിലെ വാണിയംപുഴ തോട്ടത്തിലെത്തിയത്. വ്യാഴാഴ്ച നിനച്ചിരിക്കാതെ ചാലിയാർ കരകവിഞ്ഞു. പാലങ്ങളെല്ലാം പോയി. ഒപ്പം നാലുപാടുനിന്നും ഉരുൾപൊട്ടലും. ഷിബുവും കുടുംബവും താമസിച്ച ക്വാർട്ടേഴ്സിൽ അരയ്ക്കൊപ്പം ചെളി മൂടി.

ഉരുളിറങ്ങി വരുന്നതുകണ്ട് കുഞ്ഞുങ്ങളെയും എടുത്ത് ഓടുകയായിരുന്നു ഇവർ. ഉരുൾപൊട്ടലിനു ശമനമുണ്ടായപ്പോൾ ക്വാർട്ടേഴ്സിൽ തിരിച്ചെത്തിയെങ്കിലും അതിനകം സകലതും പുഴ കൊണ്ടുപോയിരുന്നു. അടുക്കളയിൽ മുകളിലെ ഷെൽഫിൽ സൂക്ഷിച്ച കുറച്ചു ബിസ്കറ്റും ചെളിയിൽ കുതിർന്ന കുഞ്ഞുടുപ്പുകളും മാത്രമായിരുന്നു ബാക്കി. പിന്നീട് 3 ദിവസം ഇരുട്ടും ഉരുൾപ്പേടിയും മാത്രമായിരുന്നു കൂട്ട്. ഇന്നലെ എൻഡിആർഎഫിന്റെ രക്ഷാബോട്ട് എത്തും വരെ.