പുരുഷന്മാരോട് പ്രതികാരം; എച്ച്.ഐ.വി മറച്ചുവച്ച് ലൈംഗിക ബന്ധം; രോഗം പടർത്തിയെന്ന് യുവതി

പുരുഷന്മാരോട് പ്രതികാരം ചെയ്യാൻ എച്ച് ഐ വി ബാധിതയാണെന്നുള്ള വിവരം മറച്ചുവച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് യുവതി. ജോർജിയയിലാണ് സംഭവം. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. 

ഭൂതകാലത്തിൽ തനിക്ക് ബന്ധമുണ്ടായിരുന്ന പുരുഷന്മാരുടെ പേരും അവരുടെ പെൺസുഹൃത്തുക്കളുടെ പേരും ഭാര്യമാരുടെ പേരുമൊക്കെയുള്ള ഒരു വലിയ പട്ടികയാണ് ആ ദൃശ്യങ്ങളിലൂടെ യുവതി പുറത്തു വിട്ടത്. താൻ എച്ച് ഐ വി പോസിറ്റീവ് ആണെന്നും തന്റെ ഇരകളുടെ പേരുവിവരങ്ങളാണെന്നും വെളിപ്പെടുത്തിക്കൊണ്ടാണ് യുവതി പട്ടിക പുറത്തു വിട്ടത്. അതിവേഗം ഈ വിഡിയോ വൈറലായി.

തനിക്ക് ഒരുപാട് പേരോട് വൈരാഗ്യമുണ്ടെന്നും അവരുടെ പേരുകളാണ് ലൈവിലൂടെ വെളിപ്പെടുത്തുന്നതെന്നും യുവതി പറയുന്നു. എന്നാൽ ഈ യുവതിയുടെ വാദങ്ങൾ കളവാണെന്നാണ് പൊലീസ് പറയുന്നത്. വിഡിയോ വൈറലായതോടെ പൊലീസ് ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്തു. പൊലീസിനോട് തനിക്ക് എച്ച്ഐവി ഇല്ലെന്നും പ്രതികാരം ചെയ്യാൻ വേണ്ടി പറഞ്ഞതാണെന്നുമാണ് ഇവരുടെ വെളിപ്പെടുത്തൽ.  2018 ൽ നടത്തിയ രക്തപരിശോധനാ ഫലം പൊലീസിന് നൽകിക്കൊണ്ടാണ് യുവതി കാര്യങ്ങൾ വിശദീകരിച്ചത്. ആവശ്യമെങ്കിൽ ഇനിയും രക്തപരിശോധനയ്ക്ക് താൻ സന്നദ്ധയാണെന്നും യുവതി അറിയിച്ചു.

എന്നാൽ പൊലീസ് ഈ വാദം വിശ്വസിച്ചിട്ടില്ല. യുവതിയ്ക്ക് എയ്ഡ്സ് പരിശോധന നടത്തും. പരിശോധനയിൽ രോഗമുണ്ടെന്ന് തെളിഞ്ഞാൽ ഇവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാനടപടികളായിരിക്കും. എച്ച് ഐ വി ബാധിതർ അക്കാര്യം മറച്ചു വച്ചുകൊണ്ട് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പല രാജ്യങ്ങളിലും ക്രിമിനൽ കുറ്റമാണ്. മനപൂർവം എച്ച് ഐ വി പടർത്തുന്നവരെ കാത്തിരിക്കുന്നത് 10 വർഷത്തിലധികം ജയിൽവാസമാണ്. ഓരോ രാജ്യങ്ങളിലെ നിയമങ്ങളനുസരിച്ച് ശിക്ഷാകാലാവധിയിൽ മാറ്റങ്ങളുണ്ടാകുമെന്നു മാത്രം. ജോർജിയയിൽ 10 വർഷംവരെ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണെന്നിരിക്കേ. യുവതിയുടെ രക്തപരിശോധനാഫലം വരുന്നതുവരെ കാത്തിരിക്കാനാണ് നിയമപാലകരുടെ തീരുമാനം.