ജയിലിലേക്ക് മതിലിന് മുകളിലൂടെ മദ്യത്തിന്റെ ‘പൊതിയേറ്’; കുഴങ്ങി പൊലീസ്

സ്പെഷൽ സബ് ജയിലിലേക്കു മതിലിനു മുകളിലൂടെ മദ്യവും ബീഡിയും ഭക്ഷണവും എറിഞ്ഞയാളെ കണ്ടെത്താൻ പൊലീസ് സിസി ടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുന്നു. വിവിധ ഭാഗങ്ങളിലെ ദൃശ്യങ്ങൾ പരിശോധനയ്ക്കായി ശേഖരിച്ചു തുടങ്ങി. ചുവപ്പു ഷർട്ടും കൈലിയും ധരിച്ചയാൾ കോടതി ജംക്‌ഷനു സമീപത്തെ കോൺക്രീറ്റ് റോഡിൽനിന്ന് എന്തോ അകത്തേക്ക് എറിയുന്നതു കണ്ടതായി പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്.

ആ സമയത്തു കോടതിക്കു തെക്കുള്ള മേൽപാലത്തിനു സമീപം ഒരാൾ ബൈക്ക് വച്ച ശേഷം പൊതിയുമായി പോയതായും അൽപം കഴിഞ്ഞു തിരിച്ചെത്തി ബൈക്ക് എടുത്തു പോയതായും സൂചനയുണ്ട്. ജയിലിന്റെ പ്രധാന വാതിലിലെ ക്യാമറ 25 മീറ്റർ പരിധിക്കുള്ളിലെ ദൃശ്യങ്ങളും ശബ്ദവും കൃത്യമായി പകർത്തും.

സാധനങ്ങൾ വലിച്ചെറിയുന്നതു മതിലിന്റെ തെക്കുകിഴക്കുഭാഗത്തു പടീത്തോടിന്റെ കരയിലൂടെയുള്ള കോൺക്രീറ്റ് റോഡിൽനിന്നാണ്. മതിലിന് ഈ ഭാഗത്ത് ഉയരം കുറവാണ്. ചൊവ്വാഴ്ച വൈകിട്ടു 4.30ന് ആണ് ജയിലിന്റെ അടുക്കള ഭാഗത്തു പൊതികൾ പതിച്ചത്. 2 പാക്കറ്റ് പുകയില ഉൽപന്നം, 5 വലിയ കവറുകളിൽ ബീഫ് കറി, 30 ചെറിയ പാക്കറ്റ് ബീഡി, അരിഞ്ഞ പുകയില, ഒരു ലീറ്ററിന്റെയും അര ലീറ്ററിന്റെയും ഓരോ കുപ്പികളിൽ വെള്ളംചേർത്ത മദ്യം എന്നിവയാണ് ഉണ്ടായിരുന്നത്.

ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പകുതിയിലേറെ ജീവനക്കാരെ സ്ഥലം മാറ്റിയിട്ടും സ്പെഷൽ സബ് ജയിലിലേക്കു പുറത്തുനിന്നു സാധനങ്ങൾ എത്തുന്നതിനു കുറവില്ല. ജയിൽ നടത്തിപ്പു സംബന്ധിച്ച് ആരോപണങ്ങൾ ഉയരുകയും തടവുകാരൻ മരിക്കുകയും ചെയ്തതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.  ജീവനക്കാരെ ഘട്ടംഘട്ടമായി മാറ്റുകയാണ്. എന്നിട്ടും കഴിഞ്ഞ ദിവസം മതിലിനു മുകളിലൂടെ സാധനങ്ങൾ അകത്തേക്ക് എറിഞ്ഞതിനെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.