ജനിക്കുംമുന്‍പേ മരിച്ച ‘മാലാഖ’മാര്‍ക്കായി ഭൂമിയില്‍ ഒരിടം: ആത്മാക്കളുടെ പൂന്തോട്ടം

ഈ ലോകം ജനിച്ചുജീവിച്ചവര്‍ക്ക് മാത്രമുള്ളതാണോ ? ഒാര്‍ക്കപ്പെടേണ്ടവര്‍ ജീവിച്ചുമരിച്ചവര്‍ മാത്രമാണോ..? അല്ലെന്ന് വിളിച്ചുപറയുന്ന ഒരിടം ഭൂമിയിലുണ്ട്. കാനഡയിലെ വിക്ടോറിയയിലുള്ള 'ദി ലിറ്റില്‍ സ്പിരിറ്റ് ഗാര്‍ഡന്‍'

ജനിക്കുംമുന്‍പേ ജീവന്‍റെ വെളിച്ചം കെട്ടുപോയ രൂപമില്ലാത്ത മാലാഖമാര്‍ക്കുള്ള താഴ‌‌്‌‌വരയാണിത്. ഗര്‍ഭഛിദ്രത്താല്‍ അമ്മയുടെ ഗര്‍ഭപാത്രത്തിനു പുറത്തെ ലോകം കാണാന്‍ ഭാഗ്യം ലഭിക്കാതെ പോയ കുരുന്നുകള്‍ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. ഒരു മാംസപിണ്ഡമായി ജൈവ മാലിന്യഗണത്തില്‍ ഉപേക്ഷിക്കേണ്ടവരല്ല തങ്ങളെന്ന് ഇവിടെയിരുന്ന് ഇവര്‍ നിശബ്ദമായി വിളിച്ചുപറയുന്നു. ജീവിച്ചിരുന്നവരെപോലെ മാന്യമായ മരണാന്തരചടങ്ങുകള്‍ക്ക്  അവകാശമുണ്ടെന്ന് ഒാര്‍മ്മപ്പെടുത്തുന്നു

ബ്രിട്ടീഷ് കോളംബിയയിലെ വിക്ടോറിയ റോയല്‍ ഒാക്ക് പാര്‍ക്കിന്‍റെ ഭാഗമായി  ദി ലിറ്റില്‍ സ്പിരിറ്റ് ഗാര്‍ഡന്‍ തുടങ്ങിയത് 2012ലാണ്. അലസിപ്പോകുന്ന ഗര്‍ഭങ്ങള്‍ക്ക്  ഒൗപചാരിക സംസ്കാര ചടങ്ങുകള്‍ നടത്താന്‍ മാത്രം വലുപ്പമില്ലെങ്കിലും  അവഗണിക്കാന്‍ മാത്രം ചെറുതല്ലെന്ന തിരിച്ചറിവാണ് ഇങ്ങനെ ഒരു സംരംഭം തുടങ്ങാന്‍ കാരണം.

ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ സംസ്കരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. സംസ്കാര ചടങ്ങുകള്‍ക്കുശേഷം മാതാപിതാക്കള്‍ക്ക് നഷ്ടപ്പെട്ട ജീവന്‍റെ ഒാര്‍മ്മയ്ക്കായി കോണ്‍ഗ്രീറ്റില്‍ തീര്‍ത്ത  വീടിന്‍റെ മാതൃകയിലുള്ള 'ചൈതന്യ ഭവനം' കൈമാറും. ഇത് കു‍ഞ്ഞ് ചൈതന്യങ്ങള്‍ ഉറങ്ങുന്ന പൂന്തോട്ടത്തിലെ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കാം. ഗര്‍ഭപാത്രത്തിന്‍റെ മാതൃക അലേഖനം ചെയ്ത ഇവ നഷ്ടപ്പെടലിന്‍റെ സ്മാരകമായി എന്നും നിലനില്‍ക്കും.

ചൈതന്യ ഭവനത്തിന്  ഇഷ്ടമുള്ള പേരിട്ട് മാതാപിതാക്കള്‍ക്ക് വിളിക്കാം. കുരുന്നിനായി കരുതിയിരുന്ന പേരുകളാണ് മിക്കവരും നല്‍കുക. ഇവയെ ഇഷ്ടമുള്ള രീതിയില്‍  അലങ്കരിച്ചും സൂക്ഷിക്കാം. എല്ലാ വര്‍ഷവും ഒാര്‍മ്മദിനത്തില്‍ മാതാപിതാക്കള്‍ ചൈതന്യ ഭവനങ്ങള്‍ക്കരുകിലെത്തും. മാതൃദിനം, പിതൃദിനം, സഹോദരങ്ങളുടെ പിറന്നാള്‍ തുടങ്ങിയ വിശേഷ ദിവസങ്ങളിലും ഇവിടെ എത്തുന്നവരുണ്ട്. ആ കറുത്ത ദിനം മറക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ക്ക് ആശ്രയവും ആശ്വാസവുമായി മാറുകയാണ് ‘ദി ലിറ്റില്‍ സ്പിരിറ്റ് ഗാര്‍ഡന്’‍. ജീവിതത്തിരക്കുകളില്‍നിന്ന് ഒഴിഞ്ഞ മനസ് ശാന്തമാക്കാന്‍ ഇവിടെയെത്തുന്നവരും കുറവല്ല.

സുമസുകളുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ‘ദി ലിറ്റില്‍ സ്പിരിറ്റ് ഗാര്‍ഡനി’ല്‍ സേവനങ്ങളെല്ലാം സൗജന്യമാണ്.