‘കള്ളൻമാരെ കുഴക്കിയ’ പൊലീസ് സ്റ്റേഷൻ നടപ്പാലം ഇനി ഓർമ

ആലപ്പുഴ : പാലങ്ങളുടെ നാടായ ആലപ്പുഴയിൽ പൊലീസ് സ്റ്റേഷൻ നടപ്പാലം ഇനി ഓർമ. മുപ്പാലത്തിനു സമീപം എസ്പി ഓഫിസിന് പടിഞ്ഞാറുണ്ടായിരുന്ന പാലമാണ് ഓർമയായത്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള നടപ്പാലം പൊലീസ് സ്റ്റേഷനിൽ പ്രതികൾ രക്ഷപ്പെട്ടാൽ അവരെ അതിവേഗം പിടികൂടാവുന്ന തരത്തിലായിരുന്നു നിർമിച്ചത്

പാലത്തിൽ കൂടി പ്രതികൾ ഓടിയാൽ അവരെ വീഴ്ത്തുന്നതിനായി പ്രത്യേക ഇരുമ്പ് ലാഡറുകൾ ഘടിപ്പിച്ചിരുന്നു. പൊലീസുകാർക്ക് ഈ പാലത്തിലൂടെ ഓടാൻ പ്രത്യേക പരിശീലനം നൽകിയിരുന്നെന്നും പ്രദേശവാസികൾ പറയുന്നു. എസ്പി ഓഫിസിൽ നിന്ന് അതിവേഗം ഇറങ്ങാൻ സാധിക്കുന്ന തരത്തിലായിരുന്നു പാലം

പാലം 60 വർഷത്തോളമായി ഉപയോഗ ശൂന്യമായിരുന്നു.  എസ്പി ഓഫിസിൽ ആധുനിക സംവിധാനങ്ങൾ എത്തിയതോടെ പാലത്തിന്റെ ഉപയോഗം ഇല്ലാതായി. വാണിജ്യത്തോടിന്റെ നവീകരണത്തിനായി മണ്ണുമാന്തി യന്ത്രം കയറ്റുന്നതിനാണ് പാലം പൊളിച്ചത്. തുറമുഖത്തേക്ക് ചരക്കുകയറ്റാനും പാലം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. വിവാഹത്തിനു ശേഷമുള്ള ഫൊട്ടോഗ്രഫിക്കും മറ്റും ഈ പാലം ഉപയോഗിച്ചിരുന്നു. നഗരത്തിന്റെ ചരിത്രവുമായി ചേർന്നു കിടന്നിരുന്നു പൊലീസ് സ്റ്റേഷൻ നടപ്പാലം.