മുസ്‌ലിം വിരുദ്ധത പ്രസംഗിച്ചു; 14കാരിക്കെതിരെ രോഷം; വിഡിയോകൾ യൂട്യൂബ് നീക്കി

'സോഫ്' എന്ന പെൺകുട്ടിയും അവളുടെ യുട്യൂബ് ചാനലും വളരെ പെട്ടന്നാണ് സൈബർലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. എന്നാൽ അത്ര നല്ല കാര്യത്തിന്റെ പേരിലല്ല ഈ പ്രശസ്തി. മുസ്‌ലിം മതവിശ്വാസികൾക്ക് എതിരെ കടുത്ത വംശീയവും വിദ്വേഷജനകവുമായ കാര്യങ്ങളാണ് കുട്ടി യൂട്യൂബിലൂടെ പറയുന്നത്. അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോയ്ക്കടുത്തുള്ള ബേ ഏരിയ സ്വദേശിയാണ് പെൺകുട്ടി. ഹിജാബ് ധരിച്ച് മതവിദ്വേഷം സംസാരിക്കുന്ന ചാനൽ ഒരു മാധ്യമപ്രവർത്തകന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൂടുതൽപേർ അറിയുന്നത്. കുട്ടിയുടേത് വിദ്വേഷ പ്രസംഗമാണെന്ന് മാധ്യമപ്രവർത്തകൻ ചൂണ്ടികാട്ടിയതോടെ ചാനലിലെ എല്ലാ വിഡിയോയും യൂട്യൂബ് കളഞ്ഞു. 

ഇസ്‌ലാം മതത്തിൽ വിശ്വസിക്കുന്നവരുടെ ചേതോവികാരങ്ങളെ മുറിപ്പെടുത്തും വിധത്തിൽ  മതത്തെയും പ്രവാചകനെയും പ്രവാചകചര്യകളെയും അപഹസിച്ചുകൊണ്ടാണ് ഈ കുട്ടിയുടെ യൂട്യൂബ് പ്രസംഗങ്ങൾ. സോഫിന്റെ വിഡിയോ കുട്ടിക്കളിയല്ലെന്ന് തിരിച്ചറിഞ്ഞ് യൂട്യൂബ് വിഡിയോകൾ പിൻവലിക്കുമ്പോഴേക്കും എട്ടുലക്ഷത്തിൽ പരം ആളുകൾ ഈ വ്ലോഗ് പിൻതുടർന്നുകഴിഞ്ഞിരുന്നു. 

 തനിക്ക് അധികാരം കിട്ടിയാൽ താൻ 'മുസ്‌ലിങ്ങളുടെ ഹിറ്റ്‌ലർ ആവും'  'എല്ലാറ്റിനെയും ഗ്യാസ് ചേംബറിൽ അടച്ച് കൊല്ലും' എന്നുമാണ് ഈ പെൺകുട്ടി പറയുന്നത്. കുട്ടിയ്ക്ക് പ്രസംഗം എഴുതി നൽകുന്നതിന് പിന്നിൽ മറ്റാരുടെയോ ബുദ്ധികൂടിയുണ്ട്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാൾ സഹായിക്കാറുണ്ടെന്ന് കുട്ടിതന്നെ യൂട്യൂബിലൂടെ പറയുന്നുണ്ട്.

സോഫ് ഇന്നും ഇന്നലെയുമല്ല വ്ലോഗിങ് തുടങ്ങുന്നത്. ഒമ്പതാമത്തെ വയസിൽ LtCorbis എന്ന പേരിൽ ഒരു ഗെയിം സ്ട്രീമർ ആയിട്ടാണ് സോഫിന്റെ രംഗപ്രവേശം. വളരെ പെട്ടന്ന് തന്നെ യൂട്യൂബ് ഉപയോക്താക്കളുടെ ഇടയിൽ ഇവൾ സുപരിചിതയായി. നിരവധി സെലിബ്രിറ്റികൾ ഈ ചെറിയ കുട്ടിയുടെ വ്ലോഗിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. മൂന്നുവർഷം മുൻപ് ഈ പെൺകുട്ടി യൂട്യൂബിന്റെ ഭാവിതാരമാണ് എന്ന് ഒരു ഓൺലൈൻ പോർട്ടൽ വാഴ്ത്തുകയും ചെയ്തിരുന്നു. യൂട്യൂബിന്റെ പ്രിയങ്കരിയായ ഈ കുട്ടി എങ്ങനെയാണ് ഇസ്ലാമോഫോബിയയുടെ പിടിയിലാകുന്നതെന്ന് കണ്ടെത്തിയിട്ടില്ല.