മകൾ പഠിക്കുന്നുണ്ടോ എന്നറിയണം; നായയെ കാവൽ നിർത്തി പിതാവ്; വിചിത്രം

മക്കളുടെ പഠനകാര്യങ്ങളിൽ ആശങ്കയുള്ളവരാണ് മിക്ക മാതാപിതാക്കളും. അവർ പഠിക്കുന്നുണ്ടോ എന്നറിയാൻ പല മാർഗങ്ങളും പരീക്ഷിക്കാറുണ്ട്. എന്നാൽ ഈ അച്ഛൻ ഒരു പടി കൂടി കടന്ന് മകൾ പഠിക്കുന്നുണ്ടോ അതോ മൊബൈൽ നോക്കി സമയം കളയുകയാണോ എന്നറിയാൻ നിയോഗിച്ചത് ഒരു നായയെ.

പ്രത്യേക പരിശീലനം നൽകിയാണ് മകളെ നിരീക്ഷിക്കാൻ നായയെ നിയോഗിച്ചത്. ചൈനയിലാണ് വിചിത്രമായ ഈ സംഭവം. നായയുടെ കാലുകൾ എപ്പോഴും സ്റ്റഡി ടേബിളിനു മുകളിൽ ഉണ്ടാകും. പെൺകുട്ടിയുടെ കൈ മൊബൈലിനടുത്തേക്ക് നീങ്ങിയാൽ അവളെ തടയും. നായ ചെറുതായിരുന്നപ്പോൾ മുതൽ ഇക്കാര്യത്തിൽ താന്‍ പരിശീലനം നൽകി വരികയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

ഫത്വാന്‍ എന്നാണ് നായയുടെ പേര്. ഫത്വാൻ തന്‍റെ കൂടെയുള്ളത് യാതൊരു വിധത്തിലുള്ള ശല്യവും ഉണ്ടാക്കുന്നില്ലെന്നും തന്‍റെ സഹപാഠിയെപ്പോലെയാണ് അവനെന്നും പെണ്‍കുട്ടി പറയുന്നു.