വീണ്ടും പണിതു; തൊട്ടുപിന്നാലെ എട്ടാംവട്ടവും മതില്‍ വണ്ടിയിടിച്ച് തകര്‍ന്നു

എട്ടാം തവണയും യോഗമില്ല, പുനർനിർമിച്ചതിന്റെ തൊട്ടുപിന്നാലെ മതിൽ വീണ്ടും വാഹനം ഇടിച്ചു തകർത്തു. പൊന്നാനി തെക്കേപ്പാട്ടുപടിയിലുള്ള ശ്രീഹരി എന്ന വീടിനാണ് ഈ ദുർഗതി. ശ്രീഹരിയിൽ സാഗരിക രവീന്ദ്രന്റെ വീടിന്റെ മതിൽ വാഹനം ഇടിച്ചുതകരുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. ഇന്നലെ പുലർച്ചെ ചരക്കു ലോറി ഇടിച്ച് മതിൽ പൂർണമായി തകർന്നു. വീടിന്റെ ചുമരിനും വിള്ളലുണ്ട്. തൊട്ടടുത്ത തെക്കേപ്പാട്ട് രാജഗോപാലിന്റെ വീടിന്റെ മതിൽ 6 തവണ തകർന്നിട്ടുണ്ട്. അപകടത്തെ ഭയക്കാതെ മനസമാധാനമായി ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇവിടെ നിന്നും കുടുംബങ്ങൾ വീടൊഴിയേണ്ട അവസ്ഥയാണ്. 

കഴിഞ്ഞവർഷവും സമാനമായ അപകടങ്ങളുണ്ടായപ്പോൾ മലയാള മനോരമ ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണനും നഗരസഭാധ്യക്ഷൻ സി.പി.മുഹമ്മദ് കുഞ്ഞിയുമെല്ലാം വീട്ടുകാരുമായി സംസാരിച്ച് അപകട വളവിൽ ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്താനും റോഡ് പുനർനിർമിക്കാനും നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. 

ഒരു വർഷം കഴിഞ്ഞിട്ടും ഉറപ്പ് പാലിക്കപ്പെട്ടില്ല. റോഡിൽ അശാസ്ത്രീയമായി നിർമിച്ച വേഗത്തടകൾക്ക് മുകളിലൂടെ കണ്ടെയ്നർ ലോറികൾ കടന്നുപോകുമ്പോൾ വീട് മൊത്തത്തിൽ കുലുങ്ങും. രാത്രിയിൽ വീട്ടുകാർക്ക് ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വീടിന്റെ ഗേറ്റിനോട് ചേർന്നുള്ള കോൺക്രീറ്റ് ബീമുകൾ വരെ തകർന്നടിഞ്ഞു.