സമ്മർദം താങ്ങാനാകാതെ കൂട്ടുകാരിയുടെ വീട്ടിലേക്ക് മുങ്ങി; ശ്രീലക്ഷ്മി റാങ്കുമായി മടങ്ങി

സിവിൽ സർവീസിലെ സ്വപ്ന തുല്യനേട്ടത്തിന്‍റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് ആലുവ കടുങ്ങല്ലൂരിലെ സഹജഗ്രാമം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ ശ്രീലക്ഷ്മി ആറാം ശ്രമത്തിലാണ് സിവിൽ സർവീസ് സ്വന്തമാക്കിയത്. മന്ത്രി മെഴ്സിക്കുട്ടിയമ്മ അടക്കമുള്ളവർ അഭിനന്ദനങ്ങളുമായി സഹജഗ്രാമത്തിലെ വീട്ടിലേക്കെത്തി.

കഴിഞ്ഞ തവണ കൈയ്യെത്തും ദൂരത്ത് നഷ്ടമായ സിവിൽ സർവീസാണ് ഇത്തവണ റാങ്ക് തിളക്കത്തോടെ ശ്രീലക്ഷ്മി തിരിച്ചു പിടിച്ചിരിക്കുന്നത്. ഇരുപത്തിയൊന്പതാം റാങ്കുള്ളതിനാൽ കേരള കേഡറിൽ ഐഎഎസ് ഓപ്റ്റ് ചെയ്യാനാണ് തീരുമാനം.

സിവിൽ സർവീസ് ഫലപ്രഖ്യാപനത്തിൻറെ സമ്മർദം താങ്ങാനാകാതെ കഴിഞ്ഞ ദിവസം തൃശൂരിലെ കൂട്ടുകാരിയുടെ വീട്ടിലേക്ക് മുങ്ങിയ ശ്രീലക്ഷ്മി, റാങ്കുകാരിയായി ഇന്നു രാവിലെയാണ് വീട്ടിലെത്തിയത്. 

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്രീലക്ഷ്മി ഇക്കണോമിക്സ് തന്നെയായണ് സിവിൽ സർവീസിൽ ഐച്ഛിക വിഷയമായെടുത്തതും. പഠനവും പരിശീലനവും സ്വന്തം നിലയ്ക്കായിരുന്നു.

സമൂഹത്തിൻറെ നൻമയ്ക്കായി സിവിൽ സർവീസ് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ശ്രീലക്ഷ്മി പറയുന്നു