ശ്രീമതി ടീച്ചർ നൃത്തം ചെയ്തപ്പോഴും കളിയാക്കി; രമ്യ പാടിയാലെന്താ തകരാറ്: ശാരദക്കുട്ടി

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് പാട്ടുപാടിയാലെന്താണ് തകരാറെന്ന് എഴുത്തുകാരി ശാരദക്കുട്ടി. മുന്‍പ് ശ്രീമതി ടീച്ചർ നൃത്തം ചെയ്തപ്പോഴും ഇത്തരത്തിൽ കളിയാക്കിയിരുന്നു. ആൾക്കൂട്ടത്തിനൊപ്പം വീണാ ജോർജും ശ്രീമതി ടീച്ചറും ഷാനിമോളും ഗോമതിയും രമ്യാ ഹരിദാസും ശോഭാ സുരേന്ദ്രനും പാടുകയും നൃത്തം ചെയ്യുകയും വേണമെന്ന് ശാദരക്കുട്ടി ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. 

പകയും വാശിയും തെറിയും ആഭാസത്തരവും കൊല്ലും ഒന്നുമല്ലല്ലോ. പാട്ടും കൂത്തുമല്ലേ? അത് കോളജ് വിദ്യാഭ്യാസ കാലത്ത് അവസാനിപ്പിക്കേണ്ട ഒന്നല്ലെന്നും ശാരദക്കുട്ടി പറയുന്നു. 

കുറിപ്പ് വായിക്കാം: 

രമ്യ ഹരിദാസ് പാട്ടു പാടിയാലെന്താ തകരാറ്? ശ്രീമതി ടീച്ചർ പണ്ട് നൃത്തം ചെയ്തപ്പോൾ പലരും കളിയാക്കിയിരുന്നു. അപ്പോൾ തോന്നിയതും ഇതു തന്നെ. ശ്രീമതി ടീച്ചറിനെന്താ നൃത്തം ചെയ്താൽ? സി.എസ്.സുജാതയുടെ നേതൃത്വത്തിൽ വിപ്ലവക്കുമ്മി വന്നപ്പോഴും അതിനിപ്പോൾ എന്താ തകരാറ് എന്നേ തോന്നിയിട്ടുള്ളു.

ആൾക്കൂട്ടത്തിനൊപ്പം വീണാ ജോർജും ശ്രീമതി ടീച്ചറും ഷാനിമോളും ഗോമതിയും രമ്യാ ഹരിദാസും ശോഭാ സുരേന്ദ്രനും ഒക്കെ പാടുക മാത്രമല്ല നൃത്തം ചെയ്യുകയും വേണം. വലിയ രാഷ്ട്രീയ ഗൗരവപൊയ്മുഖങ്ങൾ ഒക്കെ അഴിഞ്ഞു വീഴട്ടെ.

സ്ത്രീകളുടെ പ്രകടനപത്രികകളിൽ സന്തോഷവും സമാധാനവും ആനന്ദവും ഉണർവും വീര്യവും നിറയട്ടെ.ഇതൊക്കെ തിരഞ്ഞെടുപ്പു കാലത്തു മാത്രമല്ല എല്ലായ്പോഴും സാധ്യമാകണം. ലോകസമാധാന പാലനത്തിൽ സ്ത്രീകൾക്ക് കാര്യമായി പലതും ചെയ്യാനാകും
സ്ത്രീകൾ രംഗത്തു വരുമ്പോൾ രാഷ്ട്രീയ തിരഞ്ഞെടുപ്പുകൾക്ക് കൂടുതലായ ഒരുണർവ്വുണ്ടാകട്ടെ. തെരുവുകൾ ആഹ്ലാദഭരിതമാകണം.

പകയും വാശിയും തെറിയും ആഭാസത്തരവും കൊല്ലും കൊലവിളിയും വെട്ടും കുത്തും ഒന്നുമല്ലല്ലോ. പാട്ടും കൂത്തുമല്ലേ? അത് കോളേജ് വിദ്യാഭ്യാസകാലത്ത് അവസാനിപ്പിക്കേണ്ട ഒന്നല്ല.

രമ്യയുടെ പ്രചാരണരീതികളെ പരിഹസിച്ച് കൊണ്ടായിരുന്നു ദീപ നിശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ടെന്നും ദീപ കുറിപ്പിൽ വിമർശിച്ചു.

പോസ്റ്റിന് പിന്നാലെ ദീപയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. 

‘ചുരണ്ടിനോക്ക് ടീച്ചറെ, ഒരു സവർണ തമ്പുരാട്ടിയുടെ അയിത്തം കാണാം’; രമ്യയെ പരിഹസിച്ച ദീപയ്ക്ക് മറുപടി