വിജയരാഘവൻ പി സി ജോർജിനെ ഓർമ്മിപ്പിക്കുന്നു; ലജ്ജിക്കുക; വിമർശിച്ച് ശാരദക്കുട്ടി

ആലത്തൂരിലെ യു‍ഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമർശം നടത്തിയ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെ വിമർശിച്ച് എഴുത്തുകാരി  ശാരദക്കുട്ടി. വിജയരാഘവന്റെ തരം താണ പരാമർശം പി സി ജോർജിനെ ഓർമിപ്പിക്കുന്നു. ലജ്ജിക്കേണ്ടത് ഞങ്ങളല്ല, നിങ്ങളാണെന്ന് ശാരദക്കുട്ടി പറയുന്നു.

രമ്യ മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെയാണ് വിജയരാഘവൻ മോശം രീതിയിൽ പരാമർശിച്ചത്. പൊന്നാനി ലോക്സഭാ മണ്ഡലം എൽഡിഎഫ് കൺവെൻഷനിലായിരുന്നു വിവാദ പരാമർശം.  

കുറിപ്പ് വായിക്കാം: 

സ്ത്രീ വിരുദ്ധതയ്ക്കും രാഷ്ട്രീയാശ്ലീലങ്ങൾ ക്കുമെതിരെ ദിവസവും രാവിലെ പ്രതികരിക്കേണ്ടി വരുന്ന ഗതികേടാണ് ഗതികേട്. ലജ്ജിക്കേണ്ടത് നിങ്ങളാണ്, ഞങ്ങളല്ല.

സ.വിജയരാഘവൻ പാർട്ടിക്ക് തിരഞ്ഞെടുപ്പു കാലത്തു തന്നെ ഇമ്മാതിരി പണികൾ കൊടുത്തതിലല്ല വിഷമം. നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് ഓർത്താണ്. നിങ്ങൾ ഇന്നലെ പറഞ്ഞ തരംതാണ തമാശ പി.സി.ജോർജ്ജിനെ ഓർമ്മിപ്പിക്കുന്നു. ലജ്ജിക്കേണ്ടത് നിങ്ങളാണ്.ഞങ്ങളല്ല.

പ്രതികരിക്ക്, പ്രതികരിക്ക് എന്ന് പിന്നാലെ നടന്നു പറയുന്ന ഊളകളോടാണ് അടുത്തു പറയാൻ പോകുന്നത്. ആണാണെന്നു പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന നിങ്ങടെയെല്ലാം ഉള്ളിലിരിപ്പ് ഇതു തന്നെയാണ്. ഇതിനു പിന്നാലെ നടന്ന് പ്രതികരിക്കാൻ സൗകര്യപ്പെടില്ല. പ്രതികരിക്ക് എന്നു പറയുന്നവനെ ആ നിമിഷം അടിച്ചു പുറത്തു കളയും. വേറെ ജോലികളുണ്ട്. ലജ്ജിക്കേണ്ടത് നിങ്ങളാണ് ഞങ്ങളല്ല.