കേരളത്തിൽ ഇത്തവണ മുൻപ് എങ്ങുമില്ലാത്തവിധമാണ് ചൂട് കൂടിയിരിക്കുന്നത്. ഇതിനോടകം നിരവധിപ്പേർക്ക് സൂര്യാഘാതം മൂലം പൊള്ളലേറ്റു. താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സൂര്യാഘാതത്തെ നേരിടേണ്ടതെങ്ങനെയാണ് വിശദമായ കുറിപ്പ് ഇട്ടിരിക്കുകയാണ് ഇൻഫോ ക്ലിനിക്ക്. കുറിപ്പിന്റെ പൂർണ്ണരൂപം:
ഒരാൾ സൂര്യാഘാതമേറ്റ് മരിച്ചെന്ന് കേൾക്കുന്നു, ദേഹത്തു പൊള്ളലേറ്റ പാടുകളുണ്ടെന്ന്.
വെയിലത്ത് ബൈക്കോടിച്ച്, തളർന്ന് ഞാനും വീട്ടിലെത്തിയേയുള്ളൂ അപാരചൂട് തന്നെ. അതുകൊണ്ട് വെയിലേറ്റാൽ ഉണ്ടാവുന്ന മാറ്റങ്ങളെയും സൂര്യാഘാതത്തെ നേരിടേണ്ടതെങ്ങനെയെന്നും അറിഞ്ഞു വയ്ക്കണം.
I. സൂര്യാഘാതത്തിന്റെ ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍ (WARNING SIGNS)
👉 വിളര്‍ച്ച ബാധിച്ച പോലത്തെ ചര്‍മ്മം
👉 ക്ഷീണം
👉 ഓക്കാനവും ചെറിയ തലകറക്കവും
👉 സാധാരണയിലധികമായി വിയര്‍ക്കുക
👉 ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്
👉 ആഴം കുറഞ്ഞ, എന്നാല്‍ വേഗം കൂടിയ ശ്വാസമെടുപ്പ്
👉 പേശികളുടെ കോച്ചിപ്പിടുത്തം
ഈ ലക്ഷണങ്ങള്‍ എന്തെങ്കിലും തോന്നിയാല്‍, ഉടനെ അടുത്തുള്ള തണലില്‍/ തണുപ്പുള്ള സ്ഥലത്തുപോയി വിശ്രമിക്കണം. ഉപ്പും പഞ്ചസാരയും ലയിപ്പിച്ച വെള്ളം ധാരാളം കുടിക്കണം. അരമണിക്കൂര്‍ കഴിഞ്ഞും ബുദ്ധിമുട്ടുകള്‍ മാറുന്നില്ലായെങ്കില്‍ ഡോക്ടറെ കാണണം.
II. ഉടനെ ചികിത്സ ലഭ്യമാക്കേണ്ട അവസരങ്ങള്‍
👉 ചര്‍മ്മം ഒട്ടും തന്നെ വിയര്‍ക്കാത്ത അവസ്ഥ. ഒപ്പം ചൂടുള്ളതും വരണ്ടതും ആണെങ്കില്‍.
👉 സ്ഥലകാല വിഭ്രാന്തി, ബോധക്ഷയം
👉 വിങ്ങുന്ന മാതിരിയുള്ള തലവേദന
👉 ചര്‍ദ്ദി
👉 ശ്വാസംമുട്ടല്‍
III.കൂടെയുള്ള ഒരാള്‍ക്ക് സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യണം?
👍 ആഘാതമേറ്റയാളെ ഉടന്‍തന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം
👍 വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റണം
👍 മൂക്കിലോ വായിലോ ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയുമൊക്കെ ഉണ്ടെങ്കില്‍ തുടച്ചുമാറ്റുക
👍 തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും
👍 തുടര്‍ന്ന് ശക്തിയായി വീശുകയോ ഫാന്‍കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക
👍 കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും
👍 രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക
IV. പ്രതിരോധ മാര്‍ഗങ്ങള്‍
💥 നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടു-മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം
💥 ചായ, കാപ്പി തുടങ്ങിയവ കുറയ്ക്കുക. കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവ ഒഴിവാക്കണം. ഇവ താല്‍ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്‍ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യും
💥 പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം മിതമാക്കുക
💥 അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക.
💥 രാവിലെ പതിനൊന്നു മണിമുതല്‍ ഉച്ചക്ക് മൂന്നുമണി വരെയുള്ള വെയില് കൊള്ളുന്നത് ഒഴിവാക്കണം. വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക
💥 നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്
💥 പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ വൈദ്യസഹായം തേടുക
💥 കുട്ടികളോ പ്രായമായവരോ വീട്ടിലുണ്ടെങ്കില്‍ അവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
എഴുതിയത്: Dr. Manoj Vellanad