കളിയരങ്ങില്‍ സജീവമായി വനിതാ കൂട്ടായ്മ

പുരുഷ േമധാവിത്വം നിറഞ്ഞു നിന്നിരുന്ന കലാരൂപമായിരുന്നു കഥകളി ഒരുകാലത്ത്. എന്നാല്‍ കഥകളിയരങ്ങിലെയും അണിയറയിലെയും പുരുഷ കുത്തക തകര്‍ത്തത് തൃപ്പൂണിത്തുറയിലെ ഒരു വനിതാ കൂട്ടായ്മയാണ്. നാലര പതിറ്റാണ്ടിനിപ്പുറവും തൃപ്പൂണിത്തുറ വനിതാ കഥകളി സംഘം  ഇന്നും കളിയരങ്ങില്‍ സജീവമാണ്.

സ്ത്രീ വേഷവും പുരുഷ വേഷവും പുരുഷന്‍മാര്‍ കെട്ടിയാടിയിരുന്ന കാലത്താണ് 1975ല്‍ തൃപ്പൂണിത്തുറ വനിത കഥകളി സംഘം രൂപീകൃതമാകുന്നത് . കഥയിലെ ഒന്നോ രണ്ടോ വേഷങ്ങള്‍ മാത്രം വനിതകള്‍ ചെയ്തിരുന്നിടത്തു നിന്ന് കത്തി,താടി,പച്ച,മിനുക്ക് തുടങ്ങി കഥയിലെ എല്ലാ വേഷങ്ങളും വനിതകള്‍ കൈകാര്യം ചെയ്യുന്നിടം വരെയെത്തി തൃപ്പൂണിത്തുറ വനിതാ കഥകളി സംഘത്തിന്‍റെ മികവ്.

ഇപ്പോള്‍ ഇരുപത്തിയഞ്ച് അംഗങ്ങളാണ് സംഘത്തിലുളളത്. പൂര്‍ണ പിന്തുണയുമായി പുരുഷന്‍മാരും വനിതകള്‍ക്കൊപ്പമുണ്ട്. നാല്‍പ്പത്തിനാലു വര്‍ഷം നീണ്ട കലാസപര്യയ്ക്ക് 2016ല്‍ രാഷ്ട്രപതിയുടെ നാരീശക്തി പുരസ്കാരവും ഈ വനിതാ കൂട്ടായ്മയെ തേടിയെത്തി.