ഞങ്ങൾ കരയുന്നത് അവൾ സഹിക്കില്ല; അതുകൊണ്ടാണ് ഇങ്ങനെ: അഭിമുഖം

"ഞാൻ എഴുതുവോളം കാലം നിനക്ക് മരണമില്ല" എന്ന വാചകത്തെ അന്വർഥമാക്കുകയാണ് രമേശ് കുമാർ. രണ്ടരവർഷം മുമ്പ് കാൻസർ തട്ടിയെടുത്ത ഭാര്യ അശ്വതിയെ ഇന്നും എഴുത്തിലൂടെ പ്രണയത്തിലൂടെ ജീവിപ്പിക്കുകയാണ് രമേശ്. രമേശിന്റെ വരികളൂടെ കടന്നുപോകുമ്പോൾ മനസിലാകും ഇരുവരുടെയും സ്നേഹത്തിന്റെ കടലാഴം എത്രത്തോളമുണ്ടായിരുന്നുവെന്ന്. അശ്വതിയെ നേരിട്ട് പരിചയമില്ലാത്തവർക്കുപോലും ഇന്ന് അശ്വതിയെ അറിയാം. ആ സ്നേഹനഷ്ടത്തിന്റെ നോവറിയാം. ഇന്നും ഭാര്യയോടുള്ള പ്രണയം കാത്തുസൂക്ഷിക്കുന്നതിനെക്കുറിച്ച് അശ്വതിയുടെ നിറമുള്ള സ്വപ്നങ്ങളെക്കുറിച്ച് രമേശ് പ്രണയദിനത്തിൽ മനോരമ ന്യൂസ് ഡോട്ട്കോമിനോട് മനസ് തുറക്കുന്നു.

22 വയസുള്ളപ്പോഴാണ് അച്ചു (അശ്വതി) ജീവിതത്തിലേക്ക് കടന്നുവരുന്നത്. എന്തും പറയാൻ സാധിക്കുന്ന, പ്രശ്നങ്ങൾ വരുമ്പോൾ കട്ടയ്ക്ക് കൂടെ നിൽക്കുന്ന എന്റ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു അവൾ. ഞങ്ങൾ പരസ്പരം ഇഷ്ടമായിരുന്നെങ്കിലും ആദ്യം തുറന്നു പറഞ്ഞത് അച്ചുവാണ്. കൂടെ കൂടുകയാണെന്ന് പറഞ്ഞപ്പോൾ ശരി കൂടിക്കോയെന്ന് പറഞ്ഞു. സെപ്തംബർ 2, 2014ന് പ്രണയത്തെ ഒരു താലികെട്ടി കൂടെയങ്ങ് കൂട്ടി.

പിന്നീടങ്ങോട്ട് ശരിക്കും സ്വപ്നം പോലെയുള്ള ജീവിതമായിരുന്നു. പ്രണയിച്ചയാളിനെ സ്വന്തമാക്കിയതിന്റെ എല്ലാസന്തോഷവുമുണ്ടായിരുന്നു. ആളുകൾ പൈങ്കിളി എന്ന് വിളിക്കുന്ന ഒരുപാട് പൈങ്കിളിത്തരങ്ങളിലൂടെയായിരുന്നു ഞങ്ങളുടെ ജീവിതം. മഴനനയണം പുഴകാണണം,കടലിൽമുങ്ങണം,കാട് കേറണം,എങ്ങോട്ടെന്നറിയാതെ യാത്രകൾ ചെയ്യണം, കുന്നിന്മുകളിൽകേറി കൂവണം , തണുപ്പുള്ള രാത്രിയിൽ ബൈക്കിലൊരുമിച്ചു പതിയെ കറങ്ങണം , തട്ടുകടയിൽ പോയി കട്ടനും ഓംലെറ്റും കഴിക്കണം , ചൂടുള്ള കട്ടൻ ഊതി കുടിക്കുമ്പോൾ കണ്ണിൽ കണ്ണിൽ നോക്കി പുഞ്ചിരിച്ചു നിൽക്കണം,ടെറസിനുമുകളിൽ മാനം നോക്കി കിടക്കണം , മഴത്തണുപ്പിൽ ഉമ്മവെക്കണം , കെട്ടിപിടിക്കണം കഥപറഞ്ഞുറങ്ങണം ഉറക്കത്തിലും ചേർത്ത് പിടിക്കണം ....അങ്ങനെയങ്ങനെ ഒരുപാട്...   ജീവിതം ഇങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് മകനുണ്ടാകുന്നത്. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നാളുകളായിരുന്നു. 

ഒരുപാട് സ്വപ്നങ്ങളുള്ള ആളായിരുന്നു അച്ചു. നന്നായിട്ട് കഥകളും കവിതകളുമൊക്കെ എഴുതുമായിരുന്നു. എംഎസ്‌സിയും ബിഎഡും നെറ്റുമൊക്കെ എഴുതിയെടുത്തിരുന്നു. നിരവധി പി.എസ്.എസി പരീക്ഷകളുടെ റാങ്ക് ലിസ്റ്റിൽ പേരും വന്നിരുന്നു. ഒരുപാട് പ്രതീക്ഷകളുമായി ജീവിതം മുന്നോട്ട് പോകുമ്പോഴാണ് കാൻസർ അവളെ പിടികൂടുന്നത്. മകനപ്പോൾ ഒന്നരവയസായിരുന്നു പ്രായം.

ചിരിച്ചുകളിച്ച് ആശുപത്രിയിൽ പോയ ഞങ്ങൾ തിരികെ ഇറങ്ങുന്നത് അവൾക്ക് കാൻസറിന്റെ നാലാം ഘട്ടമാണെന്ന ഞെട്ടിക്കുന്ന വിവരം കേട്ടുകൊണ്ടാണ്. ജീവിതം ശരിക്കും ഒഴുക്ക് നിലച്ചതുപോലെയായിരുന്നു. എന്നിട്ടും തളർന്നില്ല, പിന്നീടുള്ള രണ്ട് വർഷങ്ങൾ വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോയത്. എന്നാലും അതിന്റെയിടയ്ക്കും ഞങ്ങളുടേതായ സന്തോഷങ്ങൾ കണ്ടെത്തിയിരുന്നു. കേരളബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന് സച്ചിനെത്തുന്നുവെന്ന് അറിഞ്ഞപ്പോൾ അച്ചുവിന് സച്ചിനെ കാണാൻ മോഹം തോന്നി. ഒരുപാട് റിസ്ക്ക് എടുത്തിട്ടാണ് അവളുടെ ആ ആഗ്രഹം സാധിച്ചുകൊടുത്തത്. സാധിക്കുന്നത് പോലെയെല്ലാം ഞങ്ങൾ ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ രണ്ടാമതും അസുഖം വന്നതോടെ ഇനി അധികം ഇല്ല എന്ന തിരിച്ചറിവിലേക്ക് എത്തി. എന്നേക്കാൾ ആദ്യം മനസിലാക്കിയതും അതിനോട് പൊരുത്തപ്പെട്ടതും അച്ചുവായിരുന്നു.

അവസാനനാളുകളിൽ എന്നെയും മോനെയും അവളില്ലാത്ത ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അവൾ തന്നെ പരിശീലിപ്പിച്ചെടുക്കുകയായിരുന്നു. മൂന്ന് വയസുള്ള കുഞ്ഞിനെ അമ്മയില്ലാതെ എങ്ങനെ ജീവിക്കാൻ സാധിക്കുമെന്ന് പഠിപ്പിച്ചു. അച്ചു പോയതിന് ശേഷം ആകെ രണ്ടോ മൂന്നോ തവണയാണ് മോൻ അമ്മയെക്കുറിച്ച് ചോദിക്കുന്നത്. അപ്പോൾ പറയേണ്ട മറുപടിയും അവൾ തന്നെ പറഞ്ഞുതന്നിട്ടുണ്ടായിരുന്നു. അച്ചുവിന്റെ അവസാനദിനങ്ങൾ മോനും നേരിട്ട് കണ്ടതാണ്. ഒരു കയ്യിൽ അവളും മറുകയ്യിൽ കുഞ്ഞുമായാണ് ആ സമയത്ത് ഞാൻ നടന്നത്. 

അവസാനമായപ്പോൾ എന്നോട് കൂൾ ആകണമെന്നാണ് അവൾ പറഞ്ഞത്. വിധി ഇതാണ്, ഇനിയിപ്പോൾ ആവശ്യമുള്ള പാലിയേറ്റീവ്കെയർ നൽകുക, എന്നിട്ട് വിധിയെ നേരിടാൻ കൂളായിട്ടിരിക്കണമെന്ന് അവൾ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ വേർപാടിന് ശേഷം താടിയും മുടിയും വളർത്തി കരഞ്ഞുകൊണ്ടൊന്നും നടക്കരുതെന്ന് എപ്പോഴും പറയുമായിരുന്നു. ഞാനും മോനും സങ്കടപ്പെടുന്നത് അവൾക്ക് ഇഷ്ടമായിരുന്നില്ല. ഞങ്ങളെന്നും അടിപൊളിയായിട്ട് ജീവിക്കണമെന്നായിരുന്നു ആഗ്രഹം.

എന്നാൽ അവൾ പോയപ്പോൾ ഈ പറയുന്നത് പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങൾ. എനിക്കെന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ് നഷ്ടമായത്. ജീവിതം പെട്ടന്ന് ശൂന്യമായിപ്പോയി. ആ ശൂന്യത കൂടിക്കൂടി വന്നപ്പോഴാണ് അച്ചുവിനെക്കുറിച്ച് ഞാൻ എഴുതാൻ തുടങ്ങിയത്. അത് ആളുകൾ സ്വീകരിക്കുമെന്ന് വിചാരിച്ചതൊന്നുമല്ല. എഴുതിത്തുടങ്ങിയതോടെ ഒരുപാട് സൗഹൃദങ്ങൾ ഞങ്ങൾക്ക് ചുറ്റും ഉണ്ടായി. ഞാനും മോനും ഒറ്റപ്പെട്ട് പോകുമോയെന്നുള്ള സങ്കടം അവൾക്കുണ്ടായിരുന്നു. ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് അച്ചു പ്രേരിപ്പിച്ചതുകൊണ്ടാണ് ഞാൻ എഴുതിത്തുടങ്ങിയതെന്നാണ്. ആളുകൾ എഴുതുന്നത് വായിക്കാൻ തുടങ്ങിയതോടെ കുറിപ്പുകളിലൂടെയെങ്കിലും അച്ചുവിനെ ജീവിപ്പിച്ചു നിർത്തണമെന്ന് തോന്നി. അത്രയൊക്കെയല്ലേ ഇനി എനിക്ക് ചെയ്യാൻ സാധിക്കൂ. 

അവളോടൊത്തുള്ള ഓരോ നിമിഷവും അത്രമേൽ സുന്ദരമായതുകൊണ്ടാണ് ജീവിതത്തിലെ കൊച്ചുകൊച്ചുകാര്യങ്ങൾ പോലും ഓർത്തിരിക്കുന്നത്. ശരിക്കും അവളോടുള്ള പ്രണയവും കരുതലും സ്നേഹവുമാണ് എന്നെയും മകനെയും മുന്നോട്ട് കൊണ്ടുപോകുന്നത്. മകന്റെ ബാല്യം ദുഖകരമായ ഓർമകളിലാകരുതെന്ന് നിർബന്ധമുണ്ടായിരന്നു. അതുകൊണ്ട്, അച്ചുവുമൊത്ത് ജീവിച്ച കൊച്ചി വിട്ട് ഞങ്ങളിപ്പോൾ എന്റെ നാടായ പട്ടാമ്പിയിലാണ്. അവിടെ എന്റെ ചേച്ചിമാരും കുട്ടികളുമൊക്കെയുണ്ട്. അതുകൊണ്ട് മോന് സന്തോഷമാണ്. അവളും ആഗ്രഹിച്ചിരുന്നത് അതുതന്നെയാണ്. കുഞ്ഞുകുഞ്ഞുകാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തിയിരുന്നവൾക്ക് ഞങ്ങൾ കരയുന്നത് എങ്ങനെ സഹിക്കാനാകും- രമേശ് പറഞ്ഞു നിർത്തി.