ട്രിമ്മര്‍ വാങ്ങിവന്ന് ബാദുഷ പറഞ്ഞു: നമുക്ക് രണ്ടുപേർക്കും മൊട്ടയടിക്കാം: വിഡിയോ

കാൻസർ എന്ന രോഗത്തിന് മുന്നിൽ തളരാത്തവരായി ആരുമുണ്ടാകില്ല. ജീവിതം ഇനി ബാക്കിയില്ല എന്ന് ചിന്തിക്കുന്നവർക്ക് മുന്നിൽ ഷൊർണ്ണൂർ സ്വദേശികളായ ബാദുഷയ്ക്കും ശ്രുതിക്കും പറയാനുള്ളത് പ്രണയത്തിലൂടെ കാൻസറിനെ തോൽപ്പിച്ച കഥയാണ്. രണ്ടു വർഷത്തെ തീവ്രപ്രണയത്തിനു ശേഷം മതത്തിന്റെ വേലിക്കെട്ടുകൾ വകവെയ്ക്കാതെ വിവാഹം. മധുവിധുവിന് ശേഷം ശ്രുതിയേയും കൊണ്ട് ബാദുഷ ഹൈദരാബാദിലെ ജോലി സ്ഥലത്ത് എത്തി. ഏറെ പ്രതീക്ഷകളോടെയാണ് പുതിയ ജീവിതത്തിലേക്ക് ഇരുവരും പ്രവേശിച്ചത്. പക്ഷെ നിനച്ചിരിക്കാത്ത വില്ലനായി കാൻസർ കടന്നു വന്നു. അതിനെക്കുറിച്ച് ശ്രുതിയും ബാദുഷയും മനോരമ ന്യൂസ് കേരള കാനിൽ മനസുതുറന്നു.

ശ്രുതിയുടെ വാക്കുകൾ ഇങ്ങനെ: വിവാഹശേഷം വീട്ടുകാരുടെ പിന്തുണയില്ലായിരുന്നു. സമൂഹത്തെ പേടിച്ച് വീട്ടുകാർ വിവാഹം നടത്തി തന്നില്ലെങ്കിലും അവരുടെ അനുവാദം വാങ്ങിയിരുന്നു. പക്ഷെ അവരാരും ഞങ്ങളോട് സംസാരിക്കാതെയിരുന്ന കാലത്താണ് ഹൈദരാബാദിലേക്ക് പോകുന്നത്. ഒരു ദിവസം കുളിക്കുന്നതിന്റെ ഇടയിലാണ് കഴുത്തിലൊരു ചെറിയ മുഴ ശ്രദ്ധിക്കുന്നത്. ആദ്യം തന്നെ ഇത് കാൻസറാണോ എന്നൊരു സംശയം എനിക്ക് തോന്നി. ടെസ്റ്റ് നടത്തിയപ്പോൾ ടിബിയാണെന്നാണ് ഡോക്ടർ പറഞ്ഞത്. അതിനുള്ള മരുന്നുകളും തന്നു. പക്ഷെ അസ്വസ്ഥതകൾ മാറിയില്ല, ശരീരത്തില്‍ മറ്റുഭാഗത്തും കുരുക്കൾ വരാൻ തുടങ്ങി. ബുദ്ധിമുട്ടുകൾ മാറാതെ വന്നപ്പോഴാണ് ബയോപ്സിക്ക് അയക്കുന്നത്. എനിക്ക് അസുഖം വന്നതോടെ വീട്ടുകാർ പതുക്കെ അടുക്കാൻ തുടങ്ങിയിരുന്നു. എന്നെ വീട്ടിലാക്കിയിട്ടാണ് ബാദുഷ തിരികെ ഹൈദരബാദിലേയ്ക്ക് പോകുന്നത്. 

റിസൾട്ട് വന്നപ്പോഴാണ് അറിയുന്നത് ലിംഫോമ എന്ന കാൻസറാണെന്ന്. ആദ്യം വിവരം അറിയുന്നത് അച്ഛനാണ്. അച്ഛനാണ് ബാദുഷയെ വിവരം അറിയിക്കുന്നത്. എനിക്ക് കാൻസറാണെന്ന് അറിഞ്ഞപ്പോൾ തളരാതെ ബാദുഷ തന്ന കരുതലാണ് വീണ്ടും ജീവിതത്തിലേയ്ക്ക് എത്തിച്ചത്. കീമോ ചെയ്യുമ്പോൾ തലമുടി പോകുമെന്ന് ഡോക്ടർ പറഞ്ഞു. ആദ്യത്തെ കീമോ കഴിഞ്ഞ് മുടി കൊഴിഞ്ഞില്ല. പക്ഷെ രണ്ടാമത്തെ കീമോ കഴിഞ്ഞതോടെ മുടി കൊഴിയാൻ തുടങ്ങി. എന്റെ സങ്കടം കണ്ട് ബാദുഷ ട്രിമ്മർ വാങ്ങിച്ചുകൊണ്ടുവന്നിട്ട് പറഞ്ഞു, നമുക്ക് രണ്ടുപേർക്കും മൊട്ടയടിക്കാം. നിനക്ക് തലമുടി വളരാൻ തുടങ്ങിയ ശേഷമേ ഞാനും ഇനി വളർത്തുന്നുള്ളൂവെന്ന്. മുട്ടിമൊട്ടയടിച്ച എന്നെ കണ്ടിട്ട് എല്ലാവരും നല്ല ക്യൂട്ട് ആണല്ലോയെന്ന് പറഞ്ഞത് വലിയ ആത്മവിശ്വാസം തന്നു. 

കാൻസറിന് ഏറ്റവും ആവശ്യം കരുതലാണ്. അകന്നു നിന്ന ഞങ്ങളുടെ കുടുംബത്തെ ഒരുമിപ്പിക്കാൻ കാൻസറിന് കഴിഞ്ഞു. - ശ്രുതി പറഞ്ഞു.