വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകാൻ നാടകം; സംഭവ കഥയുമായി ബ്ലാക്ക് ഷീപ്പ്; വിഡിയോ

സിനിമാ മോഹം തലയ്ക്ക് പിടിച്ചിരിക്കുന്ന ഒരുകൂട്ടം സുഹൃത്തുക്കളുടെ ചർച്ചയിലാണ് നാട്ടിൽ നടന്ന ഒരു സംഭവം എത്തുന്നത്. വെറുതെ പങ്കുവച്ച ആശയത്തിൽ നിന്നാണ് ബ്ലാക്ക് ഷീപ്പ് എന്ന ഹ്രസ്വ ചിത്രത്തിന്റെ പിറവി. ആറുമിനിറ്റ് മാത്രമുള്ള ഇൗ ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

കോളജ് വിദ്യാർഥിനിയെ ബസിൽ നിന്നും തട്ടിക്കൊണ്ടുപോകാൻ പെൺവാണിഭ സംഘം നടത്തിയ നാടകത്തെ ആസ്പദമാക്കിയാണ് ഇൗ ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. കോളജിലേക്കുള്ള യാത്രക്കിടയിൽ ഒപ്പമിരുന്ന സ്ത്രീ പെൺകുട്ടിയുമായി സംസാരിക്കുകയും വലിയ അടുപ്പം പുലർത്തുകയും ചെയ്യുന്നു. കുട്ടിയെ വിശ്വസിപ്പിക്കാൻ കുടുംബത്തിലെ കഷ്ടതകളാണ് ഇവർ പങ്കുവയ്ക്കുന്നത്. ഇത് കേട്ട വിദ്യാർഥനി അവർ പറഞ്ഞതെല്ലാം വിശ്വസിക്കുകയും ചെയ്യുന്നു.

ബസ് കൂലിയ്ക്ക് പണം തികയില്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയെ കൊണ്ട് തന്നെ ഇവർ ടിക്കറ്റ് എടുപ്പിക്കുകയും ചെയ്തു. മറ്റ് യാത്രക്കാരുടെ ശ്രദ്ധയിൽ അമ്മയും മകളുമാണ് എന്ന ധാരണ ഉണ്ടാക്കിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പിന്നീടാണ് കഥ മാറുന്നത്. കൊല്ലം ചാത്തന്നൂരിൽ നടന്ന യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് നന്ദു ഉണ്ണികൃഷ്ണൻ ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.