മുതല മരിച്ചപ്പോള്‍ ആളൊഴുക്ക്; അമ്പലം പണിയാനൊരുങ്ങി ഒരു ജനത

മുതലയ്ക്ക് വേണ്ടി അമ്പലം പണിയാനൊരുങ്ങി ഛത്തീസ്ഗണ്ഡിലെ ജനങ്ങൾ. ഗ്രാമവാസികൾ തങ്ങളുടെ രക്ഷകനായി ആരാധിച്ച് വന്നിരുന്ന മുതല കഴിഞ്ഞ ദിവസം ചത്തുപോയി. ബെമെത്താര ജില്ലയിലെ ഭാവാ മോഹ്താര ഗ്രാമവാസികള്‍ മുതലയെ ഗംഗാരംഎന്നാണ് വിളിച്ചിരുന്നത്. 130 വയസോളം പ്രായുമുണ്ടായിരുന്നു മുതലയ്ക്ക്. 

മുതല കുളത്തില്‍ ചത്ത് പൊന്തിയതിന് പിന്നാലെ ഗ്രാമവാസികൾ ഒന്നടങ്കം സ്ഥലത്തെത്തി സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. അന്ന് ഗ്രാമത്തിലെ വീടുകളില്‍ ഭക്ഷണം പോലും പാചകം ചെയ്തില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുതല കഴിഞ്ഞിരുന്ന കുളത്തിന്റെ അടുത്ത് തന്നെയാണ് ഇതിനെ കുഴിച്ച് മൂടുന്നത്. ഇതിന് അടുത്തായി ഒരു ക്ഷേത്രം പണിയാനും ഗ്രാമവാസികള്‍ തീരുമാനിച്ചു. 

100 വര്‍ഷത്തില്‍ അധികമായി കുളത്തില്‍ ഈ മുതലയുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു.  500ല്‍ അധികം ഗ്രാമവാസികളാണ് മുതലയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. ശവശരീരം തൊട്ട് ഇവര്‍ അനുഗ്രഹം വാങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു. 

കുട്ടികള്‍ അടക്കമുളള ഗ്രാമവാസികള്‍ ഈ കുളത്തില്‍ കുളിക്കുമെങ്കിലും മുതല ഉപദ്രവിക്കില്ല. അടുത്ത് പോയാലും മുതല ഉപദ്രവിക്കില്ല. മറ്റുളളവര്‍ കുളിക്കുമ്പോള്‍ മുതല കുളത്തിന്റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങി നില്‍ക്കും. ചോറും കറിയും മുതലയ്ക്ക് കൊടുക്കാറുണ്ടായിരുന്നെന്നും ഗ്രാമവാസികള്‍ പറയുന്നു. തങ്ങള്‍ ദൈവത്തെ പോലെ കണ്ട ജീവിയാണ് ഇതെന്നും ഇവര്‍ വ്യക്തമാക്കുന്നു. 250 കി.ഗ്രാം ഭാരമുളള മുതലയെ ഗ്രാമത്തില്‍ തന്നെ അടക്കം ചെയ്യാന്‍ അനുവാദം നല്‍കിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.