അവന്റെ ഭാര്യയാണ് മരിച്ചത്; ദയവായി കള്ളവാര്‍ത്തകള്‍ കൊണ്ട് ദ്രോഹിക്കല്ലേ: കുറിപ്പ്

‘മരിച്ച മനസ്സുമായി നില്‍ക്കുന്ന ദിവ്യയുടെ ഭര്‍ത്താവ് പ്രവീണിന്റെ മുഖം മരണത്തെക്കാള്‍ കൊടൂരമായിരുന്നു. തന്റെ എല്ലാമെല്ലാമായ ഭാര്യയുടെ നഷ്ടപ്പെടല്‍ അയാളുടെ നിശ്ശബ്ദതയില്‍ വിങ്ങിപ്പൊട്ടുക ആയിരുന്നു. തന്റെ അമ്മ പോയത് മനസിലാവാതെ ചുരത്തിയ മുലപ്പാലിനായി കേഴുന്ന മകന്‍ അച്ഛന്റെ ഷര്‍ട്ടില്‍ മുറുകെ പിടിച്ചു ഇരിപ്പുണ്ടായിരുന്നു..’ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അപകടമരണവുമായി ബന്ധപ്പെട്ട വ്യാജവാർത്തകളുടെ മുനയൊടിക്കുന്നതാണ് ഫെയ്സ്ബുക്ക് കുറിപ്പിലെ വരികൾ. 

ഷാർജയിൽ വാഹനാപകടത്തിൽ മരിച്ച ദിവ്യ എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെടുത്തി ഭർത്താവ് പ്രവീണിനെതിരെ ഒട്ടേറെ വ്യാജവാർത്തകളാണ് പ്രചരിച്ചത്. അപകടമുണ്ടായത് ദിവ്യയുടെ ഭര്‍ത്താവ് പ്രവീൺ‌ മദ്യപിച്ച് വാഹനമോടിച്ചത് കൊണ്ടാണെന്നായിരുന്നു ഇതിെലാന്ന്. യുഎഇ അധികൃതർ പ്രവീണിന് പിഴ വിധിച്ചതും ഇതുകൊണ്ടാണെന്നും ഇത്തരം പോസ്റ്റുകളിൽ നിറഞ്ഞു. ഇതിനെതിരെയാണ് സുഹൃത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.  

‘യുഎഇ അധികൃതർ ഇന്ന് ഭര്‍ത്താവ് പ്രവീണിനു 200000 ദിർഹം(38 ലക്ഷം രൂപ) പിഴ ചുമത്തി. രാജ്യത്തിന്റെ നിയമം ആണത്. ആ പണം സർക്കാർ അല്ല എടുക്കുന്നത്, മരണപ്പെട്ട ദിവ്യയുടെ മാതാപിതാക്കള്‍ക്ക് ലഭിക്കും ആ തുക. അത് ഭര്‍ത്താവ് തെറ്റ് ചെയ്തതിനു നല്‍കിയ ശിക്ഷയായി കാണരുത് ആരും, നിയമം മാത്രം.’ അദ്ദേഹം കുറിച്ചു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

‘പ്രിയ സുഹൃത്തും സോദരിയുമായ ദിവ്യ ശങ്കറിന്റെ മരണത്തെപ്പറ്റി ഒന്നും എഴുതേണ്ടെന്ന് വിചാരിച്ചിരുന്നത് ആണ്. വളരെയേറെ അടുത്തറിയുന്ന കുടുംബം. എത്ര സന്തോഷത്തില്‍ ആയിരുന്നു അവര്‍ ജീവിച്ചത്. ദിവ്യയുടെ അപകട മരണത്തെ ചുറ്റിപ്പറ്റി പലതരം വ്യാജവാര്‍ത്തകള്‍ പരക്കുന്നുണ്ട്. നടന്ന കാര്യങ്ങള്‍ വിശദമായി എഴുതണം തോന്നി.

തിരുവാതിര വൃതം പ്രമാണിച്ചു അതിന്റെ ഭാഗമായി ആണ് ദിവ്യയും ഭര്‍ത്താവ് പ്രവീണും രണ്ട് വയസുകാരന്‍ മകനും ഷാര്‍ജ ഉള്ള കുടുംബാംഗത്തിന്റെ വീട്ടിലേക്ക് റാസ് അല്‍ ഖയ്മയില്‍ നിന്നും പോയത്. അവിടെ എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നു. നമ്മളുടെ നാട്ടിലെ പോലെ തോന്നുമ്പോള്‍ ഇഷ്ടത്തിന് ലീവ് എടുക്കാന്‍ അവിടെ സാധ്യമല്ല, പ്രവാസിയായ ഒരുത്തനും അതിനു കഴിയുകയുമില്ല, ആ ഒരു ചിന്തയില്‍ തന്നെ പിറ്റേ ദിവസം ജോലിക്ക് പോകണം എന്ന നിലയില്‍ അവര്‍ രാത്രി അവിടെ നിന്നും കാറില്‍ തിരികെ യാത്ര തിരിച്ചത്.

രാത്രി വരുന്ന വഴി വക്കില്‍ വെച്ചു കാര്‍ ഓടിച്ചു കൊണ്ടിരുന്ന പ്രവീണിനു ഉറക്കം വരുന്നതായി മനസിലാക്കി കാര്‍ ഒരു വഴിയോരത്ത് ഒതുക്കി , കുറച്ചു നേരം വിശ്രമിച്ച ശേഷം വീണ്ടും കാര്‍ എടുത്തു യാത്ര തുടര്‍ന്നു. എമിറേറ്റ്‌സ് റോഡിലെ ആ വരക്കത്തിനിടയില്‍ കാര്‍ ഓടിച്ചു കൊണ്ടിരുന്ന പ്രവീണിന്റെ കണ്ണിലേക്ക് ഒരു നിമിഷം ഉറക്കത്തിന്റെ മയക്കം വരുകയും കാര്‍ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. ദിവ്യ ഇരുന്ന ഭാഗം ആണ് അപകടത്തിലായത്. പിന്നിലെ സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്ന കുഞ്ഞും കാര്‍ഓടിച്ച പ്രവീണും സാരമായ പരുക്കുകളോടെ രക്ഷപ്പെടുകയും അവിടെ നിന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മദ്ധ്യേ ദിവ്യ മരണപ്പെടുകയും ചെയ്തു.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ആണ് യാഥാര്‍ഥ്യവും സത്യവും, പോലീസ് ഫൈലിലും ഇത് തന്നെ ആണ് മൊഴി…. പക്ഷേ കഴിഞ്ഞ ദിവസം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പല പല വ്യാജ വാര്‍ത്തകള്‍ പരക്കുന്നു.. കള്ളുകുടിച്ചു കൊണ്ടാണ് ഭര്‍ത്താവ് പ്രവീണ്‍ വാഹനം ഓടിച്ചത്, മൊബൈലില്‍ സംസാരിച്ചത് കൊണ്ടാണ് വാഹനം ഓടിച്ചത്… ഇങ്ങനെ പലതും… ഒപ്പം സ്ലോവാക്യയില്‍ ഒരു bmw കാര്‍ റോഡ് വശത്തെ ബോര്‍ഡില്‍ തട്ടി ടണല്‍ റൂഫില്‍ ഇടിച്ചു കയറുന്ന ഒരു വീഡിയോയും… അത് ഈ മരണവുമായി ബന്ധപ്പെട്ടത് അല്ല.

യുഎഇ അധികൃതർ ഇന്ന് ഭര്‍ത്താവ് പ്രവീണിനു 200000 dhms പിഴ ചുമത്തി. രാജ്യത്തിന്റെ നിയമം ആണത്.. ആ പണം സർക്കാർ അല്ലാ എടുക്കുന്നത്, മരണപ്പെട്ട ദിവ്യയുടെ മാതാപിതാക്കള്‍ക്ക് ലഭിക്കും ആ തുക,, അത് ഭര്‍ത്താവ് തെറ്റ് ചെയ്തതിനു നല്‍കിയ ശിക്ഷയായി കാണരുത് ആരും, നിയമം മാത്രം. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ ഇരിക്കുക, നല്ലത് പറഞ്ഞു വാര്‍ത്ത ആക്കിയാല്‍ ജനങ്ങള്‍ വായിക്കില്ല എന്ന രീതിയില്‍ സമൂഹ മാധ്യമത്തിലെ വാര്‍ത്താ പേജുകള്‍ ആണ് വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന ഇതിന്റെ ഉറവിടമായി കാണുന്നത്.

കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ ആശുപത്രയില്‍ പോയിരുന്നു… മരിച്ച മനസ്സുമായി നില്‍ക്കുന്ന ദിവ്യയുടെ ഭര്‍ത്താവ് പ്രവീണിന്റെ മുഖം മരണത്തെക്കാള്‍ കൊടൂരമായിരുന്നു….. തന്റെ എല്ലാമെല്ലാമായ ഭാര്യയുടെ നഷ്ടപെടല്‍ അയാളുടെ നിശ്ശബ്ദതയില്‍ വിങ്ങിപൊട്ടുക ആയിരുന്നു……. തന്റെ അമ്മ പോയത് മനസ്സിലാവാതെ ചുരത്തിയ മുലപാലിനായി കേഴുന്ന മകന്‍ അച്ഛന്റെ ഷര്‍ട്ടില്‍ മുറുകെ പിടിച്ചു ഇരിപ്പുണ്ടായിരുന്നു…… അതിനിടയില്‍ സമൂഹത്തിന്റെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചുള്ള കുറ്റപ്പെടുത്തലുകള്‍…. ദയവ്‌ചെയ്ത് ആ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചില്ലേലും അവരെ ദ്രോഹിക്കാതെ ഇരിക്കുക…..