ഹോട്ടലിൽ കക്കാൻ കയറി; പുകക്കുഴലിൽ കുടുങ്ങി 2 നാൾ; സ്വയം പൊലീസിനെ വിളിച്ചു..!

‘സാറെ സഹായിക്കണം..’ തളർന്ന ശബ്ദത്തിൽ ജീവന് വേണ്ടി യാചിച്ച് എമർജൻസി നമ്പരിലേക്ക് വിളിച്ചത് മോഷ്ടിക്കാൻ കയറിയ കള്ളനായിരുന്നു. പൂട്ടിയിട്ടിരിക്കുന്ന ഹോട്ടലില്‍ മോഷ്ടിക്കാനെത്തിയ കള്ളന് സംഭവിച്ച അബദ്ധത്തെ കുറിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരിക്കുകയാണ് അല്‍മെയ്ഡ പൊലീസ്. സന്‍ഫ്രാന്‍സിസ്‌കോയിലാണ് ഇൗ വിചിത്ര സംഭവം. പൂട്ടിയിട്ടിരുന്ന ചൈനീസ് ഹോട്ടലിൽ മോഷ്ടിക്കാൻ കയറിയതാണ് ഇയാൾ. പക്ഷേ ഹോട്ടലിന്റെ പുകക്കുഴലിൽ കുടുങ്ങി പോയി. ഒടുവിൽ രണ്ടുദിവസങ്ങൾക്ക് ശേഷം എമര്‍ജന്‍സി ഹെല്‍പ്‍ലൈനിലേക്ക് വിളിച്ചാണ് കള്ളൻ ജീവൻ രക്ഷിച്ചത്.

ഹോട്ടല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കുള്ളില്‍ നിന്നായിരുന്നു കരച്ചിൽ കേട്ടത്. ചെന്നുനോക്കിയപ്പോൾ ഉദ്യോഗസ്ഥർ ഞെട്ടി. ഹോട്ടലിന്റെ വലിയ പുകക്കുഴലിനുള്ളിലായി കുടുങ്ങിയ നിലയിലായിരുന്നു ഇയാൾ. ലോഹ ഷീറ്റുകള്‍ കൊണ്ടുണ്ടാക്കിയ ഒരു ചതുരാകൃതിയിലുള്ള കുഴലിലായിരുന്നു കള്ളൻ കുടുങ്ങി കിടന്നത്. ദേഹത്താകെ ഗ്രീസും കരിയും പുരണ്ട് ഊരിപ്പോരാനാകാത്ത വിധത്തിലായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇയാളെ പുറത്തെത്തിച്ചത്. രണ്ട് ദിവസം കൊണ്ട് നിര്‍ജലീകരണം സംഭവിച്ചതിനാല്‍ ഇയാള്‍ ക്ഷീണത്തിലായതിനാൽ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.