ചെറുവിമാനം മോഷ്ടിച്ച് അതില്‍ കയറി പറന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍; അമ്പരപ്പ്

പലതരം മോഷണക്കേസുകൾ കേട്ടിട്ടുണ്ട്. എന്നാൽ ഇത് പൊലീസ് പോലും മൂക്കത്ത് വിരൽ വച്ചുപോയി. വെര്‍ണാല്‍ റീജിയണല്‍ എയര്‍പോര്‍ട്ടിനടുത്ത് വച്ചാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയുന്നത്. കാര്യം ഒരു ചെറുവിമാനം മോഷ്ടിച്ചു. 

പതിനാലും പതിനഞ്ചും വയസുള്ള രണ്ടുകുട്ടികളാണ് ഇൗ വിരുതൻമാർ. ചെറുവിമാനം മോഷ്ടിക്കുക മാത്രമല്ല അതിൽ കയറി പറക്കുകയും ചെയ്തു ഇവർ. വീട്ടില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം താമസിക്കുന്ന രണ്ട് കുട്ടികളാണ് കേസില്‍ പിടിയിലായിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നു. ജെന്‍സണിലുള്ള ഒരു വ്യക്തിയുടെ സ്വകാര്യ വിമാനമാണ് ഇവര്‍ അടിച്ചുമാറ്റി പറത്തിയത്.  

ജെന്‍സണില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള വിമാനം നിര്‍ത്തിയിട്ടിരുന്ന താല്‍ക്കാലിക സ്‌റ്റേഷനിലെത്തിയ ശേഷമാണ് ഇവർ വിമാനം മോഷ്ടിക്കുന്നത്. തുടര്‍ന്ന് സിംഗിള്‍ എഞ്ചിന്‍ ലൈറ്റ് സ്‌പോര്‍ട്ട് വിമാനത്തില്‍ കയറി, അത് പറത്താൻ തുടങ്ങി. വളരെ താഴ്ന്നുപറക്കുന്ന ഒരു വിമാനം പലരും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇൗ കുട്ടിക്കള്ളൻമാർ പിടിയിലാവുന്നത്. അന്വേഷിച്ചെത്തിയ അധികൃതര്‍ ഒടുവില്‍ വെര്‍ണാലില്‍ വച്ച് ഇരുവരെയും പിടിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനായി ഇരുവരെയും ചോദ്യം ചെയ്യുമെന്നുമാണ് പൊലീസ് അറിയിക്കുന്നത്.