‘നില്ല് നില്ല് എന്റെ നീലക്കുയിലേ...’; കളി കാര്യമാകുന്ന ടിക് ടോക്ക് അപകടച്ചുവട്; രോഷം

എന്ത് കാണിച്ചും സോഷ്യൽ ലോകത്ത് വൈറലാകാൻ വെമ്പൽ കൊള്ളുന്ന ടിക് ടോക്ക് യൂത്തിന്റെ പുതിയ വിജയപരീക്ഷണങ്ങളിലൊന്നാണ് ‘നില്ല്..നില്ല് എന്റെ നീലക്കുയിലേ..’. ജാസി ഗിഫ്റ്റിന്റെ എറെ പ്രസിദ്ധമായ ഇൗ പാട്ട് പുനരാവിഷ്കരിക്കുന്നത് അൽപം കടന്ന മാർഗത്തിലാണ്. ഒാടിവരുന്ന ബസിന്റെയും ഒാട്ടോയുടെയും മുന്നിലേക്ക് ഹെൽമറ്റ് ധരിച്ചും മറ്റുപല രീതിയിലും മുഖംമറച്ച് ചാടിവീണാണ് ഇൗ പാട്ടിനൊത്ത് ചുവട് വയ്ക്കുന്നത്. ഇത്തരത്തിൽ ഒട്ടേറെ വിഡിയോകൾ സോഷ്യൽ ലോകത്ത് പ്രചരിക്കുന്നുണ്ട്.

പൊലീസ് വണ്ടിയുടെ മുന്നിൽ പോലും ചാടിവീണ് ചുവട് വയ്ക്കുന്ന ചെറുപ്പക്കാരെയും വിഡിയോയിൽ കാണാം. സോഷ്യൽ ലോകത്ത് നിന്ന് തന്നെ ഇതിനെതിരെ വൻവിമർശനങ്ങൾ ഉയരുന്നുണ്ട്. പൊതുജനത്തെ ബുദ്ധിമുട്ടിച്ച് കൊണ്ടുള്ള ഇത്തരം നീക്കങ്ങൾ പ്രോൽസാഹിപ്പിക്കാനാവില്ലെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്. സ്വയം അപകടം വിളിച്ചു വരുത്തുകയാണെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. കളി കാര്യമാകുന്നത് വരെ ഇൗ ചുവട് തുടരുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.