വലിപ്പം കൊണ്ടും, രൂപഭംഗികൊണ്ടും കാഴ്ചക്കാർക്ക് വിസ്മയം സമ്മാനിച്ച് രാജഹംസം

വലിപ്പം കൊണ്ടും, രൂപഭംഗികൊണ്ടും കാഴ്ചക്കാർക്ക് വിസ്മയം സമ്മാനിച്ച് രാജഹംസം തട്ടേക്കാട് എത്തി. പക്ഷികളുടെ പറുദീസ തേടിയെത്തുന്ന ആദ്യ രാജഹംസമാണ് ഇത്.

ഗ്രെയ്റ്റർ ഫ്ലമിംഗോ എന്ന രാജഹംസം ആദ്യമായാണ് തട്ടേക്കാട് മേഖലയിലെത്തുന്നത്. ഗുജറാത്തിലെ കച്ചിലും, ആഫ്രിക്കന്‍  രാജ്യങ്ങളിലുമാണ് രാജഹംസങ്ങൾ കൂടുതല്‍ കാണപ്പെടുന്നത്. കടൽക്കരയിലെ ചതുപ്പുകളിലാണ് ഇവ കൂട്ടത്തോടെ വസിക്കുന്നത്. നവംബർ - ഡിസംബർ മാസങ്ങളിൽ ഇവ ദേശാടനം ചെയ്യാറുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് വഴി തെറ്റി തട്ടേക്കാട് എത്തിയതാവാം രാജഹംസമെന്നാണ് നിഗമനം. ഭൂതത്താൻകെട്ട് ജലാശയത്തിൽ വീണ് കിടക്കുന്ന അവസ്ഥയിലാണ് രാജഹംസത്തെ കണ്ടത്. മൂന്ന് കിലോ ഭാരം വരുന്ന പക്ഷിക്ക് നാല് അടി ഉയരമുണ്ട്. കാലിന് നേരിയ പരുക്ക് പറ്റിയ രാജഹംസത്തെ പക്ഷി സങ്കേതത്തിലെ ഉദ്യോഗസ്ഥരാണ് പരിചരിച്ചത്. 

കടൽക്കരയിലെ ചതുപ്പിൽ ഉയരത്തിൽ മൺകൂനകൾ ഉണ്ടാക്കി അതിനു മുകളിലെ കുഴികളിലാണ് രാജഹംസം മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. വെള്ളത്തിലും കരയിലുമുള്ള ചെറുപ്രാണികളും സസ്യങ്ങളുടെ വിത്തുകളുമാണ് പ്രധാന ആഹാരം.