ചോരയൊലിപ്പിച്ച് കുഞ്ഞിനെ മാറിലടക്കി ആ അമ്മക്കുരങ്ങ്; നോവുചിത്രത്തിന് പിന്നിലെ സത്യം ഇതാ

ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ ലോകത്ത് ഏറെ ചർച്ചയായ ഒരു ചിത്രം. മാതൃത്വത്തിന്റെയും മിണ്ടാപ്രാണിയോടുള്ള ക്രൂരതയുടെയുമെല്ലാം ഉദാഹരണമായി പലരും ആ ചിത്രത്തെ ബന്ധപ്പെടുത്തി. എന്താണ് ആ അമ്മക്കുരങ്ങിന് സംഭവിച്ചതെന്ന് വ്യക്തമാക്കുകയാണ് ഇൗ ചിത്രം പകർത്തിയ ഫോട്ടാഗ്രാഫർ. സോഷ്യൽ ലോകത്ത് ചിത്രത്തെ കുറിച്ചും ഫോട്ടോഗ്രാഫറെക്കുറിച്ചും പങ്കുവച്ച കുറിപ്പിലാണ് കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്നത്.

മൂന്നാർ സ്വദേശി അഗസ്റ്റിനാണ് ഇൗ വൈറൽ ചിത്രം ക്യാമറയിൽ പകർത്തിയത്. അഗസ്റ്റിനും പിതാവും കോയമ്പത്തൂരിൽ പോയി വരുന്ന വഴിയാണ് ഈ ദയനീയ കാഴ്ച കാണുന്നത്.  കോയമ്പത്തൂരിലേക്ക് പോകുന്നവഴിയിൽ ഇൗ കുരങ്ങനെയും കുഞ്ഞിനെയും മുൻപ് കണ്ടിരുന്നു. വഴിവക്കിൽ യാത്രക്കാർ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണസാധനങ്ങൾ ശേഖരിക്കുകയായിരുന്നു ഇൗ കുരങ്ങ്. പക്ഷേ തിരിച്ചുവന്നപ്പോൾ കണ്ടത് ഉള്ളുലയ്ക്കുന്ന കാഴ്ചയായിരുന്നു. 

ഏതോ വാഹനം തട്ടി പരിക്കേറ്റിട്ടും തന്റെ കുഞ്ഞിനെ മാറോടടക്കി പിടിച്ചിരിക്കുകയായിരുന്നു ആ കുരങ്ങ്. വാഹനത്തിൽ നിന്നും പുറത്തിറങ്ങി കുരങ്ങിനെയും കുഞ്ഞിനെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആ അമ്മ അതിന് അനുവദിച്ചില്ല. മനുഷ്യരെ ഭയന്ന് കുഞ്ഞിനെ മാറോട് ചേർത്ത് നിൽക്കുകയായിരുന്നു കുരങ്ങ്.  പിന്നീട് വനംവകുപ്പിനെ വിവരം അറിയിച്ചതായും അഗസ്റ്റിൻ പറഞ്ഞതായി കുറിപ്പിൽ പറയുന്നു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

ചോരയൊലിപ്പിച്ച് സ്വന്തം കുഞ്ഞിനേയും മാറോടടക്കി പിടിച്ചിരിക്കുന്ന പെൺകുരങ്ങ്; ഈ ചിത്രം പകർത്തിയത് അഗസ്റ്റിനാണ്: അതിനൊരു കാരണമുണ്ട്

വാഹനാപകടത്തിൽ പരിക്കേറ്റ് ചോരയൊലിപ്പിച്ച് സ്വന്തം കുഞ്ഞിനേയും മാറോടടക്കി പിടിച്ചിരിക്കുന്ന പെൺ കുരങ്ങ്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ ഏറ്റവും വൈറൽ ആയ ചിത്രമാണിത്. എന്നാൽ ഈ ചിത്രമെടുത്ത ഫോട്ടോഗ്രാഫർ ആരാണെന്ന് സോഷ്യൽ മീഡിയയ്ക്ക് വ്യക്തതയില്ലായിരുന്നു. ഇപ്പോൾ ഈ ചിത്രമെടുത്തത് താനാണെന്ന് വ്യക്തമാക്കി മൂന്നാർ സ്വദേശിയായ അഗസ്റ്റിൻ രംഗത്തെത്തിയിരിക്കുന്നു.

വേദനയൂറുന്ന ഈ ചിത്രം താൻ പകർത്തിയതിന് കാരണം ഉണ്ടെന്നും അഗസ്റ്റിൻ പറയുന്നുണ്ട്. അഗസ്റ്റിനും പിതാവും കോയമ്പത്തൂരിൽ പോയിട്ട് വരുന്ന വഴിയാണ് ഈ ഒരു കാഴ്ച കാണുന്നത്. അതിനുമുമ്പ് അവർ കോയമ്പത്തൂരിലേക്ക് പോകുന്നവഴിയിൽ കുരങ്ങനെയും കുഞ്ഞിനെയും കണ്ടിരുന്നു. വഴിവക്കിൽ ആളുകൾ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണസാധനങ്ങൾ നൽകി സന്തോഷം കണ്ടെത്തുന്ന അങ്ങനെയാണ് അപ്പോൾ കണ്ടത്. എന്നാൽ തിരിച്ചു വരുന്ന വഴി കണ്ട കാഴ്ച അതിദയനീയമായിരുന്നു എന്നും പറയുന്നു.

ഏതോ വാഹനം തട്ടി പരിക്കേറ്റിട്ടും തൻറെ കുഞ്ഞിനെ മാറോടടക്കി പിടിച്ചിരിക്കുന്ന ആ കുരങ്ങ് ആരുടെയും കണ്ണു നനയിക്കും. അത്തരത്തിലുള്ള ഒരു കാഴ്ചയായിരുന്നു അപ്പോൾ കണ്ടത്. മറ്റൊന്നും നോക്കാതെ വാഹനത്തിൽ നിന്നും ചാടിയിറങ്ങി അഗസ്റ്റിനും പിതാവും കുരങ്ങിനെയും കുഞ്ഞിനെയും രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ കുഞ്ഞ് കൂടെ ഉള്ളത് കൊണ്ട് അത് മനുഷ്യരെ അടുപ്പിക്കുന്നില്ലായിരുന്നുവെന്നും അഗസ്റ്റിൻ പറഞ്ഞു.

സമയം കളയാതെ ഇക്കാര്യം വനം വകുപ്പിനെ അറിയിക്കുകയും ചെയ്തു. വനംവകുപ്പ് ഇക്കാര്യം കൈകാര്യം ചെയ്‌തോളാമെന്ന് പറഞ്ഞതിന്റെ ഉറപ്പിലാണ് തങ്ങൾ അവിടെ നിന്നും തിരിച്ചു വന്നതെന്നും അഗസ്റ്റിൻ പറഞ്ഞു. അതിനിടയിൽ അഗസ്റ്റിൻ തള്ളക്കുരങ്ങിന്റെയും കുട്ടിയുടെയും ഒരു ചിത്രവും പകർത്തിയിരുന്നു.

കുറച്ചു നാളുകൾക്ക് മുൻപ് വനം വകുപ്പ് സ്ഥാപിച്ച പതിനെട്ടോളം സ്പീഡ് ബ്രെക്കറുകളിൽ പകുതിയോളം നശിപ്പിച്ച നിലയിലാണ്. വന്യജീവികൾ സ്വതന്ത്രമായി സഞ്ചരിക്കുന്ന ിടത്തിൽ വാഹനങ്ങളൊന്നും വേഗത കുറയ്ക്കുന്നില്ല. അതുമൂലമാണ് ഇത്തരത്തിലുള്ള അപകടങ്ങൾ നടക്കുന്നതെന്നും അഗസ്റ്റിൻ പറഞ്ഞു. അതുകൊണ്ടു കൂടിയാണ് ഇക്കാര്യം ജനങ്ങളെ അറിയിക്കണമെന്ന് അഗസ്‌റ്റിന് തോന്നിയത്.

ഈ ഒരു കാര്യം ലോകത്തോടു പറയുവാൻ വേണ്ടി മാത്രമാണ് ആ പാവം ജീവിക്ക് നേരെ ക്യാമറ കയ്യിലെടുക്കാൻ മനസാക്ഷി സമ്മതിച്ചതെന്ന് അഗസ്റ്റിൻ പറയുന്നു. ഈ ഫോട്ടോ ആരെടുത്തതാണ് എന്നറിയില്ല എന്ന ക്യാപ്ഷനിൽ അത് വൈറലാകുന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് അഗസ്റ്റിൻ ഇപ്പോൾ രംഗത്തു വന്നതും.

ഈ ഭൂമി മനുഷ്യർക്കു മാത്രമല്ല ഇത്തരത്തിലുള്ള ജീവികൾക്കും കഴിയാനുള്ള ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് അഗസ്റ്റിൻ. മനുഷ്യൻ അവനെ ലാഭത്തിനുവേണ്ടി ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ അതിന് ഇരയാകുന്നത് ഇങ്ങനെയുള്ള പാവം മൃഗങ്ങളാണ്. ഈ വ്യവസ്ഥിതി മാറണം. അവരുടെ ജീവിതവും അംഗീകരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ വെറുതെ പറഞ്ഞാൽ ആരും വായിക്കില്ല. അതിനുവേണ്ടിയാണ് താൻ ഈ ചിത്രം പകർത്തിയത്.