എരിതീയിൽ നീറുകയാണ്, എങ്കിലും ഈ ഫാമിലിയുടെ മനസ്സ് പ്ലാസ്റ്റിക് അല്ല

മൺവിളയിലെ പ്ളാസ്റ്റിക് ഫാക്ടറി കത്തിയമർന്നപ്പോൾ എരിഞ്ഞത് നിരവധി കുടുംബങ്ങളുടെ മനസായിരുന്നു. എന്നാൽ കോടികളുടെ നഷ്ടത്തിനിടയിലും ഫാമിലി പ്ളാസ്റ്റിക്സ് ഉടമ സിംസൺ എ.ഫെർണാണ്ടസും കുടുംബവും തങ്ങളുടെ വാഗ്ദാനത്തിൽ നിന്നു പിന്നോട്ടു പോയില്ല. കഴിഞ്ഞയാഴ്ച നാടിനെ നടുക്കിയ തീപിടിത്തം വഴി 40 കോടി രൂപയുടെ നഷ്ടം സംഭവിച്ച സിംസൺ നാലുപേർക്കായി നിർമിച്ചു നൽകിയതു 10 ലക്ഷം രൂപ വീതം ചെലവിട്ട് നാലു വീടുകൾ

ഓരോ വീടിനുള്ള സ്ഥലത്തിനു മതിപ്പു വില 10 ലക്ഷം രൂപ തിരുവനന്തപുരം മൺവിള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഫാമിലി പ്ളാസ്റ്റിക് കമ്പനിയുടമ ജന്മനാടായ ചിറയിൻകീഴ് കടകം പുളിന്തുരുത്തിയിൽ നിർമിച്ചു നൽകിയ നാലുവീടുകളുടെ താക്കോൽദാനം നടന്നു. സ്വന്തം പ്രയത്നവും ഫാക്ടറിയിലെ തൊഴിലാളികളെ സ്വന്തം കുടുംബാംഗവുമായി കരുതുന്ന സിംസണു കമ്പനിയിലുണ്ടായ തീപിടിത്തം ഇപ്പോഴും വിശ്വസിക്കാനാവുന്നതേയില്ല. സ്വന്തം ജീവനക്കാർ തന്നെയായിരുന്നു അതിനു പിന്നിലെന്ന കണ്ടെത്തൽ അതിലും നടുക്കമുണ്ടാക്കിയതും

ജൻമനാട്ടിൽ നിന്നു ജോലിയന്വേഷിച്ചെത്തിയിട്ടുള്ള ഒരാളെപ്പോലും തിരിച്ചയച്ചിട്ടില്ലെന്നതു സിംസന്റെ സവിശേഷത. കടകം പുളുന്തുരുത്തിക്കയ്ടുത്തു സിംസൺ ഫെർണാണ്ടസിന്റെ വീടായ ഡാനിയൽ ഗാർഡൻസിലായിരുന്നു ചടങ്ങുകൾ. താഴംപള്ളി വികാരി ഫാ.കോസ്മോസ് മുഖ്യകാർമികത്വം വഹിച്ചു. സിംസന്റെ സഹോദരങ്ങളായ ജസ്റ്റിൻ എ.ഫെർണാണ്ടസ്, രാജു എ.ഫെർണാണ്ടസ് എന്നിവരും പങ്കെടുത്തു.

സ്വന്തം വീടിനടുത്ത് ഓരോ വീടിനും നാലുസെന്റ് സ്ഥലം വീതം കണ്ടെത്തി രണ്ടു ബെഡ്റൂമുകളും വരാന്തയും ഡൈനിങ്ഹാളും അടുക്കളയുമടങ്ങുന്ന 700 ചതുരശ്ര അടിയിലുള്ള ഒരേ രീതിയിൽ നിർമിച്ച നാലു ടെറസു വീടുകളുടെ താക്കോലുകളാണു യഥാക്രമം മിനി, ഗിരീശൻ, ലീനസ്റ്റാലിൻ, ലാലു എന്നിവർക്കു കൈമാറിയത്.  കഴിഞ്ഞ അഞ്ചുവർഷത്തിനിടെ  സിംസൺ എട്ടുവീടുകളാണ് ഇത്തരത്തിൽ നിർമിച്ചു നൽകിയിട്ടുള്ളത്