ശ്വാസകോശം സ്പോഞ്ച് പോലെയാണ്! ആ കൊച്ചു പെൺകുട്ടി ഇവിടെയുണ്ട്

സമൂഹമാധ്യമങ്ങളിലെ താരമാണ് സിമ്രാൻ നടേക്കർ. ഇൻസ്റ്റാഗ്രാമിൽ പതിനായിരങ്ങളാണ് പതിനേഴുകാരിയായ ഈ കൊച്ചു സുന്ദരിയെ ഫോളോ ചെയ്യുന്നത്. സിമ്രാൻ നടേക്കർ എന്ന് പേര് കേട്ടാൽ മനസിലായില്ലെങ്കിൽ ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന തിയേറ്ററിലെ പുകവലിവിരുദ്ധ പരസ്യത്തെ കുറിച്ച് പറഞ്ഞാൽ ആളെ പിടികിട്ടും. അച്ഛന്റെ പുകവലി മാറ്റിയ ആ കൊച്ചുസുന്ദരി. 

തന്റെ പുതിയ ചില ചിത്രങ്ങൾ സിമ്രാൻ ഇയ്യിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. എന്നാൽ, ചിത്രങ്ങൾ കണ്ടവരിൽ ഭൂരിഭാഗം പേർക്കും തിരിച്ചറിയാനായില്ല. തീയേറ്ററിൽ  കണ്ടുമറന്ന ആ പഴയ പെൺകുട്ടിയാണിതെന്ന്. തിരിച്ചറിഞ്ഞതോടെ പടങ്ങൾ വൻ ഹിറ്റായി. സിമ്രാന് ഇന്ന് വൻ ആരാധകരുമുണ്ട് സോഷ്യൽ മീഡിയയിൽ.

2008 ലാണ് സിമ്രാനെ ഉൾപ്പെടുത്തിയ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആദ്യ ബോധവത്കരണ പരസ്യം പുറത്തിറങ്ങിയത്. സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരിൽ ബഹുഭൂരിപക്ഷത്തിനും കല്ലുകടി പോലെയായിരുന്നു പിന്നീട് ട്രോളർമാർക്ക് ചാകരയായ ഈ പരസ്യം. എന്നാൽ, അതിലെ കുഞ്ഞിന്റെ ദൈന്യതയാർന്ന മുഖം പെട്ടന്നു തന്നെ പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞിരുന്നു. ഈ പരസ്യത്തിന് പകരമാണ് ഇപ്പോൾ നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാവുന്നത് എന്തു കഷ്ടമാണ് എന്ന രാഹുൽ ദ്രാവിഡിന്റെ പരസ്യം വരുന്നത്. വിഡിയോകോൺ, കെല്ലോഗ്സ്, ഡോമിനോസ്, ക്ലിനിക് പ്ലസ്, ബാർബി തുടങ്ങിയ നിരവധി പ്രമുഖ ബ്രാൻഡുകളുടെ മോഡലായിട്ടുണ്ട് സിമ്രാൻ. ഹിന്ദിയിലെ ചില ടിവി പരമ്പരകളിലും സജീവ സാന്നിധ്യമായിരുന്നു സിമ്രാൻ.