മോഹന്‍ലാലിനെ അപമാനിക്കുന്നുവെന്നത് ഭയങ്കര കോമഡി; പരിഹാസവുമായി റിമ വീണ്ടും

rima-on-mohanlal
SHARE

അമ്മയ്ക്കെതിരെ തുറന്നടിച്ച അഭിമുഖത്തില്‍ മോഹന്‍ലാലിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കും റിമ മറുപടി നല്‍കി. ‘മോഹന്‍ലാലിനെതിരായി ആരോപണങ്ങൾ ഉന്നയിച്ച് ഒരു മഹാനടനെ അപമാനിക്കുന്നു എന്ന് എ.എം.എം.എ പറയുന്നത് ഭയങ്കര കോമഡിയായാണ് തോന്നുന്നത്. ഒരു ഇൻഡസ്ട്രിയോട് കുറെ ആളുകളോട് സംസാരിക്കാനിരിക്കുമ്പോൾ ഇവരെല്ലാം മോഹൻലാലിന്റെ പിറകിലൊളിച്ചു. എന്തുപറഞ്ഞാലും മോഹൻലാൽ, മോഹൻലാൽ. മോഹന്‍ലാലിന്റെ ഫാൻസ് ക്ലബ്ബുകാർ ബഹളമുണ്ടാക്കുന്നു. ഞങ്ങൾ മോഹൻലാലിനെക്കുറിച്ചല്ല സംസാരിച്ചുകൊണ്ടിരിക്കുന്നത്. എ.എം.എം.എ എന്ന സംഘടനയുടെ പ്രസിഡന്റിനെക്കുറിച്ചാണ്''

‘എ.എം.എം.എ വിഷയത്തെ എത്ര വഴിമാറ്റാന്‍ നോക്കിയാലും ഞങ്ങൾ ഇത് പറഞ്ഞുകൊണ്ടിരിക്കും. ഞങ്ങൾക്ക് മോഹൻലാലോ മമ്മൂട്ടിയോ വിഷയമല്ല. രണ്ടുപേരിലെയും ആർട്ടിസ്റ്റിനെ ഞാനും ബഹുമാനിച്ചിട്ടുണ്ട്. ബഹുമാനിക്കുന്ന ആളുകൾ നമ്മളെക്കാർ ഒരുപാട് മുകളിലല്ലേ? അവർ‌ക്കെന്താ നമ്മൾ പറയുന്ന അടിസ്ഥാനപരമായ കാര്യങ്ങൾ മനസ്സിലാകാത്തത് എന്ന ആശങ്കയുണ്ട്. അവർക്ക് മനസ്സിലാകുന്നില്ലെങ്കിൽ ബാക്കിയുള്ളവർക്ക് എങ്ങനെ മനസ്സിലാകും?, റിമ ചോദിക്കുന്നു.‌

ഫാൻസ് ക്ലബ്ബ് എന്ന ആണ്‍കൂട്ട ആക്രമണങ്ങളെക്കുറിച്ച് റിമ പറയുന്നതിങ്ങനെ: ‘വലിയ ആളുകൾക്ക് ഒന്നും പറയാനില്ലാത്തപ്പോഴാണല്ലോ അവരുടെ ഫാൻസ് ക്ലബ്ബുകൾ ഒച്ചയിടുന്നത്. ഒരു താരത്തിനോടുള്ള അന്ധമായ ആരാധനകൊണ്ട് മാത്രമൊന്നുമല്ല ഞങ്ങളെപ്പോലുള്ളവരെ ഫാൻസ് ക്ലബ്ബുകൾ ആക്രമിക്കുന്നത്. ഒന്നാമത്, സ്ത്രീകളാണ് സംസാരിക്കുന്നത്, നീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. നീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് സമ്മതിച്ചുകൊടുത്താല്‍ വീട്ടിലുള്ള സ്ത്രീകൾ പറയുന്നത്  മനസ്സിലാക്കേണ്ട ഉത്തരവാദിത്തം വരും. അവരുടെ തുല്യനീതി, സ്വാതന്ത്ര്യം ഇവയെല്ലാം സമ്മതിച്ചുകൊടുക്കേണ്ടി വരും. ഈ പേടികൊണ്ടുകൂടിയാണ് ആൺകൂട്ടങ്ങൾ ശക്തമായി ആക്രമിക്കുന്നത്. ''

ഡോ. ബിജുവിന് നേരിടേണ്ടിവരുന്ന ആക്രമങ്ങൾ ജാതീയ ആക്രമണങ്ങളാണെന്നും റിമ പറഞ്ഞു. ഈ ഇൻഡസ്ട്രി കേരള സമൂഹത്തിന്റെ ഒരു മൈക്രോ കോസം ആണല്ലോ. അവിടെയുള്ളതെല്ലാം ഈ മേഖലയിലുമുണ്ട്. മതത്തെക്കാളും നമ്മുടെ നാട്ടിൽ ആഴത്തിൽ വേരുകളുള്ള ഒന്നാണ് ജാതി. റിച്ച് ക്രൗഡ്, പുവർ ക്രൗഡ് എന്നൊരു പദപ്രയോഗം തന്നെയുണ്ട്. വര്‍ഗത്തിന്റെയും നിറത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലാണ് ഈ തരംതിരിക്കൽ. ജൂനിയർ ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവരുമ്പോഴാണ് കൂടുതലായും ഈ പദപ്രയോഗം ഉണ്ടാകുക. ചിലതൊക്കെ കാണുമ്പോൾ കോമഡി തോന്നും. സ്റ്റീൽ ഗ്ലാസ്, ചില്ലുഗ്ലാസ്, ടിഷ്യു പേപ്പർ കൊണ്ട് പൊതിഞ്ഞ ചില്ലുഗ്ലാസ് ഇങ്ങനെ മൂന്നുതരമുണ്ട്. വെള്ളം കുടിക്കുന്ന ഗ്ലാസില്‍ പോലുമുണ്ട് വിവേചനം. പൊരിച്ച മീന്‍ പോലൊരു ഇഷ്യു ആണിതും. വിവേചനം ആരംഭിക്കുന്നത് ഏറ്റവും അടിത്തട്ടിൽ നിന്നാണ്.   

കെപിഎസി ലളിത സ്വീകരിച്ച നിലപാടിൽ വിഷമമുണ്ടെന്നും റിമ പറഞ്ഞു. ഞങ്ങൾ മുഖ്യമന്ത്രിയെക്കണ്ട് പുറത്തിറങ്ങിയ സമയത്ത് വളരെ പോസിറ്റീവ് ആയാണ് ലളിതാമ്മ പ്രതികരിച്ചത്. എന്നാൽ പിന്നീട് മൗനം പാലിച്ചു. ഇപ്പോൾ എതിർക്കുകയും പരിഹസിക്കുകയും ചെയ്തു. പണ്ട് അടൂര്‍ ഭാസിക്കെതിരെ പരാതി പറഞ്ഞപ്പോൾ പരാതി പറയാന്‍ നിങ്ങൾക്ക് നാണമില്ലേയെന്ന് ഉമ്മർ ചോദിച്ചെന്ന് ഞാന്‍ വായിച്ചു. അന്ന് കെപിഎസി ലളിത ഒരു വിക്ടിം ആയിരുന്നു. ഇന്ന് അവർ ഉമ്മറിന്റെ സ്ഥാനത്താണ്. ഇടതുചിന്താഗതിക്കാരിയാണ് എന്ന് പറയുന്ന ഒരാൾ, സിനിമ എന്ന തൊഴിലിടത്തിലെ ഏറ്റവും സീനിയർ ആയ ഒരാൾ ഇങ്ങനെ സംസാരിക്കുന്നതിൽ വിഷമമുണ്ട്– റിമ പറയുന്നു.

ഇനി അമ്മയിലേക്കില്ല; എന്റെ വെൽഫെയർ ഞാൻ നോക്കിക്കോളാം; പൊട്ടിത്തെറിച്ച് റിമ

MORE IN SPOTLIGHT
SHOW MORE