നീലഗിരി ലോഡ്ജ് ഓർമയാകുന്നു; പൊളിച്ചുമാറ്റുന്നത് സാഹിത്യകാരൻമാരുടെ താവളം

സാഹിത്യകാരന്‍മാരുടെ താവളമെന്നറിയിപ്പെട്ടിരുന്ന കോഴിക്കോട്ടെ നീലഗിരി ലോഡ്‍ജ് പൊളിച്ചുമാറ്റുന്നു. ഒ.വി വിജയനും തകഴിയും മലയാറ്റൂരുമെല്ലാം തമ്പടിച്ചിരുന്ന ആനിഹാള്‍ റോഡിലെ  കെട്ടിടമാണ് ചരിത്രത്തിലേക്ക് മായുന്നത്.

പൊടിഞ്ഞുതുടങ്ങിയ നീലഗിരിയുടെ ചുമരുകള്‍ പറയുന്ന കഥയില്‍  വി.കെ.എനും തകഴിയും മലയാറ്റൂരും  എം.ടിയുമെല്ലാമാണ് കഥാപാത്രങ്ങള്‍. പിശുക്കിന് കൂടി പേരുകേട്ട തകഴി നല്‍കിയ പത്തുരൂപ നോട്ട് ഇപ്പോഴും ചില്ലുകൂടിലിരുന്ന്  ചിരിക്കുന്നുണ്ട്.വൃദ്ധദമ്പതിമാര്‍ക്കുള്ള കല്യാണഗിരി മുറികളിലേക്ക് സ്വാഗതം ചെയ്യുന്നത് സാക്ഷാല്‍ മലയാറ്റൂര്‍ കോറിയിട്ട ചിത്രം

കോഴിക്കോട്ടെത്തുന്ന സാഹിത്യകാരന്‍മാരുടെ  ആലയമായിരുന്ന ആനിഹാള്‍ റോ‍ഡിലെ നീലഗിരി ലോ‍ഡ്ജ് ഓര്‍മ്മയിലേക്ക് മായുകയാണ്.

അന്ത്യനാളുകളില്‍ താമസിക്കാനെത്തിയവര്‍  പഴയ പ്രതാപത്തിന്റെ നിഴലില്‍ നിന്ന്   പരിസരം മറന്നുപാടുകയാണ്. 

മലയാളിയുടെ പൊങ്ങച്ചത്തെ പരിഹസിക്കാന്‍ തെങ്ങുകയറ്റ കോളേജും വിരൂപമല്‍സരവും നടത്തിയ രാംദാസ് വൈദ്യരുടെ  ലോഡ്ജില്‍ ഇപ്പോഴും ആ കറുത്ത ഹാസ്യത്തിന്റെ   ശേഷിപ്പുകള്‍ ബാക്കിയുണ്ട്.