നിങ്ങൾക്ക് ഇവിടെ എന്തുവാടോ പണി? വില്ലേജ് ഒാഫിസറെ ഞെട്ടിച്ച് കലക്ടർ: വിഡിയോ

കലക്ടറുടെ ആ ചോദ്യത്തിനും അതിന് ഉദ്യോഗസ്ഥൻ നൽകുന്ന അനുസരണയുള്ള മറുപടിയും മാത്രം മതി കലക്ടർ എന്ന പദവിയുടെ വില മനസിലാക്കാൻ. കേരളം നെഞ്ചേറ്റിയ വാസുകിയ്ക്കും അനുപമയ്ക്കും പിന്നാലെ കേരളത്തിന്റെ കയ്യടി വാങ്ങുകയാണ് പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി.നൂഹ്.

പ്രളയം ബാധിച്ച വീടുകളിലുള്ളവർക്ക് കൃത്യമായി സഹായങ്ങളെത്തിക്കാൻ വിസമ്മതിച്ച വില്ലേജ് ഓഫീസറെ ശകാരിക്കുന്ന കലക്ടറുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സഹായ കിറ്റ് ആർക്കൊക്കെയാണ് കൊടുക്കേണ്ടത് എന്ന് ഒാഫിസറോട് ചോദിക്കുമ്പോൾ കൃത്യമായി മറുപടി നൽകാനാകാതെ ഉദ്യോഗസ്ഥൻ വിയർത്തു.

ഒടുവിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചു എന്ന് മനസിലാക്കിയ കലക്ടർ ശബ്ദമുയർത്തി. ‘നിങ്ങൾക്കിവിടെ  എന്തുവാടോ പണി?  ഇൗ വില്ലേജിലെ കാര്യം അന്വേഷിക്കലല്ലേ നിങ്ങൾക്ക് ജോലി. ഇതുപോലും അറിയാതെ നിങ്ങളെന്താ ഇവിടെ ചെയ്യുന്നേ. ആകെ 84 പേരല്ലേയുള്ളൂ.. ഇൗ ജില്ലയിലുള്ള 45,000 ആളുകളുടെ കാര്യം ഞാൻ പറയാമല്ലോ..’ കലക്ടറുടെ വാക്കുകളുടെ മൂർച്ച ശരിക്കും മനസിലാക്കിയ ഉദ്യോഗസ്ഥൻ നിശബ്ദനായി. ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒപ്പം കലക്ടർക്ക് കേരളത്തിന്റെ സല്യൂട്ടും.