പ്രളയം തകര്‍ത്ത മൂന്നാറിലേക്ക് ഒറ്റക്കാലിൽ നീരജ്; നീലവസന്തം കണ്ട് മടക്കം

പ്രളയം തകർത്ത മൂന്നാറിലെ നീലവസന്തം കാണാൻ ഒറ്റക്കാലിൽ നീരജ് എത്തി. പ്രളയം തകർത്തെറിഞ്ഞ മൂന്നാറിലേക്ക് പ്രതിസന്ധികളെയും തകർന്ന റോഡുകളെയുമെല്ലാം അതിജീവിച്ചാണ് നീരജ് ഉയരങ്ങളുടെ കൊടുമുടി താണ്ടിയത്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണുകയെന്നത് നീരജിന്റെ യാത്രാസ്വപ്നങ്ങളിലൊന്നായിരുന്നു. 

ആലുവ സ്വദേശിയായ മേജർ പ്രഫസർ സി.എം.ബേബിയുടെയും ഷൈലയുടെയും മകനാണ് നീരജ് ബേബി ജോർജ്. സ്വപ്നങ്ങൾക്ക് വർണം വിതറുന്ന കാലത്ത്, എട്ടാമത്തെ വയസിലാണ് ദുരന്തം നീരജിനെ തേടിയെത്തുന്നത്. അർബുദത്തെ തുടർന്ന് ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്നു. വിധിയുടെ ക്രൂരതയോട് നീരജ് ഒട്ടും പരിഭവിച്ചില്ല. തന്‍റെ ഭാവിയോര്‍ത്തു ദുഃഖിച്ചിരിക്കാനും ഇയാള്‍ തയാറായില്ല. തന്‍റെ സ്വപ്നങ്ങള്‍ക്ക് ഇതൊന്നും ഒരു പരിമിതികളേയല്ലെന്ന് നീരജ് തെളിയിച്ചു.  

യാത്രകളിലൂടെ അതിജീവിച്ചു. ബോഡിനായകനൂരിലെ കുറങ്ങണി യാത്രയും മൂന്നാര്‍- കൊടൈക്കനാല്‍ ട്രെക്കിങും സ്‌കോട്ട്ലാന്‍ഡിലെ ബെന്നവിസ് മലയും നീരജിന് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്. സഹസഞ്ചാരികളുടെ പിന്തുണയും ഊർജവും നീരജിന് കരുത്തേകുന്നുണ്ട്.