ഭര്‍ത്താവ് നല്ല ഭക്ഷണം ആവശ്യപ്പെടുന്നത് എങ്ങനെ പീഡനമാകും; ചോദ്യങ്ങളുമായി കോടതി

ഭാര്യയോട് നല്ല ഭക്ഷണമുണ്ടാക്കിത്തരാൻ പറയുന്നതും വീട്ടുജോലികൾ വൃത്തിയായി ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും ഗാർഹിക പീഡനമെന്ന് നിലയിൽ കണകാക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. 17 വർഷം മുൻപ് മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ കുടുംബ കലഹത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിലാണ് കോടതി നിരീക്ഷണം. 

1998ൽ വിവാഹിതനായ വിജയ് ഷിന്ദേയുടെ ഭാര്യ 2001 ജൂണ് 5ന് ആത്മഹത്യ ചെയ്തു. ഭക്ഷണം ഉണ്ടാക്കാൻ അറിയില്ലെന്നും, വീട്ടുജോലി വൃത്തിയായി ചെയ്യുന്നില്ലെന്നും പറഞ്ഞ് ഭർത്താവും വീട്ടുകാരും മകളെ പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു. മരണം നടന്ന ദിവസവും യുവതിയുടെ മുത്തച്ഛനും ബന്ധുവും വീട്ടിലെത്തിയപ്പോഴും വഴക്കു നടന്നിരുന്നു. എന്നാൽ അവർ പെൺകുട്ടിയെ സമാധാനിപ്പിച്ച് വീട്ടിലെത്തിയപ്പോഴാണ് ആത്മഹത്യയുടെ വിവരം അറിയുന്നത്. വിജയ് ഷിന്ദേയ്ക്ക് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടായിരുന്നെന്നും ഭാര്യവീട്ടുകാരുടെ പരാതിയിൽ പറഞ്ഞിരുന്നു.

എന്നാൽ മരണം നടന്ന ദിവസം വീട്ടുകാർ ആരും പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നും പിന്നീട് ആലോചിച്ചുറപ്പിച്ചാണ് കേസു നൽകിയതെന്നും ചൂണ്ടിക്കാണിച്ച്  കീഴ്‌ക്കോടതി വിജയ് ഷിന്ദേ വെറുതെ വിട്ടു. ഇതിനെതിരെ നൽകിയ അപ്പീൽ തള്ളിയ ഹൈക്കോടതി, കീഴ്‌ക്കോടതി വിധി ശരിവെച്ചു. യുവതി ആത്മഹത്യ ചെയ്ത ദിവസം ഉണ്ടായെന്ന് പറയുന്ന വഴക്ക് ഗൗരവമുള്ളതല്ല. വിജയ് ഷിന്ദയുടെ അവിഹിതബന്ധം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലന്നും ജസ്റ്റിസ് സാരംഗ് കോട്‌വാളിന്റെ ബെഞ്ച് ചൂണ്ടിക്കാണിച്ചു.