മോദിയെ ചൊടിപ്പിക്കുന്ന പയ്യൻ; സംഘപരിവാറിന്‍റെ ശത്രു; ആരാണ് ധ്രുവ് രതി?

സിനാമാമോഹവും ഫോട്ടോഗ്രഫിയോടുള്ള താത്പര്യവുമായി ഒക്കെ നടന്ന ഒരു ചെറുപ്പക്കാരൻ വലിയ ആഗ്രഹങ്ങളൊന്നുമില്ലാതെയാണ് ആ വിഡിയോ പോസ്റ്റ് ചെയ്തത്. അന്ന് എല്ലാവരാലും ശ്രദ്ധിക്കപ്പെടുമെന്നോ വിഡിയോ വൈറലാകുമെന്നോ അങ്ങനെ യാതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ‘ബി.ജെ.പി എക്‌സ്‌പോസ്ഡ്: ലൈസ് ബിഹൈന്റ് ദ ബുള്‍ഷിറ്റ്’ എന്ന തലക്കെട്ടിലുളള മ്യൂസിക് വിഡിയോ ആയിരുന്നു അത്. മോദി സർക്കാരിനെതിരെയുള്ള വിമർശനമായിരുന്നു വിഡിയോയില്‍ നിറയെ.  തെരഞ്ഞെടുപ്പിനു മുമ്പ് മോദി നൽകിയ വാഗ്ദാനങ്ങള്‍ അധികാരത്തിലെത്തിയതിനു പിന്നാലെ മറക്കാൻ തുടങ്ങിയതിനെ ആ ചെറുപ്പക്കാരൻ നിശിതമായി വിമർശിച്ചു. ഭരണസംവിധാനങ്ങളിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ട യുവത്വത്തിന്‍റെ പ്രതീകമായിരുന്നു അവൻ. 

വിഡിയോ വൈറലായി. ധ്രുവ് രതി എന്ന ചെറുപ്പക്കാരൻ നവമാധ്യമങ്ങളിൽ‌ താരമായി. മോദി സർക്കാരിനെയും ബിജെപിയെയും വിമർശിച്ചു കൊണ്ട് പിന്നെയും നിരവധി വിഡിയോകൾ പ്രത്യക്ഷപ്പെട്ടു. ഇന്ന് ധ്രുവ് രതിക്ക് യുട്യൂബിൽ അഞ്ചു ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സും ഫേസ്ബുക്ക് പേജിന് മൂന്നുലക്ഷത്തിലേറെ ലൈക്കുകളുമുണ്ട്. യുട്യൂബ് ചാനലിൻറെ എബൗട്ട് മി സെക്ഷനിൽ പറയുന്നതിങ്ങനെ: '' ജനങ്ങള്‍ക്കിടയില്‍ വിമര്‍ശനാത്മക ചിന്തയും ബോധവത്കരണ‍വും സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം''. 

സംഘപരിവാർ, ബിജെപി ഭാഗത്തുനിന്നും വരുന്ന വ്യാജവാർത്തകളെ വിമര്‍ശിച്ചു കൊണ്ടുള്ള വിഡിയോകളാണ് ധ്രുവ് പോസ്റ്റ് ചെയ്യുന്നതിലധികവും. രാജ്യം ചർച്ച ചെയ്ത സുപ്രധാന വാർത്തകള്‍ പലതും വിഡിയോക്ക് വിഷയങ്ങളായി. ഉറി ആക്രമണം, സർജിക്കൽ സ്ട്രൈക്ക്, നോട്ടുനിരോധനം, യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായത്, ധനകാര്യബിൽ, ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീന്‍ ഹാക്കിങ്ങ് അങ്ങനെ പല വിഷയങ്ങളിലും ധ്രുവ് ബിജെപിയെ നിശിതമായി വിമർശിച്ചു. മോദിയുടെയും രാഹുലിൻറെയും പ്രംസഗങ്ങളിൽ ആരായിരുന്നു മികച്ചത്? കറൻസി നിരോധനം കൊണ്ട് ആർക്കാണ് ലാഭമുണ്ടായത്? അങ്ങനെ പല കാര്യങ്ങളിലും സധൈര്യം അഭിപ്രായ പ്രകടനം നടത്തി. 

വിഡിയോകൾ വൈറലായെങ്കിലും ഈ യുവാവിനെതിരെ പ്രധാനപ്പെട്ട ആരോപണമുണ്ടാകുന്നത് ഇക്കഴിഞ്ഞ മെയ് മാസം ബി.ജെ.പി പ്രവര്‍ത്തകന്‍ എന്നവകാശപ്പെട്ട വികാസ് പാണ്ഡെ എന്നയാൾ ഡൽഹിയിൽ കേസ് ഫയൽ ചെയ്തതോടെയാണ്. 'ഐ സപ്പോർട്ട് നരേന്ദ്രമോദി' എന്ന പേജിലൂടെ വികാസ് പാണ്ഡെ വ്യാജവാർത്തകള്‍ സൃഷ്ടിക്കുന്നു എന്നാണ് ധ്രുവ് വിഡിയോയിലൂടെ പറ‍‌ഞ്ഞത്. വികാസ്അ പാണ്ഡെയുടെ പരാതിക്ക്  മറുവിഡിയോയും ധ്രുവ് പുറത്തിറങ്ങി. പരാതിയിൽ പറയുന്ന ആരോപണങ്ങളെ വസ്തുതകൾ സഹിതം ഖണ്ഡിച്ചു കൊണ്ടായിരുന്നു വിഡിയോ. 

പിന്നീട് എംപി വിജയ് ഗോയലും പരിഹാസവുമായെത്തി. 99% വിദ്വേഷ പ്രചാരകരും കൂലിക്കാരോ അല്ലാത്തവരോ ആയ മോദി ഭക്തരാണ് എന്ന വിമർശനത്തിന് 'ദിവാസ്വപ്നം കാണുന്നത് നല്ലതല്ല കുട്ടീ' എന്നായിരുന്നു ഗോയലിൻറെ പരിഹാസം. ''അഴിമതി രഹിത ഇന്ത്യയെന്ന ദിവാസ്വപ്‌നം വില്‍ക്കുന്നത് ഇനിയെങ്കിലും മതിയാക്കൂവെന്ന്മോദിയോട് പോയി പറയൂ'' എന്നായിരുന്നു ധ്രുവിൻറെ മറുപടി. 

2011–12 കാലയളവിൽ അണ്ണാ ഹസാരെയുടെ സമരകാലത്താണ് താൻ രാഷ്ട്രീയം ശ്രദ്ധിച്ചു തുടങ്ങിയതെന്ന് ധ്രുവ് പറയുന്നു. അന്ന് ബോർഡ് പരീക്ഷയുടെ സമയമായതിനാൽ രാംലീല മൈതാനിയിൽ നടന്ന സമരത്തിൽ പങ്കെടുക്കാനായില്ല. ഇപ്പോൾ യൂറോപ്പിലുള്ള ധ്രുവ് ഇന്ത്യയിലേക്കു വരാൻ താത്പര്യമില്ലെന്നാണ് പറയുന്നത്.