പെണ്‍മക്കളെ ഒറ്റപ്പെടുത്തല്ലേ; സൈബര്‍ സൗഹൃദങ്ങളെ കരുതേണ്ടത് ഇങ്ങനെ

ചിത്രം കടപ്പാട് ഇന്ർനെറ്റ്

കണ്ണൂര്‍ പരിയാരത്തെ നഴ്സിങ് വിദ്യാർഥി സൈബര്‍ സൗഹൃദങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇര. ഈ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ലെന്നും മൊബൈൽ ഫോൺ, ഫെയ്സ്ബുക്, വാട്സാപ് വഴിയുള്ള ഭീഷണികൾ പെൺകുട്ടികൾക്കു നേരെ നിരന്തരമുണ്ടാകുന്നെന്നു ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം വ്യക്തമാക്കുന്നു. മുൻപ് അയച്ച മെസേജുകളും മറ്റും വീട്ടിലറിയിക്കുമെന്നു ഭീഷണിപ്പെടുത്തിയതാണ് ഈ കുട്ടിയുടെ മരണത്തിലേക്കെത്തിയത്. 

ഇത്തരം അവസരങ്ങളിൽ എന്തു ചെയ്യണം? കെഎപി നാലാം ബറ്റാലിയൻ കമൻഡാന്റ് സഞ്ജയ് കുമാർ ഗുരുഡിൻ പറയുന്നു.

‘ഇ’ ഇടത്തിലും അകൽച്ച വേണം. നിത്യജീവിതത്തിൽ അപരിചിതരോടു കാണിക്കുന്ന അകൽച്ചയും മുൻകരുതലും സൈബർ സുഹൃത്തിനോടും വേണം. ഒന്നോ രണ്ടോ ആഴ്ച സംസാരിക്കുകയോ ചാറ്റിങ് നടത്തുകയോ ചെയ്താൽ അപരിചിതത്വം മാറി എന്നു കരുതരുത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ആരും കൂടെയില്ലാതെ ഇവരുമായി കാണാൻ ശ്രമിക്കുകയും അരുത്. എത്ര സ്നേഹത്തിലാണെങ്കിലും നമ്മുടെ സ്വകാര്യ ചിത്രങ്ങളോ വിഡിയോകളോ ആരുമായും ഷെയർ ചെയ്യരുത്.

നമ്മുടെ മൊബൈൽ ഫോണിൽ സൂക്ഷിച്ച ചിത്രങ്ങൾ പോലും ചില മൊബൈൽ ആപ്പുകൾ വഴി ചോർത്തുന്ന സാങ്കേതിക വിദ്യയുള്ള കാലമാണിത്. ഓർമപ്പെടുത്തണം; ജയിലിലേക്കുള്ള വഴി നിങ്ങളുടെ ചിത്രങ്ങൾ ആരെങ്കിലും പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയാൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യൂ എന്നു ധൈര്യമായി പറയണം.

എന്റെ പടം പ്രചരിച്ചാലും ഒന്നോ രണ്ടോ മാസം കഴിയുമ്പോൾ ആളുകൾ അതു മറക്കുമെന്നും നിന്നെ തീർച്ചയായും ജയിലിൽ കയറ്റുമെന്നും പറയണം. അതോടെ മിക്കവരും അടങ്ങും. ഒരു പെൺകുട്ടിയെ ആത്മഹത്യയിലേക്കു തള്ളിയിടും വിധം ചിത്രങ്ങൾ പ്രദർശിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ഗൗരവമേറിയ കുറ്റമാണ്.

ജയിൽശിക്ഷ വരെ ലഭിക്കും. ഇത്തരം സംഭവത്തിൽ ആത്മഹത്യ ചെയ്യണമെന്നുമില്ല. അപമാനകരമായ രീതിയിൽ അശ്ലീല ചിത്രങ്ങൾ അയയ്ക്കുന്നതു പോലും കുറ്റകരമാണ്. രക്ഷിതാക്കൾ ഓർക്കാൻ വല്ല അബദ്ധവും സംഭവിച്ചാൽ രക്ഷിതാക്കളാണു കുട്ടികൾക്കു പിന്തുണ നൽകേണ്ടത്. മരണത്തിലേക്കു തള്ളിവിടും വിധം ഒറ്റപ്പെടുത്തരുത്.

ഡിജിറ്റൽ പാരന്റിങ് ഇപ്പോൾ ഏറെ പ്രാധാന്യമർഹിക്കുന്നു. സൈബർ ഇടങ്ങളിലെ ചതികളെക്കുറിച്ച് അവബോധമുണ്ടാകുകയും കുട്ടികളോടു കൃത്യമായി സംസാരിക്കുകയും വേണ്ടസമയത്തു പിന്തുണ കൊടുക്കുകയും ചെയ്യണം. വി.ദ്രുഹിൻ (ഡിപ്പാർട്മെന്റ് ഓഫ് സൈക്യാട്രി, പരിയാരം മെഡിക്കൽ കോളജ്)

ഒരിക്കലും കാണാത്ത ഒരാളുടെ പേരിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കിൽ ആ കുട്ടിയുടെ പ്രശ്നം തുറന്നു പറയാൻ ഒരിടം കിട്ടാതെ പോയതു കൊണ്ടാണ്. സൈബർ ഇടങ്ങളിൽ ആളുകൾ എളുപ്പത്തിൽ മുതലെടുപ്പു നടത്തുമെന്നു തിരിച്ചറിയണം. ഹോസ്റ്റലിലാണെങ്കിലും കുട്ടികളോട് എല്ലാ ദിവസവും അര മണിക്കൂറെങ്കിലും രക്ഷിതാക്കൾ സംസാരിക്കണം. കുട്ടിയുടെ ചെറിയ മാറ്റം പോലും അധ്യാപകരും ശ്രദ്ധിക്കണം. 

അവളുടെ കൂട്ടുകാർക്കും പ്രശ്നത്തിൽ ഇടപെടാമായിരുന്നു. അവരെക്കൊണ്ടു പരിഹരിക്കാൻ കഴിയാത്ത വിഷയമാണെങ്കിൽ അധ്യാപകരെയോ രക്ഷിതാക്കളെയോ വിവരം അറിയിക്കേണ്ടതു കൂട്ടുകാരുടെ കടമയാണ്.