വിധി ഒറ്റയടിക്ക് കൊണ്ടുപോയത് ഒമ്പത് പ്രിയപ്പെട്ടവരെ, കരയാൻ പോലുമാകാതെ ആ മനുഷ്യൻ

പ്രിയപ്പെട്ട ഒമ്പതുപേരെയാണ് ഒറ്റയടിക്ക് ഉരുൾപൊട്ടൽ കൊണ്ടുപോയത്. വിധിക്കുമുമ്പിൽ നിസഹായനും നിസംഗനുമാകാനല്ലേ ആ പാവം മനുഷ്യന് സാധിക്കൂ. പെരുന്നാളിനുള്ള ഒരുക്കങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ ഗൾഫിലെ ജോലിസ്ഥലത്ത് ഉറങ്ങാൻ കിടന്നതാണ് റാഫി എന്ന കോഴിക്കോട്ടുകാരൻ. ഉറങ്ങി എഴുന്നേറ്റപ്പോൾ ദുസ്വപ്നം പോലെ കേട്ടത് ഉരുൾപൊട്ടൽ വാർത്ത. വേഗം നാട്ടിലെത്താനുള്ള ഫോൺകോളുകൾ ലഭിക്കുമ്പോൾ ഒരിക്കൽപോലും അയാൾ കരുതിയിട്ടുണ്ടാകില്ല കാത്തിരിക്കുന്നത് ഭീകരമായ കാഴ്ചയായിരിക്കുമെന്ന്.

വന്നപ്പോൾ കണ്ടത് മണ്ണിനടയിൽ നിന്നും പുറത്തെടുത്ത പ്രിയതമയുടെയും മകളുടെയും മൃതശരീരം.  ഉമ്മയും ബാപ്പയും രണ്ടു സഹോദരിമാരും അവരുടെ കുഞ്ഞുങ്ങടുമടക്കം ഒമ്പതുപേരെയാണ് നഷ്ടമായത്. വീടിന്റെ തരിപോലും കാണാനില്ല. പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് മൺകൂനകളായി. ഒന്നുറക്കെ കരയാൻ പോലുമാകാതെ തരിച്ചിരിക്കുന്ന റാഫിയെക്കുറിച്ചെഴുതിയ പോസ്റ്റ് സമൂഹമാധ്യമത്തിൽ വൈറലാകുകയാണ്. 

പോസ്റ്റ് ഇങ്ങനെ:

നമ്മൾ മെസ്സി ഗോളടിക്കാത്തതിന്റെ പേരിൽ പരിതപിച്ചിരിക്കുമ്പോൾ നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നത് കണ്ടോ.. ഖൽബ് തകർന്ന് ഒന്ന് കരയാന് പോലുമാവാതെ. പിഞ്ചുമോളടക്കം സ്വന്തം ചോരയിലെ ഒമ്പത് പേരെയാണ് ഒറ്റ ദിവസം കൊണ്ട് വിധി കൊണ്ട് പോയത്. വീടിന്റെ തരി പോലും കാണാനില്ല. സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഇതാ കിടക്കുന്നു ഈ മണ്ണിനടയിൽ.

ചെറുപ്പം മുതൽ ആ മലയുടെ മടിത്തട്ടിലായിരുന്നു കളിച്ചതും വളർന്നതും. അതാണിപ്പോൾ ഒരു രാത്രികൊണ്ട് ഒരു ദുരന്തമായി തന്റെ കുടുംബത്തിന് മേലെ വന്ന് പതിച്ചത്. മണിക്കൂറുകള്ക്ക് മുമ്പേ എല്ലാവരുമായി ഫോൺ ചെയ്ത് സംസാരിച്ചതാണ്. പെരുന്നാളിനേക്കുള്ള ഒരുക്കങ്ങളൊക്കെ ചോദിച്ചറിഞ്ഞു. മരണത്തെ സ്വീകരിക്കാനെന്നോണം കയറി വന്ന പെങ്ങളോടും കുശലങ്ങൾ പറഞ്ഞു. ഒന്നുറങ്ങി എഴുനേറ്റപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. 

ഒരു ദു:സ്വപ്നം കണക്കെ വന്നെത്തിയ നാട്ടിലെ ഉരുൾ പൊട്ടൽ വാർത്തകൾ.. എത്രയും പെട്ടെന്ന് നാട്ടിലെത്താനുള്ള കൂട്ടുകാരുടെ കോളുകൾ... തന്റെ കുടുംബത്തിനൊന്നും സംഭവിച്ചുണ്ടാകരുതേയെന്ന പ്രാര്ത്ഥനകള്... നാട്ടിലെത്തിയപ്പോള് കണ്ട ഭീകരമായ കാഴ്ച്ചകള്... മണ്ണിനടിയില് നിന്നും പുറത്തെടുത്ത തന്റെ പിഞ്ചു മോളുടെയും പ്രിയതമയുടെയും മയ്യിത്തുകൾ.. എല്ലാം കണ്ട് ഖല്ബ് തകർന്ന്... തന്റെ സ്വപ്നങ്ങൾക്ക് മീതെ വന്ന് പതിച്ച മൺകൂനുകൾക്ക് നോക്കി... ഒന്നുറക്കെ കരയാന് പോലുമാവാതെ വിറങ്ങലിച്ച് നില്ക്കുകയാണീ സഹോദരന്. 

സഹനം നൽകണേ നാഥാ എല്ലാം താങ്ങാനുള്ള കരുത്ത് നൽകണേ റബ്ബേ..