അമ്മൂമ്മ കിണറ്റിൽ വീണതിന്റെ പിന്നണിക്കഥ ഇങ്ങനെ, വിഡിയോ

കിണറിനു സമീപമിരുന്ന് കുട്ടികൾ സെൽഫിയെടുക്കുമ്പോൾ അമ്മൂമ്മ കിണറ്റിൽ വീഴുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഏറെ വിവാദമായ ഈ വിഡിയോ സിനിമയക്ക് വേണ്ടി ചിത്രീകരിച്ച രംഗമാണെന്ന് വ്യക്തമാക്കി സംവിധായകനും രംഗത്തെത്തിയിരുന്നു. വിവിയൻ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വീമ്പ് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഇങ്ങനെയൊരു വിഡിയോ ചിത്രീകരിച്ചത്.

ഇപ്പോഴിതാ ഈ രംഗം ചിത്രീകരിക്കുന്നതിന്റെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.ഈ ചിത്രം കൈകാര്യം ചെയ്യുന്നത് വാർത്തകൾ മാറിമറിയുന്നതിനെക്കുറിച്ചാണ്. സിനിമക്കു മുൻപ് അതിൽ പറയുന്ന വിഷയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുവാനും ഇത്തരം പ്രവണതയ്ക്കെതിരെയുള്ള സമരമെന്ന് നിലയ്ക്കുമാണ് വിഡിയോ പ്രചരിപ്പിച്ചതെന്നും സംവിധായകൻ വിവിയൻ രാധാകൃഷ്ണൻ പറഞ്ഞു.

ദൃശ്യങ്ങളിൽ കിണറ്റിൽ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച ഷൊർണൂർ കൂനത്തറ സ്വദേശിനി രാജലക്ഷ്മി അമ്മയുമായി എത്തിയാണ് ഇദേഹം മാധ്യമങ്ങളെ കണ്ടത്. ആലപ്പുഴ സ്വദേശിനിയായ സ്ത്രീ കിണറ്റിൽ വീണ് അപകടത്തിൽപ്പെട്ടു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചത്. സംഭവത്തിൽ സംവിധായകനെ വിമർശിച്ചും നിരവധി ആളുകൾ രംഗത്തെത്തുകയുണ്ടായി. എന്നാൽ ഈ വിഡിയോയിലൂടെ പറയാൻ ഉദ്ദേശിച്ചത് എന്താണോ അതാണ് ഇപ്പോൾ ലഭിക്കുന്ന പ്രതികരണമെന്ന് വിവിയൻ പറയുന്നു.

‘എല്ലാവരും പറയുന്നതിന്റെ പുറകിലുള്ള വികാരം എനിക്ക് മനസ്സിലാവും. ഞാനും ഈ ചതിയുടെ ഭാഗമാണ്. ഇതല്ലെങ്കിൽ വേറെ വിഡിയോ.. ഇത് തെളിയിക്കാൻ എന്നെ കൊണ്ട് സാധിച്ചു എന്നതിലും. എല്ലാരേയും ഒരു കാര്യത്തിൽ ഒരുമിപ്പിക്കാൻ സാധിച്ചതിലും ദൈവത്തിന് നന്ദി. വ്യാജ ന്യൂസിനെതിരെയുള്ള സമരം. നിങ്ങളോരുത്തരും അതിന്റെ ഭാഗമാണ്. കാലം തെളിയിക്കും.’–വിവിയൻ പറഞ്ഞു.