കുഞ്ഞിന് പേരിട്ടു; മാതാപിതാക്കൾ കോടതി കയറി

സ്വന്തം കുഞ്ഞിന് ഇഷ്ടമുള്ള പേരിട്ടാൽ കോടതി കയറേണ്ടി വരുമോ? ചിലപ്പോൾ കയറേണ്ടിവരും. ഈ നാട് ഇങ്ങനെയൊക്കെയാണ്. കുഞ്ഞിന് പേരിടുമ്പോൾ ഇവിടെ പലകാര്യങ്ങൾ ശ്രദ്ധിക്കണം. കുഞ്ഞിന് ഭാവിയിൽ യാതൊരുവിധ ബുദ്ധിമുട്ടും ആ പേരുമൂലം ഉണ്ടാവാൻ പാടില്ല എന്ന നിർബന്ധബുദ്ധിക്കാരാണ് ഫ്രാൻസുകാർ

പെൺകുഞ്ഞിന് ആൺപേരു നൽകി പുലിവാലു പിടിച്ച ഫ്രഞ്ച് ദമ്പതികളുടെ കഥയാണ്. നവംബറിൽ ജനിച്ച പെൺകുഞ്ഞിന് ലിയം എന്നാണ് ആ ദമ്പതികൾ പേരു നൽകിയത്. ആ പേരുകേട്ടാൽ കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാകുമെന്നും ആ പേരുമൂലം പെൺകുട്ടി ഭാവിയിൽ അപഹസിക്കപ്പെടുമെന്നും അത് അവളുടെ സാമൂഹിക ജീവിതത്തെത്തന്നെ മോശമായി ബാധിക്കുമെന്നും   പ്രാദേശിക ഭരണകൂടം ദമ്പതികളെ അറിയിച്ചു.

ഭാവിയിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നിലവിൽ നൽകിയ പേര് പിൻവലിക്കാനും കുറച്ചുകൂടി പെണ്ണത്തമുള്ള പേര് കുഞ്ഞിന് നൽകണമെന്നും ദമ്പതികളെ കോടതി വഴി അറിയിച്ചു. ഒടുവിൽ ജഡ്ജി തന്നെ കുഞ്ഞിനായി ഒരു പേരു തെരഞ്ഞെടുത്തു. യൂണിസെക്സ് ആയിട്ടുള്ള പേരുകൾ ഇപ്പോൾ സർവ സാധാരണമാണെങ്കിലും ഇക്കാര്യത്തിൽ ഫ്രാൻസിലെ നിയമം അൽപ്പം കടുപ്പമുള്ളതാണ്. ഇത് ആദ്യമായല്ല കോടതിയിടപെട്ട് കുഞ്ഞുങ്ങളുടെ പേര് മാറ്റിയിട്ടുള്ളത്. ന്യൂറ്റെല്ല, ഫ്രെയിസ്, മൻഹാട്ടൻ എന്നീ അസാധരണ പേരുകളുള്ള കുട്ടികളുടെ പേരുകൾ മാറ്റിയിരുന്നു.