സുഷമ സ്വരാജ് ഇടപെട്ടു; മലയാളിയെ 'ചിരിപ്പിച്ച' ബിസിനസുകാരന് ആശ്വാസമെത്തിയത് ഇങ്ങനെ

ജ്വല്ലറി ഉടമ അറ്റ്ലസ്്് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് വഴിതെളിഞ്ഞിരിക്കുന്നു. യു.എ.ഇയിലെ 22 ബാങ്കുകള്‍ അദ്ദേഹത്തിനെതിരെ നല്‍കിയിരുന്ന പരാതി പിന്‍വലിക്കുമെന്നാണ് വാര്‍ത്ത. കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നേരിട്ട് വിഷയത്തില്‍ ഇടപെട്ടതാണ് പ്രശ്നപരിഹാരത്തിന് സഹായമായത്. രാമചന്ദ്രന്‍ യു.എ.ഇയില്‍ താമസിച്ച് ബാധ്യത തീര്‍ക്കണമെന്നാണ് വ്യവസ്ഥ. 

മോചനം വൈകുന്നതിനാല്‍ രാമചന്ദ്രന്റെ ഭാര്യ ഇന്ദിര കേന്ദ്രമന്ത്രി സുഷമ സ്വരാജിന് നിവേദനം നല്‍കി. വിദേശകാര്യ മന്ത്രാലയം യു.എ.ഇ എംബസിയുമായി ബന്ധപ്പെട്ട് മോചനത്തിന്റെ വഴി തേടുകയായിരുന്നു. ഒരു ബാങ്ക് മാത്രമാണ് പരാതി പിന്‍വലിക്കാനുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ നടപടിയും പൂര്‍ത്തിയാക്കി രാമചന്ദ്രന് പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ബാങ്ക് പ്രതിനിധികള്‍ കൂടുതല്‍ ചര്‍ച്ചയ്ക്കായി അടുത്തദിവസം ഇന്ത്യയിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്.  

നിലവിലെ ബാധ്യത പൂര്‍ണമായും പരിഹരിക്കുന്നതിനുള്ള ആസ്തി രാമചന്ദ്രനുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യു.എ.ഇയില്‍ താമസിച്ച് ബാധ്യത തീര്‍ത്താല്‍ നാട്ടിലേയ്ക്ക് മടങ്ങാം. രാമചന്ദ്രന്റെ പ്രായവും മറ്റൊരിടത്തും അദ്ദേഹത്തിനെതിരെ ഒരു പരാതിയും നിലവിലില്ലാത്തതും മോചനത്തിന് വഴിതുറക്കുന്നതിന് സഹായമായി.  

കേസ് ഇങ്ങനെ

വണ്ടിച്ചെക്ക് കേസിലാണ് അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ എം.എം.രാമചന്ദ്രനു ദുബായ് കോടതി മൂന്നു വർഷം തടവ് വിധിച്ചത്. ബാങ്കുകളുടെ പരാതിയെത്തുടർന്ന് ഓഗസ്‌റ്റിൽ അറസ്‌റ്റിലായ രാമചന്ദ്രൻ ജയിലിലാണ്.

മൂന്നു കോടി ദിർഹത്തിന്റെയും 40 ലക്ഷം ദിർഹത്തിന്റെയും രണ്ടു ചെക്കുകൾ(മൊത്തം ഏകദേശം 60 കോടി രൂപ) മടങ്ങിയതു സംബന്ധിച്ചു യുഎഇ ബാങ്ക് നൽകിയ പരാതിയിലാണു സാമ്പത്തിക കുറ്റകൃത്യ കോടതിയുടെ ശിക്ഷ.  

അറ്റ്‌ലസ് ഗ്രൂപ്പ് 15 ബാങ്കുകളിൽനിന്ന് 55 കോടി ദിർഹം (ആയിരം കോടിയോളം രൂപ) വായ്‌പയെടുത്തിരുന്നു. അഞ്ചു കോടി ദിർഹത്തിന്റെ ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളാണു ദുബായിലുള്ളത്. ഇതിൽ ബാങ്ക് ഓഫ് ബറോഡ ദുബായ് ശാഖയിൽനിന്നുള്ള വായ്‌പ സംബന്ധിച്ചു റിസർവ് ബാങ്കും അന്വേഷിച്ചു. 

തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്നു ബാങ്കുകൾ യുഎഇ സെൻട്രൽ ബാങ്കിനെ സമീപിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. 

രാമചന്ദ്രന്റെ ഭാര്യ കോടതിയിലെത്തിയിരുന്നു. മൂന്നു പതിറ്റാണ്ട് മുൻപ് ആരംഭിച്ച അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ, കേരളം എന്നിവിടങ്ങളിലായി അൻപതോളം ശാഖകളുണ്ട്.

ജയിലിലായത് 2015ല്‍

2015 ഓഗസ്റ്റിലാണ് അറ്റ്്ലസ് രാമചന്ദ്രന്‍ ജയിലിലാകുന്നത്. യു.എ.ഇയിലെ വിവിധ ബാങ്കുകളിലെ പണം തിരിച്ചടവ് വൈകിയതിലൂടെ കോടികള്‍ ബാധ്യതയുണ്ടാക്കിയെന്നായിരുന്നു പരാതി. ഇരുപത്തി രണ്ട് ബാങ്കുകള്‍ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യമാണ് രാമചന്ദ്രനെതിരെ പരാതി നല്‍കിയത്. 

ഒടുവില്‍ മലയാളികളെ പരസ്യത്തിലൂടെയും സിനിമകളിലൂടെയും ഏരെ ചിരിപ്പിക്കുക കൂടി ചെയ്ത് ബിസിനസുകാരന് മോചനവഴി തെളിഞ്ഞിരിക്കുന്നു.