ആണ്ടാള്‍ ദേവിയെ ദേവദാസിയെന്ന് വിളിച്ചു; വൈരമുത്തുവിനെതിരെ കേസ്

ഹിന്ദു ദൈവമായ ആണ്ടാള്‍ ദേവിയെ ദേവദാസി എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ തമിഴ് കവി വൈരമുത്തുവിനെതിരെ കേസെടുത്തു. രാജപാളയം സൗത്ത് പൊലീസാണ് കേസെടുത്തത്. രാജപാളയത്തെ ഹിന്ദു മുന്നണി നേതാവ് സൂരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മത വികാരം വ്രണപ്പെടുത്തി എന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ജനുവരി ഏഴിന് ദിനമണി പത്രം സംഘടിപ്പിച്ച പരിപാടിയില്‍ ശ്രീരംഗം ക്ഷേത്രത്തില്‍ ജീവിച്ചു മരിച്ച ദേവദാസിയായിരുന്നു ആണ്ടാള്‍ എന്ന് വൈരമുത്തു പരാമര്‍ശിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന്, പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് പറഞ്ഞതെന്നും ഹിന്ദു സംഘടനകളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും വൈരമുത്തു വ്യക്തമാക്കിയിരുന്നു. ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്‍റ് എം.കെ.സ്റ്റാലിന്‍ വൈരമുത്തുവിന് പിന്തുണയുമായെത്തി.